കൊൽക്കത്തയ്ക്ക് പിന്നാലെ ലൈംഗികപീഡനത്തെ തുടർന്നുള്ള പ്രതിഷേധങ്ങളിൽ മുങ്ങി മഹാരാഷ്ട്ര. മഹാരാഷ്ട്ര താനെയിലെ പ്രശസ്തമായ ഒരു സ്കൂളിൽ നാല് വയസുള്ള നഴ്‌സറി വിദ്യാർത്ഥിനികൾ പീഡനത്തിന് ഇരയായതായാണ് പ്രതിഷേധത്തിന് കാരണമായത്. സ്കൂളിലെ സ്വീപ്പർ ആണ് പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയത്. പ്രതിഷേധക്കാർ ബദ്‌ലാപൂർ റെയിൽവേ സ്റ്റേഷനിൽ തടിച്ച് കൂടുകയും ലോക്കൽ ട്രെയിനുകളും ട്രക്കുകളും തടയുകയും ചെയ്തു.
"ബദ്‌ലാപൂരിലെ ഒരു സ്കൂളിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധക്കാർ പ്രക്ഷോഭം നടത്തുകയും, ബദ്‌ലാപൂർ റെയിൽവേ സ്റ്റേഷനിൽ ലോക്കൽ ട്രെയിനുകൾ തടയുകയും ചെയ്തു," സിപിആർഒ സെൻട്രൽ റെയിൽവേ പറഞ്ഞു. പ്രതിഷേധങ്ങൾ കാരണം 10 ദീർഘദൂര ട്രെയിനുകൾ ഇതര റൂട്ടുകളിലൂടെ തിരിച്ച് വിട്ടു. അംബർനാഥ്, കർജാത്ത് സ്റ്റേഷനുകൾക്കിടയിലുള്ള ലോക്കൽ ട്രെയിൻ സർവീസുകൾ രാവിലെ 10:10 മുതൽ നിർത്തിവെച്ചിരിക്കുകയാണ്.
കഴിഞ്ഞാഴ്ചയാണ് സ്കൂളിൽ നടന്ന സംഭവങ്ങൾ പുറത്തറിഞ്ഞത്. പ്രതിഷേധക്കാർ സ്കൂൾ നശിപ്പിക്കുകയും ബദ്‌ലാപൂർ റെയിൽവേസ്റ്റേഷനിൽ കല്ലെറിയുകയും ചെയ്തതോടെയാണ് പ്രതിഷേധം അക്രമാസക്തമായതെന്ന് പോലീസ് പറഞ്ഞു. അതേസമയം കേസ് അടിയന്തരമായും കാര്യക്ഷമമായും കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ താനെ പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.കൂടാതെ, വിദ്യാർത്ഥിനികളെ പിന്തുണക്കുന്നതിനും സംരഷിക്കുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ള സഖി സാവിത്രി കമ്മിറ്റികൾ സ്കൂളുകളിൽ സ്ഥാപിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആഗസ്ത് 18നാണ് സംഭവം അറിഞ്ഞ് രക്ഷിതാക്കൾ പരാതി നൽകിയത്.
"ബദ്‌ലാപൂരിലെ സംഭവം ഞാൻ ഗൗരവമായി എടുത്തിട്ടുണ്ട്. വിഷയം അന്വേഷിക്കാൻ എസ്ഐടി രൂപീകരിച്ചിട്ടുണ്ട്. സംഭവം നടന്ന സ്‌കൂളിനെതിരെയും ഞങ്ങൾ നടപടിയെടുക്കാൻ പോകുകയാണ്. ഈ കേസ് വേഗത്തിലാക്കാനുള്ള പ്രക്രിയയിലാണ് ഞങ്ങൾ. കൂടാതെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ആരെയും വെറുതെ വിടില്ല. താനെ പോലീസ് കമ്മീഷണറുമായി സംസാരിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് വേഗത്തിലാക്കാനും പ്രതികൾക്കെതിരെ ബലാത്സംഗശ്രമം, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണം (പോക്‌സോ) ആക്‌ട് എന്നിവ പ്രകാരം കേസെടുക്കാനും ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്," ചൊവ്വാഴ്ച എഎൻഐയോട് സംസാരിക്കവെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു.
സ്കൂളിൽ പുതുതായി എത്തിയ സ്വീപ്പറാണ് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചത്. 24 കാരനായ പ്രതിയെ ശനിയാഴ്ച തന്നെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അന്വേഷണത്തിൽ തൃപ്തരല്ലെന്ന് പെൺകുട്ടികളുടെ മാതാപിതാക്കൾ അറിയിച്ചിരുന്നു. പരാതി നൽകി 12 മണിക്കൂറിലേറെ കഴിഞ്ഞാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും ജില്ലാ വനിതാ ശിശുക്ഷേമ വകുപ്പിൻ്റെ ഇടപെടലിന് ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും അവർ അവകാശപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട പ്രിൻസിപ്പൽ, ക്ലാസ് ടീച്ചർ, വനിതാ അറ്റൻഡർ തുടങ്ങിയവരെ സ്കൂൾ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.