INDIA

വൈവാഹിക ബലാത്സംഗത്തെ 'ന്യായീകരിക്കുന്ന' കേന്ദ്രം; സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തില്‍ അവകാശമില്ലെന്ന് പറയുന്ന പുരുഷാധിപത്യ സമീപനങ്ങള്‍...

പങ്കാളിയുടെ ശരീരത്തിൻമേല്‍ ചോദ്യം ചെയ്യപ്പെടാൻ സാധിക്കാത്തത്ര അധികാരം തങ്ങള്‍ക്കുണ്ടെന്ന തെറ്റായ ബോധ്യത്തിലാണ് വൈവാഹിക ബലാത്സംഗങ്ങള്‍ സംഭവിക്കുന്നത്

ഹരികൃഷ്ണന്‍ എം

വൈവാഹിക ബലാത്സംഗം ക്രിമിനലൈസ് ചെയ്യണമെന്ന ഹർജികള്‍ക്കെതിരെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. നിയമപരമായ വിഷയത്തേക്കാള്‍ ഉപരി ഇത് സാമൂഹികമായ ഒന്നാണെന്നും അത്തരത്തില്‍ വേണം ഇത് കൈകാര്യം ചെയ്യേണ്ടതെന്നുമാണ് കേന്ദ്രത്തിന്റെ വാദം. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം, സമ്മതം എന്നിവയൊക്കെ എങ്ങനെ സാമൂഹികമായ വിഷയമാകും? വിവാഹത്തെക്കുറിച്ചും ബലാത്സംഗത്തെക്കുറിച്ചുമുള്ള ധാരണക്കുറവല്ലെ ഇതിനുപിന്നില്‍? പുരുഷാധിപത്യസമൂഹത്തിന്റെ കാഴ്ചപ്പാടില്‍ നിന്നുള്ള ഇത്തരം നിലപാടുകള്‍ തിരുത്തപ്പെടേണ്ടതല്ലെ?

എന്താണ് വൈവാഹിക ബലാത്സംഗം അല്ലെങ്കില്‍ ഭർതൃബലാത്സംഗം എന്ന് ആദ്യം തന്നെ പരിശോധിക്കാം. വിവാഹത്തിന് ശേഷം സംഭവിക്കുന്ന ബലാത്സംഗത്തെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്. അതായത്, പങ്കാളിയുടെ സമ്മതമില്ലാതെ നിർബന്ധിച്ചുള്ള ലൈംഗികാതിക്രമം.

നമ്മുടെ ചുറ്റുപാടുകള്‍ ഇതിനെ നോർമലൈസ് ചെയ്യുന്നതാണ് പലപ്പോഴും കണ്ടിട്ടുള്ളത്. സമൂഹം പലവിധ പരിവർത്തനങ്ങള്‍ക്ക് വിധേയമായപ്പോഴും വൈവാഹിക ബലാത്സംഗത്തിന്റെ കാര്യത്തില്‍ മാത്രം അങ്ങനെയൊന്ന് സംഭവിച്ചില്ലെന്ന് പറയാം. പുരുഷകേന്ദ്രീകൃതമായ വിവാഹമെന്ന ചട്ടക്കൂടിനുള്ളിലാണ് തലമുറകളായുള്ള നമ്മുടെ ജീവിതം. ഇവിടെ വിവാഹം കഴിഞ്ഞാല്‍ സ്ത്രീ പുരുഷനു സ്വന്തമെന്ന കാഴ്ചപ്പാടാണ് നിലനില്‍ക്കുന്നത്.

വിവാഹം കഴിയുന്നതോടെ സ്ത്രീയുടെ ജീവിതത്തിലെ സമ്മതം എന്ന വാക്ക് നീക്കം ചെയ്യപ്പെടുന്നു. പങ്കാളിയുടെ ശരീരത്തിൻമേല്‍ ചോദ്യം ചെയ്യപ്പെടാൻ സാധിക്കാത്തത്ര അധികാരം തങ്ങള്‍ക്കുണ്ടെന്ന തെറ്റായ ബോധ്യത്തിലാണ് വൈവാഹിക ബലാത്സംഗങ്ങള്‍ സംഭവിക്കുന്നത്. എന്നാല്‍, അത്തരത്തിലൊന്നില്ല. വിവാഹേതരബന്ധങ്ങളിലേതുപോലെ തന്നെ വിവാഹത്തിന് ശേഷവും സമ്മതത്തിന് പ്രാധാന്യമുണ്ട്. അതിനെ മറികടന്നുകൊണ്ടുള്ള ആക്രമണങ്ങള്‍ ചെറുക്കപ്പെടേണ്ടതും ചോദ്യംചെയ്യപ്പെടേണ്ടതും ശിക്ഷാർഹവുമായിരിക്കണം.

