ജാതി വിവേചനത്തിന്റെയും സ്ത്രീവിരുദ്ധതയുടെയും പേരില്‍ വ്യാപക വിമർശനമേറ്റു വാങ്ങുന്ന 'മനുസ്മൃതി'യെ വാഴ്ത്തി ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പ്രതിഭ എം സിങ്. മനുസ്മൃതി പോലുള്ള വേദഗ്രന്ഥങ്ങള്‍ സ്ത്രീകള്‍ക്ക് വളരെ മാന്യമായ സ്ഥാനം നല്‍കുന്നതിനാല്‍ ഇന്ത്യയിലെ സ്ത്രീകള്‍ അനുഗ്രഹിക്കപ്പെട്ടവരാണെന്നായിരുന്നു ജഡ്ജിയുടെ പരാമർശം. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച സമ്മേളനത്തിലായിരുന്നു ജസ്റ്റിസ് പ്രതിഭയുടെ പ്രസംഗം. അതേസമയം, ജഡ്ജിയുടെ പരാമർശത്തിനെതിരെ വ്യാപക വിമർശനമാണുയരുന്നത്.
ഏഷ്യന്‍ രാജ്യങ്ങള്‍ വീട്ടിലും സമൂഹത്തിലും സ്ത്രീകളെ ബഹുമാനിക്കുന്നതില്‍ മുന്നിലാണെന്നും അതിനുകാരണം നമ്മുടെ സംസ്കാരവും മതപരവുമായ പശ്ചാത്തലവുമാണെന്നും ജസ്റ്റിസ് പ്രതിഭ പറഞ്ഞു. സ്ത്രീകള്‍ ബഹുമാനിക്കപ്പെട്ടില്ലെങ്കില്‍ പ്രാർത്ഥനകള്‍ വിഫലമാണെന്ന് മനുസ്മൃതി പറയുന്നുവെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
ജോലി ചെയ്യുന്ന സ്ത്രീകള്‍ കൂട്ടുകുടുംബത്തില്‍ ജീവിക്കണമെന്നും ജസ്റ്റിസ് പ്രതിഭ ഉപദേശിച്ചു. അത്തരം കുടുംബങ്ങളിലെ പുരുഷന്മാർ പ്രായവും ബുദ്ധിയും ഉള്ളവരായതിനാല്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ഇതിനുള്ള വിശദീകരണം. 'എനിക്ക് എന്റെ സമയം വേണം','എനിക്ക് ഇത് വേണം' എന്ന് പറയുന്നത് സ്വാർത്ഥതയാണെന്നും വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാകണമെന്നും അവർ കൂട്ടിച്ചേർത്തു.
സ്ത്രീകളെ മാനസികമായും ശാരീരികമായും അടിച്ചമർത്തുന്നത് മറച്ചുവെയ്ക്കാന്‍ മനുസ്മൃതി ബോധപൂർവ്വം തെരഞ്ഞെടുക്കുന്നുആനി രാജ
നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ ജനറല്‍ സെക്രട്ടറി ആനി രാജ ജഡ്ജിക്കെതിരെ രംഗത്തെത്തി. സ്ത്രീകളെ മാനസികമായും ശാരീരികമായും അടിച്ചമർത്തുന്നത് മറച്ചുവെയ്ക്കാന്‍ മനുസ്മൃതി ബോധപൂർവ്വം തെരഞ്ഞെടുക്കുകയാണെന്ന് ആനിരാജ കുറ്റപ്പെടുത്തി. സിപിഐഎംഎല്‍ നേതാവും ആക്റ്റിവിസ്റ്റുമായ കവിതാ കൃഷ്ണനും പ്രതിഭാ സിങിന്റെ നിലപാടില്‍ വിയോജിപ്പ് അറിയിച്ചു. മനുസ്മൃതിയില്‍ പറയുന്നത് സ്ത്രീകള്‍ക്ക് മേലുള്ള നിയന്ത്രണമാണെന്നും അതിനെയൊക്കെ ബഹുമാനം എന്ന് വിളിക്കുന്നത് അസംബന്ധമാണെന്നും കവിതാ കൃഷ്ണൻ വിമർശിച്ചു.