മെഹബൂബ മുഫ്തി 
INDIA

ഔദ്യോഗിക വസതി ഒഴിയണം; മെഹബൂബ മുഫ്തിക്ക് 'കുടിയിറക്കല്‍' നോട്ടീസ്

2019ല്‍ ജമ്മു കാശ്മീരിനുള്ള പ്രത്യേക ഭരണഘടനാ പദവി എടുത്തുമാറ്റിയതിനൊപ്പം, മുന്‍ മുഖ്യമന്ത്രിമാരുടെ പ്രത്യേക അവകാശങ്ങളും റദ്ദാക്കിയിരുന്നു

വെബ് ഡെസ്ക്

ഔദ്യോഗിക വസതി ഒഴിയണമെന്ന് മുന്‍ മുഖ്യമന്ത്രിയും പീപ്പിള്‍ ഡെമോക്രാറ്റിക് നേതാവുമായ മെഹബൂബ മുഫ്തിക്ക് ജമ്മു കാശ്മീര്‍ സര്‍ക്കാരിന്റെ നോട്ടീസ്. ഗുപ്കറിലെ അതീവ സുരക്ഷാ മേഖലയിലുള്ള ഫെയര്‍ വ്യൂ ബംഗ്ലാവ് എത്രയും വേഗം ഒഴിയണമെന്നാണ് എസ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചിരിക്കുന്നത്. ഔദ്യോഗിക വസതിക്കു പകരം സര്‍ക്കാര്‍ മറ്റൊരു താമസ സൗകര്യം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജമ്മു കാശ്മീരില്‍ കാലാവധിക്കുശേഷവും മുഖ്യമന്ത്രിമാര്‍ക്ക് താമസിക്കാന്‍ ഔദ്യോഗിക വസതി ലഭ്യമാക്കിയിരുന്നു.

നോട്ടീസ് ലഭിച്ച കാര്യം മുഫ്തിയും സ്ഥിരീകരിച്ചിട്ടുണ്ട്. 'ഫെയര്‍ വ്യൂവില്‍ നിന്ന് പുറത്താക്കാനുള്ള നോട്ടീസ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ലഭിച്ചു. അതില്‍ ആശ്ചര്യമില്ല, പ്രതീക്ഷിച്ചിരുന്നതാണ്' -എന്നാണ് മുഫ്തിയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2005 ഡിസംബറില്‍, മുഖ്യമന്ത്രി പദം വിട്ടതിനു പിന്നാലെ പിതാവ് മുഫ്തി മുഹമ്മദ് സയ്യീദിന് അനുവദിച്ചതാണ് ബംഗ്ലാവ്. അതിനാല്‍, കുടിയിറക്കിന് കാരണമായി ഭരണകൂടം പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായി ശരിയല്ലെന്ന് മുഫ്തി പറഞ്ഞു.

നോട്ടീസിനെതിരെ കോടതിയെ സമീപിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അക്കാര്യങ്ങള്‍ നിയമോപദേഷ്ടാക്കളുമായി ആലോചിച്ച് ചെയ്യുമെന്നായിരുന്നു അവരുടെ മറുപടി. ''താമസിക്കാന്‍ കഴിയുന്ന ഒരു സ്ഥലം എനിക്കില്ല. അതിനാല്‍ ഒരു തീരുമാനമെടുക്കുന്നതിന് മുമ്പ് എനിക്ക് എന്റെ നിയമ സംഘവുമായി കൂടിയാലോചിക്കേണ്ടതുണ്ട്'' -അവര്‍ വ്യക്തമാക്കി.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജമ്മു കാശ്മീരില്‍ കാലാവധിക്കുശേഷവും മുഖ്യമന്ത്രിമാര്‍ക്ക് താമസിക്കാന്‍ ഔദ്യോഗിക വസതി ലഭ്യമാക്കിയിരുന്നു. എന്നാല്‍, 2019ല്‍ ജമ്മു കാശ്മീരിനുള്ള പ്രത്യേക ഭരണഘടനാ പദവി എടുത്തുമാറ്റിയതിനൊപ്പം, മുന്‍ മുഖ്യമന്ത്രിമാരുടെ പ്രത്യേക അവകാശങ്ങളും റദ്ദാക്കിയിരുന്നു. കേന്ദ്ര ഭരണ പ്രദേശമായതോടെ, മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ വസതികള്‍ അനുവദനീയമല്ലാതാക്കി. ഇതേത്തുടര്‍ന്നാണ് മുഫ്തിയോട് വസതി ഒഴിയാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. മുഫ്തിയുടെ പിതാവും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മുഹമ്മദ് സയ്യീദിന്റെ കാലം മുതല്‍ മുഫ്തി ഇവിടെയാണ് കഴിഞ്ഞിരുന്നത്.

കുപ്രസിദ്ധ പീഡന കേന്ദ്രമായിരുന്നു ഫെയര്‍വ്യൂ ബംഗ്ലാവ്. 1989 വരെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസായിരുന്ന ബംഗ്ലാവ് 1990ല്‍ ബിഎസ്എഫ് കൈയടക്കി

കുപ്രസിദ്ധ പീഡന കേന്ദ്രമായിരുന്നു ഫെയര്‍വ്യൂ ബംഗ്ലാവ്. 1989 വരെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസായിരുന്ന ബംഗ്ലാവ് 1990ല്‍ ബിഎസ്എഫ് കൈയടക്കി, പാപ -II എന്ന് പേരിട്ടു. 1996വരെ അത് ചോദ്യംചെയ്യല്‍-പീഡന കേന്ദ്രമായിരുന്നു. 1996ല്‍ അന്നത്തെ ചീഫ് സെക്രട്ടറി അശോക് ജെയ്റ്റ്‌ലി ആണ് ബംഗ്ലാവിനെ തന്റെ ഔദ്യോഗിക വസതിയാക്കി മാറ്റിയെടുത്തത്. 2003ല്‍ ബംഗ്ലാവ് നവീകരിച്ചതിനുശേഷമാണ് മുഖ്യമന്ത്രിമാര്‍ ഉപയോഗിച്ചു തുടങ്ങിയത്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം