കര്‍ണാടകയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. ചിക്കമംഗളൂരു ഉഡുപ്പി അതിര്‍ത്തിയിലുള്ള സീതംബിലു വനമേഖലയില്‍ ഇന്നലെ ആയിരുന്നു ഏറ്റുമുട്ടലുണ്ടായത്. പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. മാവോയിസ്റ്റ് മിലിറ്ററി ഓപ്പറേഷന്‍സ് മേധാവിയാണ് വിക്രം ഗൗഡ, ദക്ഷിണേന്ത്യയിലെ പ്രധാന മാവോയിസ്റ്റ് നേതാവ് കൂടിയാണ്. നേരത്തെ ചിക്കമംഗളുരു ഭാഗത്ത് വിക്രം ഗൗഡയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. 2016ല്‍ നിലമ്പൂരില്‍ നടന്ന ഏറ്റുമുട്ടലില്‍ രക്ഷപ്പെട്ട ആളാണ് വിക്രം ഗൗഡ.
അതേസമയം, വിക്രത്തിനൊപ്പമുണ്ടായിരുന്നു മൂന്നു നക്‌സലുകള്‍ കൂടി കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. എന്നാല്‍, ഇവര്‍ രക്ഷപെട്ടന്നാണ് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുണ്ട്ഗാരു ലത, ജയണ്ണ, വനജാക്ഷി എന്നിവര്‍ ആണ് രക്ഷപ്പെട്ടത്. കേരളത്തില്‍ നിന്ന് രണ്ടു മാസം മുമ്പാണ് ഇവര്‍ ഉഡുപ്പി വനമേഖലയിലേക്ക് തിരിച്ചെത്തിയതെന്നാണ് പൊലീസ് പറയുന്നത്. രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാക്കള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രദേശത്ത് കടുത്ത നിരീക്ഷണമാണ് ഒരുക്കിയിരിക്കുന്നത്. വിക്രമും സംഘവും സീതംബിലു വനമേഖലയില്‍ തമ്പടിച്ചിരിക്കുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സേന മിന്നില്‍ തിരിച്ചില്‍ നടത്തിയത്. പോലീസ് സംഘത്തിനു നേരേ മാവോയിസ്റ്റ് സംഘമാണ് ആദ്യ വെടിവച്ചതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സേന നടത്തിയ തിരിച്ചടിയിലാണ് വിക്രം കൊല്ലപ്പെട്ടത്.