1922ല്‍ സോവിയറ്റ് യൂണിയനാണ് ആദ്യമായി വൈവാഹിക ബലാത്സംഗം കുറ്റകരമാണെന്ന് നിയമവ്യവസ്ഥയില്‍ ചേർക്കുന്നത്

വിവാഹമെന്ന ചട്ടക്കൂടിനുള്ളില്‍ സംഭവിക്കുന്നതുകൊണ്ടുതന്നെ ഇത്തരം ബലാത്സംഗത്തിന് ഇളവുകള്‍ നല്‍കുന്നതാണ് പലനിയമവ്യവസ്ഥകളും. പുരോഗമനത്തിന്റെ ഉദാഹരണമായി നാം പലപ്പോഴും വിരല്‍ചൂണ്ടുന്ന പാശ്ചാത്യരാജ്യങ്ങളില്‍ പോലും വൈവാഹിക ബലാത്സംഗം വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെടുന്നത് 1960കളിലാണ്. ഫെമിനിസ്റ്റ് മൂമെന്റിന്റെ രണ്ടാം തരംഗകാലത്ത്.

1922ല്‍ സോവിയറ്റ് യൂണിയനാണ് ആദ്യമായി വൈവാഹിക ബലാത്സംഗം കുറ്റകരമാണെന്ന് നിയമവ്യവസ്ഥയില്‍ ചേർക്കുന്നത്. പിന്നീട് പതിറ്റാണ്ടുകള്‍ വേണ്ടിവന്നു യുകെയ്ക്കും അമേരിക്കയ്ക്കുമൊക്കെ തിരിച്ചറിവുണ്ടാകാൻ. യുകെയില്‍ വൈവാഹിക ബലാത്സംഗം ക്രിമിനലൈസ് ചെയ്യുന്നത് 1991ലാണ്. അമേരിക്കയില്‍ എല്ലാ സ്റ്റേറ്റുകളിലും വൈവാഹിക ബലാത്സംഗം ക്രിമിനലൈസ് ചെയ്യപ്പെട്ടത് 1993ലുമാണ്.

ഇനി ഇന്ത്യയിലേക്ക് വരാം! സാങ്കേതികമായി ലോകം അതിവേഗം ബഹുദൂരം സഞ്ചരിക്കുമ്പോഴും ഇത്തരം കാര്യങ്ങളില്‍ ഇഴഞ്ഞുനീങ്ങുന്ന മുപ്പതോളം രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. വിവാഹത്തിന്റെ പേരില്‍ നിർബന്ധിതമായി ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുന്നത് ആർട്ടിക്കിള്‍ 14നും 21നും എതിരാണെന്ന കാര്യത്തില്‍ പലവിധ സംവാദങ്ങളും ഇതിനോടകം തന്നെ നടന്നിട്ടുണ്ട്. അതായത് വ്യക്തിസ്വാതന്ത്ര്യത്തിനും സമത്വത്തിനുമുള്ള അവകാശത്തിന് എതിരാണെന്ന്.

ഗാർഹിക പീഡനത്തില്‍ നിന്നും തൊഴിലിടത്തിലെ ലൈംഗികപീഡനത്തില്‍ നിന്നുമെല്ലാം സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ഇതുവരെ വൈവാഹിക ബലാത്സംഗം എന്ന ഗുരുതരമായ വിഷയത്തെ അഡ്രസ് ചെയ്യാൻ സംവിധാനങ്ങള്‍ തയാറായിട്ടില്ല. 2012ലെ നിർഭയ കേസിന് പിന്നാലെ ബലാത്സംഗ വിരുദ്ധ നിയമങ്ങള്‍ പരിഷ്കരിക്കാനായി ചുമതലപ്പെടുത്തിയ ജസ്റ്റിസ് ജഗ്‌ദീഷ് ശരണ്‍ വർമ കമ്മിറ്റിയാണ് വൈവാഹിക ബലാത്സംഗം ക്രിമിനലൈസ് ചെയ്യണമെന്ന് ശുപാർശ ചെയ്തത്. മുൻ സോളിസിറ്റർ ജനറല്‍ ഗോപാല്‍ സുബ്രമണ്യവും ജസ്റ്റിസ് ലൈല സേഥുമായിരുന്നു കമ്മറ്റിയിലെ മറ്റ് അംഗങ്ങള്‍.

