പാര്‍ട്ടി വിട്ട ഗുലാം നബി ആസാദിന് പിന്തുണയുമായി ജമ്മു കശ്മീർ കോൺഗ്രസിൽ കൂട്ട രാജി. ജമ്മു കശ്‍മീർ മുൻ ഉപ മുഖ്യമന്ത്രി താരാചന്ദ് ഉൾപ്പെടെ 60 ഓളം കോൺഗ്രസ് നേതാക്കൾ ചൊവ്വാഴ്ച രാജി വെച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ജമ്മുവിലെ വിവിധ പ്രവിശ്യകളിലുള്ള നേതാക്കളും മുന്‍ ജനപ്രതിനിധികളുമായ 64 പേരാണ് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് സംയുക്ത രാജിക്കത്ത് സമർപ്പിച്ചത്. മുൻ മന്ത്രിമാരായ അബ്ദുൽ മജീദ് വാനി, മനോഹർ ലാൽ ശർമ്മ, ഘരു റാം എന്നിവരും രാജിവെച്ച നേതാക്കളിൽ ഉൾപ്പെടുന്നതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
നിർഭാഗ്യവശാൽ കോൺഗ്രസ് പാർട്ടി ഞങ്ങളെ അപമാനിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.കോൺഗ്രസ് മുൻ എംഎൽഎ ബൽവാൻ സിങ്
"ഞങ്ങൾക്കെല്ലാം കോൺഗ്രസുമായി വർഷങ്ങളുടെ ബന്ധമുണ്ടായിരുന്നു. ജമ്മു കശ്‍മീരിൽ കോൺഗ്രസ് പാർട്ടി വിപുലീകരിക്കുന്നതിനു വേണ്ടി കഠിന പ്രയത്നം ചെയ്തവരാണ് ഞങ്ങൾ. എന്നാൽ നിർഭാഗ്യവശാൽ കോൺഗ്രസ് പാർട്ടി ഞങ്ങളെ അപമാനിക്കുന്ന സമീപനമാണ് സ്വീകരിച്ചത്." - കോൺഗ്രസ് മുൻ എംഎൽഎ ബൽവാൻ സിങ് രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിനിടെ പറഞ്ഞു.
തിങ്കളാഴ്ച ജമ്മു കശ്മീർ നിയമസഭയുടെ മുൻ ഡെപ്യൂട്ടി സ്പീക്കർ ഗുലാം ഹൈദർ മാലിക് ഉൾപ്പെടെ നാലു കോൺഗ്രസ് നേതാക്കളും ദോഡയിൽ നിന്നുള്ള അപ്നി പാർട്ടിയുടെ പന്ത്രണ്ട് പ്രവർത്തകരും രാജിവെച്ച് ഗുലാം നബി ആസാദിന് പിന്തുണ അറിയിച്ചിരുന്നു. കൂടാതെ ജമ്മു കശ്‍മീരിലെ മുൻ എംഎൽഎമാരായ ജിഎം സറൂരി, ഹാജി അബ്ദുൽ റഷീദ്, മുഹമ്മദ് അമീൻ ഭട്ട്, ഗുൽസാർ അഹമ്മദ് വാനി, ചൗധരി മുഹമ്മദ് അക്രം എന്നിവരും കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു.
ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന കോണ്‍ഗ്രസിന്, ആസാദിനൊപ്പം മറ്റു പ്രവര്‍ത്തകരുടെ രാജി കടുത്ത തിരിച്ചടിയാണ്
ആഗസ്റ്റ് 26നാണ് അമ്പത് വർഷത്തെ ബന്ധം അവസാനിപ്പിച്ച് ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്നും രാജി വെച്ചത്. രാഹുൽഗാന്ധിയ്ക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചായിരുന്നു അദ്ദേഹത്തിന്റെ പടിയിറക്കം. രാഹുൽ ഗാന്ധിക്ക് പക്വതയില്ലെന്നും കോണ്‍ഗ്രസിനെ നശിപ്പിച്ചെന്നുമായിരുന്നു പ്രധാന ആരോപണം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ മുൻനിർത്തിക്കൊണ്ട് രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ പേഴ്സണൽ അസ്സിസ്റ്റന്റുകളും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് തീരുമാനങ്ങൾ എടുക്കുന്നത്. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയ പ്രഹസനമാണെന്നും ആസാദ് ആരോപിച്ചിരുന്നു. രാജി വെച്ചതിനു പിന്നാലെ, പുതിയ പാർട്ടി രൂപീകരിക്കുമെന്നും ആദ്യ യൂണിറ്റ് ജമ്മുവിൽ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന കോണ്‍ഗ്രസിന്, ആസാദിനൊപ്പം മറ്റു പ്രവര്‍ത്തകരുടെ രാജി കടുത്ത തിരിച്ചടിയാണ്. സംസ്ഥാന പദവി നീക്കിയതിനു പിന്നാലെ, കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് 2022 അവസാനമാണ് നടക്കേണ്ടിയിരുന്നത്. എന്നാൽ അതിര്‍ത്തി പുനര്‍നിര്‍ണയവും അന്തിമ വോട്ടര്‍ പട്ടികയും ഇതുവരെ പൂർത്തിയായിട്ടില്ല. അതിനാല്‍, തിരഞ്ഞെടുപ്പ് സമയക്രമവും പ്രഖ്യാപിച്ചിട്ടില്ല.