മറാത്ത സംവരണ ബിൽ പാസാക്കി മഹാരാഷ്ട്ര നിയമസഭ. മുസ്ലീം സംവരണം കൊണ്ടുവരണമെന്ന സമാജ്‌വാദി പാർട്ടിയുടെ ആവശ്യം നിലനിൽക്കെയാണ് ഏകകണ്ഠമായി മറാത്ത സംവരണ ബിൽ സഭ പാസാക്കിയത്. വിദ്യാഭ്യാസ മേഖലയിലും ജോലികളിലും മറാത്ത സമുദായങ്ങളിൽ ഉൾപ്പെട്ടവർക്ക് പത്ത് ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ.
ഏകദേശം രണ്ട് കോടിയിലധികം കുടുംബങ്ങളെ ഉൾപ്പെടുത്തി നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ റിട്ട. ജസ്‌റ്റിസ് സുനിൽ ഷുക്രേ അധ്യക്ഷനായ മഹാരാഷ്ട്ര പിന്നാക്ക വിഭാഗ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബിൽ അവതരിപ്പിച്ചത്. ഇതോടെ റിസർവേഷൻ പരിധി 50 ശതമാനമായി ഉയരും.
റിപ്പോർട്ട് പ്രകാരം മഹാരാഷ്ട്രയിലെ ജനസംഖ്യയുടെ 28 ശതമാനവും മറാത്ത സമുദായമാണ്. മറാത്ത സമൂഹം അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധികളെ അഭിസംബോധന ചെയ്യുക എന്നതാണ് പുതിയ നിയമനിർമാണത്തിൻ്റെ പ്രാഥമിക ലക്ഷ്യമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു.
ദീർഘകാലമായി മഹാരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സംഭവങ്ങളായിരുന്നു മറാത്ത സംവരണത്തെ ചുറ്റിപ്പറ്റി അരങ്ങേറിയത്. ഇതിന്റെ ചൂടുപിടിച്ച് വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളും നടന്നിരുന്നു. പിന്നാലെയാണ് മറാത്ത വിഭാഗത്തിന് സംവരണം നൽകണമെന്ന റിപ്പോർട്ട് പുറത്തുവന്നത്.
അതേസമയം, പ്രത്യേക നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി വിദ്യാഭ്യാസ മേഖലയിലും സർക്കാർ ജോലികളിലും മുസ്ലീം സമുദായങ്ങൾക്ക് അഞ്ച് ശതമാനം സംവരണം നൽകണമെന്ന് ആവശ്യപ്പെട്ട് സമാജ്‌വാദി പാർട്ടി രംഗത്തെത്തിയിരുന്നു. മുസ്ലീം സമുദായങ്ങൾക്കും സംവരണ ആനുകൂല്യങ്ങൾ ലഭിക്കണമെന്ന് എംഎൽഎ റയീസ് ഷെയ്ഖ് അഭിപ്രായപ്പെട്ടു.
"മുൻ സർക്കാർ മറാത്ത സമുദായത്തിന് സംവരണം നടപ്പിലാക്കിയ അതേ ദിവസം തന്നെ വിജ്ഞാപനം പുറത്തിറക്കുകയും മുസ്ലീങ്ങൾക്ക് അഞ്ച് ശതമാനം സംവരണം ഉറപ്പാക്കുകയും ചെയ്തിരുന്നു. ഇന്ന് മറാത്ത സമുദായങ്ങൾക്ക് നീതി ലഭിക്കുന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. പക്ഷേ അതേസമയം, മുസ്ലീം സമുദായത്തെ അവഗണിക്കുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്. എല്ലാവർക്കും ഒരുപോലെ വേണം നീതി നടപ്പാക്കാൻ," റയീസ് ഷെയ്ഖ് പറഞ്ഞു.
കോൺഗ്രസ് - എൻസിപി സർക്കാരിന്റെ കാലത്ത് മുസ്ലീം വിഭാഗക്കാർക്ക് സംവരണം അനുവദിക്കുന്ന ഓർഡിനൻസ് കൊണ്ടുവന്നിരുന്നു. മഹാരാഷ്ട്രയിലെ മുസ്ലീം സമുദായത്തിൻ്റെ ജനസംഖ്യ പത്ത് ശതമാനത്തിലേറെയാണ്. 2006ലെ ജസ്റ്റിസ് രജീന്ദർ സച്ചാർ കമ്മീഷനും 2004ലെ ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മിറ്റിയും മുസ്ലീം സമുദായത്തിൻ്റെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ സ്ഥിതിവിവരക്കണക്കുകൾ ഉപയോഗിച്ച് തുറന്നുകാട്ടിയിരുന്നു. പിന്നാലെ, 2009ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ ഡോ മെഹ്മൂദൂർ റഹ്മാൻ കമ്മിറ്റി രൂപീകരിച്ചു, തുടർന്ന് വിദ്യാഭ്യാസ മേഖലയിലും സർക്കാർ ജോലികളിലും മുസ്ലീം സമുദായത്തിൽ ഉള്ളവർക്ക് എട്ട് ശതമാനം സംവരണം ശിപാർശ ചെയ്ത് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.