കശ്മീരില്‍ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് നിര്‍ത്തിവച്ച ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചപ്പോള്‍ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയും ഭാഗമായി. അവന്തിപൂരിയില്‍ നിന്ന് പാംപോറിലേയ്ക്ക് 20 കിലോമീറ്റര്‍ യാത്രയ്ക്കാണ് ഇന്ന് തുടക്കമായത്. രാഹുല്‍ ഗാന്ധി പുല്‍വാമയില്‍ ആദരമർപ്പിച്ചു. 2019ല്‍ ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ കാർ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സിആർപിഎഫ് ജവാന്മാർക്ക് ആദരമർപ്പിച്ച് പുഷ്പാർച്ചന നടത്തി.
വന്‍ സുരക്ഷാ സന്നാഹങ്ങളോടെയാണ് യാത്രാ മുന്നോട്ടുപോകുന്നത്. കഴിഞ്ഞ ദിവസത്തെ സുരക്ഷാ വീഴ്ചകളുടെ പശ്ചാത്തലത്തിലാണ് സുരക്ഷാ ക്രമീകരണങ്ങളൊരുക്കിയിരിക്കുന്നത്. യാത്ര കടന്നുപോകുന്ന റോഡിന് ഇരുവശത്തും ജമ്മു കശ്മീര്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. റോഡിന് ചുറ്റും വടംകൊണ്ട് വലയം സൃഷ്ടിച്ച് അതിനുള്ളില്‍ സിആര്‍പിഎഫിന്റെ സുരക്ഷയുയോടെയാണ് യാത്ര പുനരാരംഭിച്ചത്.
യാത്രയ്ക്കും സമാപന സമ്മേളനത്തിനും സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ അമിത് ഷായ്ക്ക് കത്തയച്ചിരുന്നു
യാത്രയ്ക്കും സമാപന സമ്മേളനത്തിനും മതിയായ സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. അടുത്ത രണ്ട് ദിവസങ്ങളിലും ജനുവരി 30 ന് ശ്രീനഗറില്‍ നടക്കുന്ന ചടങ്ങിലും വലിയ ജനക്കൂട്ടത്തെയാണ് പ്രതീക്ഷിക്കുന്നതെന്നും നിരവധി മുതിര്‍ന്ന നേതാക്കള്‍ യാത്രയുടെ ഭാഗമാകുമെന്നും പരിപാടി അവസാനിക്കുന്നത് വരെ മതിയായ സുരക്ഷ ഒരുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നായിരുന്നു കത്ത്.
വലിയ സുരക്ഷാ വീഴ്ചയാണ് യാത്രയിലുണ്ടായതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു
മുന്നറിയിപ്പില്ലാതെ സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഇരച്ചുകയറിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാതിരുന്നതോടെയാണ് വെള്ളിയാഴ്ചയാണ് യാത്ര താത്കാലികമായി നിർത്തിവച്ചത്. വലിയ സുരക്ഷാ വീഴ്ചയാണ് യാത്രയിലുണ്ടായതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.