INDIA

അനധികൃത പടക്കനിർമാണശാലയിൽ സ്ഫോടനം; പശ്ചിമബംഗാളിൽ എട്ട് മരണം

വെബ് ഡെസ്ക്

പശ്ചിമബംഗാൽ പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേർ മരിച്ചു. ആറ് പേര്‍ക്ക് പരുക്കേറ്റു. നോര്‍ത്ത് 24 പര്‍ഗാനസിലെ ദുട്ടപുകുരിലെ അനധികൃത പടക്ക നിർമാണശാലയിലാണ് സ്‌ഫോടനമുണ്ടായത്.

അപകടത്തില്‍ ഫാക്ടറി പൂര്‍ണമായി കത്തി നശിച്ചിട്ടുണ്ട്

രാവിലെ 10.40 ഓടെയാണ് ഇരുനില കെട്ടിടത്തിൽ പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തില്‍ പരുക്കേറ്റവരെ ബരാസത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വീടിനോട് ചേര്‍ന്ന് അനധികൃതമായാണ് പടക്കനിര്‍മാണശാല പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തില്‍ ഫാക്ടറി പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. അപകടം നടന്ന പ്രദേശം പടക്കങ്ങള്‍ ഉണ്ടാക്കുന്ന മേഖല അല്ലെന്നും സംഭവസ്ഥലം സന്ദര്‍ശിക്കുമെന്നും സംസ്ഥാന ഭക്ഷ്യവകുപ്പ് മന്ത്രി രതിന്‍ ഘോഷ് അറിയിച്ചു.

ശക്തമായ സ്‌ഫോടനത്തെത്തുടര്‍ന്ന് സമീപത്തെ പല കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ ഉണ്ടായതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരണസംഖ്യ ഉയർന്നേക്കുമെന്ന ആശങ്കയും ശക്തമാണ്. '' സ്‌ഫോടനം നടന്ന കെട്ടിടത്തിൽ ധാരാളം പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നു. സാധാരണയായി ഇത് പടക്കങ്ങള്‍ നിര്‍മിക്കുന്ന മേഖലയല്ല. ഇവിടെ നിന്ന് കുറച്ച് അകലെയുള്ള നില്‍ഗഞ്ചിലെ നാരായണ്‍പൂരാണ് പ്രധാന പടക്ക നിര്‍മാണ കേന്ദ്രം. നാരായണ്‍പൂരിലെ പടക്കനിര്‍മാണ ശാലകളെല്ലാം പോലീസ് അടച്ചു പൂട്ടിയിട്ടുണ്ട്,'' രതിൻ ഘോഷ് പറഞ്ഞു.

പശ്ചിമബംഗാളിൽ ഇതിനുമുന്‍പും സമാനമായ സംഭവങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ട്. മേയ് മാസത്തില്‍ മിട്‌നാപൂര്‍ ജില്ലയിലെ ഏഗ്രയില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒന്‍പത് പേര്‍ മരിക്കുകയും ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മേയില്‍ തന്നെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ നോഡാഗാലിയിലുണ്ടായ മറ്റൊരു സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. നിരവധി സ്‌ഫോടനങ്ങള്‍ ഉണ്ടായതിന് പിന്നാലെ വ്യാവസായിക കേന്ദ്രങ്ങളില്‍ മാത്രമേ പടക്കം നിര്‍മിക്കാന്‍ പാടുള്ളൂ എന്ന പുതിയ നയം സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ഇത്തരം അനധികൃത യൂണിറ്റുകളെക്കുറിച്ച് അന്വേഷിക്കാന്‍ മേയ് 22ന് സംസ്ഥാന ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും