INDIA

ടിസ് ക്യാമ്പസുകളിൽ അപ്രതീക്ഷിത കൂട്ടപിരിച്ചുവിടൽ; ജോലി നഷ്ടമായത് നൂറിലധികം കരാർ ജീവനക്കാർക്ക്

പെട്ടെന്ന് നോട്ടീസ് പീരീഡ് പോലും നൽകാതെയാണ് നിലവിലെ നടപടികളെന്നും അഡ്മിഷൻ ജോലികളുമായി മുന്നോട്ടുപോകുമ്പോൾ പെട്ടെന്നാണ് വിവരം അറിഞ്ഞതെന്നും അധ്യാപകർ പറയുന്നു

വെബ് ഡെസ്ക്

അധ്യാപക-അനധ്യാപക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (ടിസ്). 55 അധ്യാപകരെയും അറുപതിനടുത്ത് അനധ്യാപക ജീവനക്കാരെയുമാണ് ടിസ് വെള്ളിയാഴ്ച പുറത്താക്കിയത്. ടിസിൻറെ വിവിധ ക്യാമ്പസുകളിലായി ഒരു ദശാബ്ദത്തിലേറെ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്തിരുന്നവരും പുറത്താക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. അവരുടെ ശമ്പളം നൽകുന്ന ടാറ്റ എജ്യുക്കേഷൻ ട്രസ്റ്റിൽനിന്ന് ഗ്രാന്‍ഡ് ലഭിക്കാത്തതാണ് പിരിച്ചുവിടലിന് കാരണമായി ടിസ് അധികൃതർ പറയുന്നത്. നടപടിയെ അപലപിച്ച് ടിസ്സിലെ വിദ്യാർഥികളുടെ കൂട്ടായ്മയായ പ്രോഗ്രസിവ് സ്റ്റുഡന്റസ് ഫോറം കഴിഞ്ഞദിവസംതന്നെ രംഗത്തെത്തിയിരുന്നു.

പിരിച്ചുവിട്ട അധ്യാപകരിൽ 20 പേർ മുംബൈ, 15 പേർ ഹൈദരാബാദ്, 14 പേർ ഗുവാഹത്തി, ആറുപേർ തുൾജാപൂർ എന്നീ ക്യാമ്പസുകളിൽ നിന്നുള്ളവരാണ്. 2023 ജൂണിലാണ്, കേന്ദ്രത്തിൽനിന്ന് 50 ശതമാനത്തിലധികം ധനസഹായം സ്വീകരിക്കുന്ന മറ്റ് കൽപ്പിത സർവകലാശാലകൾക്കൊപ്പം ടിസ്സിനെ കേന്ദ്ര സർക്കാരിൻ്റെ നിയമന പരിധിയിൽ കൊണ്ടുവന്നത്. അതിനുപിന്നാലെ നടത്തിയ കൂട്ടപിരിച്ചുവിടലിന് പക്ഷേ അതുമായി ബന്ധമൊന്നുമില്ലെന്നാണ് ടിസ് അധികൃതരുടെ വാദം. യുജിസി സ്ഥിരം ഫാക്കൽറ്റികളല്ലാത്തവരെയാണ് നിലവിൽ പുറത്താക്കിയിരിക്കുന്നത്.

കരാർ ജീവനക്കാരുടെ ശമ്പള ആവശ്യങ്ങൾക്കായി ടാറ്റ എജ്യുക്കേഷൻ ട്രസ്റ്റിൽ നിന്നുള്ള ഗ്രാന്‍ഡ് അനുവദിക്കുന്നതിന് നിരവധി ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടില്ലെന്നാണ് ടിസ് രജിസ്ട്രാർ അനിൽ സുടാർ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, തങ്ങളുടെ വാർഷിക കരാർ 2024 മെയ് മാസം അവസാനിച്ചെങ്കിലും, ഈ മാസമാദ്യം ടാറ്റ ട്രസ്റ്റ് ഫണ്ടിങ് പുതുക്കുന്നതുവരെ ജോലിയിൽ തുടരാൻ അഭ്യർഥിച്ച് മെയിൽ അയച്ചിരുന്നുവെന്ന് 11 വർഷമായി ജോലിചെയ്യുന്ന ടിസ് ഗുവാഹത്തി ക്യാമ്പസിൽനിന്ന് പിരിച്ചുവിടപ്പെട്ട അധ്യാപകൻ പറയുന്നു. എന്നാൽ പെട്ടെന്ന് നോട്ടീസ് പീരീഡ് പോലും നൽകാതെയാണ് നിലവിലെ നടപടികളെന്നും അഡ്മിഷൻ ജോലികളുമായി മുന്നോട്ടുപോകുമ്പോൾ പെട്ടെന്നാണ് വിവരം അറിഞ്ഞതെന്നും അദ്ദേഹം പ്രതികരിച്ചു.

വിഷയം ചർച്ച ചെയ്യാൻ ശനിയാഴ്ച ടിസ് ടീച്ചേഴ്സ് അസോസിയേഷൻ അടിയന്തര യോഗം ചേർന്നിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പറയുന്നതനുസരിച്ച്, കഴിഞ്ഞ ആറ് മാസത്തിനിടെ ടാറ്റ എജ്യുക്കേഷൻ ട്രസ്റ്റിനെ ഗ്രാന്‍ഡിനായി നിരവധി തവണ സമീപിച്ചു. ഗ്രാന്‍ഡുകൾ തുടരുന്നതിനുള്ള പ്രൊപോസൽ ആവശ്യപ്രകാരം അധികൃതർ ട്രസ്റ്റിന് സമർപ്പിക്കുകയും ചെയ്തു. ശമ്പള ഗ്രാന്‍ഡുകൾ അവസാനിപ്പിക്കുന്നുവെന്ന് യാതൊരു അറിയിപ്പും അവരുടെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ല എന്നും അധികൃതർ പറയുന്നു. സ്ഥാപനം ഇതിനകം ടാറ്റ എജ്യുക്കേഷൻ ട്രസ്റ്റിന് കത്തെഴുതിയി ട്ടുണ്ടെന്നും ഗ്രാന്‍ഡുകൾ ലഭിക്കുകയാണെങ്കിൽ പിരിച്ചുവിട്ട നടപടി പിൻവലിക്കാമെന്നും അതിനായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ആക്ടിങ് വൈസ് ചാൻസലർ പ്രൊഫ മനോജ് തിവാരി പറഞ്ഞു.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി