പ്രാദേശിക ഭാഷകളിൽ വൈദ്യശാസ്ത്രം പഠിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഭാഷകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉന്നതാധികാര സമിതി ദേശീയ മെഡിക്കൽ കമ്മീഷന് (എൻഎംസി) ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ കൈമാറി. മെഡിക്കൽ വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങൾ ഹിന്ദിയിൽ പുറത്തിറക്കാനുള്ള നടപടികൾ മധ്യപ്രദേശിൽ തകൃതിയായി നടക്കുന്നതിനിടെയാണ് പുതിയ നീക്കം. ഹിന്ദിയിലും മറ്റ് പ്രാദേശിക ഭാഷകളിലും മെഡിക്കൽ സിലബസ് തയ്യാറാക്കുന്നത് സംബന്ധിച്ച് സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ, മെഡിക്കൽ സർവകലാശാലകൾ, കോളേജ് അധ്യാപകർ എന്നിവരുൾപ്പെടെയുള്ളവരുമായി ചർച്ചകളും ആരംഭിച്ചിട്ടുണ്ട്.
എംജിആർ മെഡിക്കൽ സർവകലാശാല വൈസ് ചാൻസലർ സുധ ശേഷയ്യൻ ഇതിനോടകം തന്നെ വൈദ്യപഠനവുമായി ബന്ധപ്പെട്ട പദങ്ങള്‍ തമിഴിലേക്ക് മൊഴി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചതായി എൻഎംസി കമ്മിറ്റി ചെയർമാൻ ചാമു കൃഷ്ണ ശാസ്ത്രി പറഞ്ഞു. ഹിന്ദിയിലുള്ള ആദ്യത്തെ എംബിബിഎസ് സിലബസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഞായറാഴ്ച പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
"ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികൾക്കായി ശരീരഘടനാ ശാസ്ത്രം (ANATOMY), ബയോ കെമിസ്ട്രി, ശരീരശാസ്ത്രം എന്നീ വിഷയങ്ങളിൽ മധ്യപ്രദേശ് സര്‍ക്കാര്‍ ഹിന്ദിയിൽ പാഠപുസ്തകങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. മറ്റുള്ള പുസ്തകങ്ങളും ഉടൻ ഹിന്ദിയിലേക്ക് മൊഴിമാറ്റും." ശാസ്ത്രി പറഞ്ഞു. പഠിപ്പിക്കുന്നത് ഇംഗ്ലീഷിൽ തന്നെ തുടരുമെങ്കിലും വേണ്ടവർക്ക് പ്രാദേശിക ഭാഷയിലും പഠിക്കാനുള്ള അവസരമുണ്ടാകും.
പ്രാദേശിക ഭാഷയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് ഇംഗ്ലീഷിൽ പഠിക്കേണ്ടി വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നതാണ് പ്രാദേശിക ഭാഷയിലേക്കു മാറാനുള്ള ന്യായമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഈ തീരുമാനം കുട്ടികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന് ഡോക്ടർമാരുടെ സംഘടനയായ എഫ്എഐഎംഎയുടെ അധ്യക്ഷന്‍ ഡോ. രോഹൻ കൃഷ്ണൻ അഭിപ്രായപ്പെട്ടു. വൈദ്യശാസ്ത്ര പഠനം അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് വേണമെന്നും പ്രാദേശിക ഭാഷയിലേക്ക് മാറ്റുമ്പോൾ വിദേശ രാജ്യങ്ങളിലേക്ക് ഉന്നത പഠനത്തിന് പോകുന്നവർക്കെല്ലാം ബുദ്ധിമുട്ടുകൾ നേരിടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
എംബിബിഎസ് പഠനം ഹിന്ദിയിലാക്കുന്നത് പിന്തിരിപ്പൻ നിലപാടാണെന്ന് മറ്റ് ചില ഡോക്ടർമാരും പ്രതികരിച്ചു. "മൊഴിമാറ്റത്തിന്റെ അടിസ്ഥാനം തീവ്ര ദേശീയതയാണ്. സംസ്കൃതത്തിലേക്ക് മൊഴി മാറ്റുകയാണ് ഇനി നടക്കാൻ പോകുന്നത്. രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി ഇംഗ്ലീഷ് ദേവനാഗരി ലിപിയിൽ എഴുതുന്നതിൽ എന്താണ് ഔചിത്യം" റസിഡന്റ് ഡോക്ടർസ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറി ഡോ, ഫർകുവാൻ അഹ്മദ് ട്വീറ്റ് ചെയ്തു.