ജസ്റ്റിസ് വർമ
വിവാഹത്തില്‍ പങ്കാളികള്‍ തമ്മില്‍ പരസ്പര ബഹുമാനവും തുല്യതയുമാണ് വേണ്ടതെന്നും ഭാര്യ ഭർത്താവിന് കീഴടങ്ങേണ്ട സാഹചര്യമല്ല ഉണ്ടാകേണ്ടതെന്നും കമ്മിറ്റി നിരീക്ഷിച്ചു.

ഇരയുമായുള്ള ബന്ധത്തിന് അതീതമായി ബലാത്സംഗം ചെയ്യുന്നയാളെ അത്തരത്തില്‍ തന്നെ കാണണമെന്ന് യൂറോപ്യൻ മനുഷ്യാവകാശ കമ്മിഷനോട് യോജിച്ചായിരുന്നു കമ്മിറ്റിയുടെ നിലപാട്. വിവാഹത്തില്‍ പങ്കാളികള്‍ തമ്മില്‍ പരസ്പര ബഹുമാനവും തുല്യതയുമാണ് വേണ്ടതെന്നും ഭാര്യ ഭർത്താവിന് കീഴടങ്ങേണ്ട സാഹചര്യമല്ല ഉണ്ടാകേണ്ടതെന്നും കമ്മിറ്റി നിരീക്ഷിച്ചു. കമ്മിറ്റിയുടെ റിപ്പോർട്ട് ചരിത്രപരമാണെന്നായിരുന്നു വിശേഷണം, എങ്കിലും കമ്മിറ്റിയുടെ ശുപാർശ പ്രകാരം വൈവാഹിക ബലാത്സംഗം ക്രിമിനലൈസ് ചെയ്യപ്പെട്ടില്ല.

പരസ്പര ബഹുമാനത്തിലും തുല്യതയിലും മുന്നോട്ടുപോകേണ്ട പങ്കാളിത്തവും ലൈംഗികബന്ധവും ബലാത്സംഗമാകുമ്പോള്‍ അത് കുറ്റകൃത്യം തന്നെയാണ്. ഇവിടെ അനിവാര്യമായത് കൃത്യമായ നിയമവ്യവസ്ഥയും. അത് ഉറപ്പുവരുത്തേണ്ട ഭരണകൂടം സാമൂഹിക കാഴ്ചപ്പാടുകളെ കൂട്ടുപിടിച്ച് കുറ്റകൃത്യത്തിന്റെ ആഴം കുറയ്ക്കാൻ ശ്രമിക്കുന്നതിനോട് യോജിക്കാനാകില്ല. സമത്വവും സ്വാതന്ത്ര്യവും അതിക്രമങ്ങള്‍ക്ക് ഇരയാകാത്ത ജീവിതവും, ഔദാര്യമല്ല അവകാശമാണ്, അത് നിഷേധിക്കാനും നിസാരവല്‍ക്കരിക്കാനുമാകില്ല, വൈകിപ്പിക്കുന്നത് അനീതിയാകും!

വഖഫ് ബിൽ: സംയുക്ത പാർലമെന്ററി യോഗത്തിൽ ഏറ്റുമുട്ടി തൃണമൂൽ-ബിജെപി എംപിമാർ, ചില്ലുകുപ്പി അടിച്ചുടച്ച് കല്യാൺ ബാനർജി; സസ്പെൻഷൻ

ആന്റണി ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനത്തിന് മണിക്കൂറുകൾ മുൻപ് ഹിസ്‌ബുള്ള ആക്രമണം; ഭാവിയെന്തെന്നറിയാതെ പശ്ചിമേഷ്യ

സെബിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് ആരോപണം: 'കുറ്റകരമായ ഒന്നും കണ്ടെത്താനായില്ല', മാധബി ബുച്ചിനെതിരെ നടപടി ഉണ്ടാകില്ല

2034 ഫുട്ബോള്‍ ലോകകപ്പിനൊരുങ്ങുന്ന സൗദി; അറബ് രാജ്യത്തെ തൊഴില്‍ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഫിഫ അവഗണിക്കുന്നതായി ആരോപണം

'ഞാൻ കലൈഞ്ജറുടെ കൊച്ചുമകൻ, മാപ്പുപറയില്ല'; സനാതന ധർമ പരാമർശത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ഉദയനിധി