ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നരോദ ഗാം കൂട്ടക്കൊലക്കേസിലെ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കിയതിന് പിന്നാലെ മുൻമന്ത്രി മായാ കൊഡ്‌നാനിയ്ക്ക് സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്താമെന്ന് ബിജെപി. മുൻമന്ത്രി മായാ കൊഡ്‌നാനിയടക്കം 68 പേരെ കഴിഞ്ഞ ദിവസമാണ് അഹമ്മദാബാദ് സപെഷ്യൽ കോടതി കുറ്റവിമുക്തരാക്കിയത്. പ്രതിപ്പട്ടികയിലെ ഏക മന്ത്രിയായിരുന്നു മായാ കൊഡ്‌നാനി.
1990കളുടെ തുടക്കത്തിൽ ബിജെപിയുടെ സജീവ പ്രവർത്തകയായിരുന്ന കൊഡ്നാനി ഗൈനക്കോളജിസ്‌റ്റ് ആയിരുന്നു. അഹമ്മദാബാദിൽ മഹിളാ മോർച്ച പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന അവർ 1995-ൽ അഹമ്മദാബാദ് മുനിസിപ്പൽ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി.
1998-ൽ അഹമ്മദാബാദിലെ നരോദ മണ്ഡലത്തിൽനിന്ന് ഗുജറാത്ത് നിയമസഭയിലെത്തി. കോൺഗ്രസ് സ്ഥാനാർത്ഥിയെ 74,500-ലധികം വോട്ടിനാണ് പരാജയപ്പെടുത്തിയത്. 2002ൽ മണ്ഡലം ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് നിലനിർത്തി. 2007-ൽ 1.80 ലക്ഷത്തിലധികം വോട്ടിനായിരുന്നു വിജയം. മൂന്നാം തവണ നരേന്ദ്ര മോദി സർക്കാരിന്റെ മന്ത്രിസഭയിൽ വനിതാ-ശിശു വികസന, ഉന്നത വിദ്യാഭ്യാസ സഹമന്ത്രിയായി.
എന്നാൽ, നരോദ പാട്യയിലും നരോദ ഗാമിലും നടന്ന കൂട്ടക്കൊലപാതകങ്ങളിലെ പങ്ക് കൊഡ്നാനിയുടെ രാഷ്ട്രീയ ജീവിതം തന്നെ പാടേ മാറ്റിമറിച്ചു. 2002 ഫെബ്രുവരി 28 ന് അഹമ്മദാബാദ് നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ രണ്ട് കൂട്ടക്കൊലകളായിരുന്നു അവ. അഹമ്മദാബാദിലെ നരോദാ ഗാം മേഖലയിലെ മുസ്ലീം മഹോല്ല, കുഭർവാസ് എന്നിവിടങ്ങളിൽ 2002 ഫെബ്രുവരി 28 നാണു കലാപമുണ്ടായത്. വീടിന് തീവെച്ചതിനെത്തുടർന്ന് 11 മുസ്ലീങ്ങൾ കൊല്ലപ്പെട്ടു. അതേ ദിവസം തന്നെ തൊട്ടടുത്തുളള നരോദ പാട്യയിൽ ഹിന്ദു വർഗീയവാദികൾ കലാപം നടത്തുകയും അതിൽ 97 പേർ കൊല്ലപ്പെടുകയുമുണ്ടായി.
രണ്ട് കേസുകളിലും കൊഡ്നാനിക്കെതിരെ കൊലപാതകം, കൊലപാതകശ്രമം, ക്രിമിനൽ ഗൂഢാലോചന അടക്കമുളള ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. നരോദ പാട്യ കേസിൽ 2009 മാർച്ച് 27 ന് ഗുജറാത്ത് ഹൈക്കോടതി കൊഡ്നാനിയുടെ മുൻകൂർ ജാമ്യം തള്ളി. ഗോധ്രയിൽ സബർമതി എക്‌സ്പ്രസിന് തീപിടിത്തത്തിന് പിന്നാലെ ഗുജറാത്തിൽ അരങ്ങേറിയ ഒൻപത് കലാപങ്ങളും അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ സുപ്രീം കോടതി നിയോഗിച്ചിരുന്നു. തുടർന്ന് അവർ മന്ത്രി സ്ഥാനം രാജിവച്ചു.
2012 ഓഗസ്റ്റിൽ, നരോദ പാട്യ കേസിൽ കൊഡ്നാനി അടക്കമുളള 30 പേരെയും പ്രത്യേക വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. വിധിക്കെതിരെ കൊഡ്നാനി ഗുജറാത്ത് ഹൈക്കോടതിയിൽ അപ്പീൽ നൽകി. തുടർന്ന് 2018 ഏപ്രിലിൽ, ജസ്റ്റിസുമാരായ ഹർഷ ദേവാനിയും എഎസ് സുപെഹിയയും അടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കൊഡ്നാനിയെയും മറ്റ് 17 പേരെയും വെറുതെവിട്ടിരുന്നു.