INDIA

മണിപ്പൂർ കലാപത്തിൽ ഒറ്റപ്പെടുന്ന മേയ്തി ക്രൈസ്തവര്‍; കൈയൊഴിഞ്ഞ് ഹിന്ദുക്കൾ, ശത്രുക്കളെന്ന് കുകികൾ

പ്രബല വിഭാഗമായ മേയ്തികളും കുകികളും തമ്മിലാണ് പോരാട്ടം നടക്കുന്നതെങ്കിലും വിഷമസന്ധിയിലായിരിക്കുന്നത് മേയ്‌തി വിഭാഗത്തിലുള്ള ക്രൈസ്തവ വിശ്വാസികളാണ്

വെബ് ഡെസ്ക്

മണിപ്പൂരിലെ കലാപത്തീ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. സംസ്ഥാനത്തെ ജനവിഭാഗങ്ങളത്രയും വംശീയ കലാപത്തിന്റെ ദുരിതം പേറുകയാണ്. നൂറിലധികം ആളുകൾ കൊല്ലപ്പെട്ടു, ആയിരങ്ങൾ കുടിയിറക്കെപ്പെട്ടു. വീടുകളും ആരാധനാലയങ്ങളുമെല്ലാം കൊള്ളിവയ്ക്കപ്പെട്ടു. അക്രമപ്രവർത്തനങ്ങൾക്ക് ഇടക്കാലത്തൊരു ശമനമുണ്ടായെങ്കിലും വീണ്ടും കൊലപാതകങ്ങൾ ഉൾപ്പെയുള്ള മനുഷ്യത്വരഹിതമായ പ്രവർത്തികൾ ആവർത്തിക്കപ്പെടുന്നു.

മേയ്തികളും കുകികളും തമ്മിലാണ് പോരാട്ടം നടക്കുന്നതെങ്കിലും വിഷമസന്ധിയിലായിരിക്കുന്നത് മേയ്‌തി വിഭാഗത്തിലെ തന്നെ ക്രൈസ്തവ വിശ്വാസികളാണ്. ഇരുപക്ഷത്തുനിന്നും ഒരുപോലെ അക്രമം നേരിടേണ്ടി വരുന്ന ദുരവസ്ഥയിലാണ് ഇക്കൂട്ടർ. ക്രൈസ്തവ വിശ്വാസികളായതിനാൽ കുകികളുടെ പക്ഷമാണ് അവരെന്നാണ് സ്വന്തം സമുദായത്തിൽ നിന്നുതന്നെയുള്ള ആരോപണം. കുകികൾ ക്രൈസ്തവരാണ് എന്നതാണ് ഭൂരിപക്ഷം വരുന്ന ഹിന്ദുമത വിശ്വാസികളായ മേയ്‌തികളുടെ പ്രധാന വാദം. അതേസമയം കുകികൾക്കാകട്ടെ അവർ മേയ്തി വിഭാഗക്കാരാണ്, ശത്രുക്കളാണ്.

മണിപ്പൂരിലെ പ്രബല വിഭാഗമായ മേയ്‌തികൾ ജനസംഖ്യയുടെ 54 ശതമാനമാണ്. അതിൽ ഭൂരിപക്ഷവും ഹിന്ദുമത വിശ്വാസികളോ 'സനാമഹിസം' എന്ന തദ്ദേശീയ വിശ്വാസത്തിന്റെ അനുയായികളോ ആണ്. മേയ്‌തികൾക്കിടയിൽ മൂന്ന് ലക്ഷത്തോളം മാത്രമാണ് ക്രൈസ്തവ വിശ്വാസികൾ. ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തതിനാൽ ഗോത്ര വിഭാഗമായ കുകികൾക്ക് സമാനമായാണ് സമുദായത്തിനുള്ളിൽ പരിഗണിക്കപ്പെടുന്നതെന്ന് മേയ്തി ക്രൈസ്തവ വിശ്വാസികൾ പരാതിപ്പെടുന്നു. ക്രിസ്ത്യാനിയായാൽ ഗോത്ര വിഭാഗമാണെന്നാണ് മേയ്തി സമുദായത്തിലെ ഭൂരിപക്ഷ വിഭാഗത്തിന്റെ വിലയിരുത്തൽ.

മേയ്‌തി ഭൂരിപക്ഷ മേഖലകളിൽ ക്രൈസ്തവ വിഭാഗം അക്രമങ്ങൾ നേരിടേണ്ടി വരുന്നില്ലെങ്കിലും, മറ്റിടങ്ങളിൽ സ്ഥിതി വ്യത്യസ്തമാണ്. സംസ്ഥാനത്ത് മേയ്തി ക്രൈസ്തവരുടെ ആരാധനയാലങ്ങൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നുണ്ട്. കുകികൾ ഈ ന്യൂനപക്ഷ മേയ്തി വിഭാഗത്തെ ശത്രുക്കളായി തന്നെയാണ് കരുതുന്നത്. ക്രൈസ്തവരാണെന്ന യാതൊരു വിട്ടുവീഴ്ചയും പരിഗണനയും അവര്‍ നൽകാറില്ല. ഹിന്ദു - ക്രിസ്തു ഭേദമില്ലാതെ മേയ്തി സമുദായാംഗങ്ങളെല്ലാം തങ്ങളെ ആക്രമിക്കുന്നവരാണെന്ന് കുകികൾ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ മേയ്തി ക്രൈസ്തവ വിഭാഗത്തിന്റെ വ്യപാര സ്ഥാപനങ്ങളും വീടുകളുമെല്ലാം വ്യാപകമായി തകർക്കപ്പെടുകയാണ്. സ്വന്തം സമുദായത്തിലെ ഭൂരിപക്ഷ വിഭാഗത്തിനും കുകികൾക്കുമിടയിൽ പെട്ടുപോയിരിക്കുകയാണ് ക്രൈസ്തവ വിശ്വാസികളായ മേയ്തികൾ.

ആഭ്യന്തര മന്ത്രി അമിത ഷാ സംസ്ഥാനത്തെത്തി സമാധാന ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മടക്കശേഷവും മണിപ്പൂരിൽ അക്രമപരമ്പരകൾ അരങ്ങേറി. തലയ്ക്കുവെടിയേറ്റ എട്ട് വയസുകാരനേയും കൊണ്ട് ആംബുലൻസിൽ ആശുപത്രിയിലേക്ക് പോയ അമ്മയെ ഉൾപ്പെടെ മേയ്തി കലാപകാരികൾ കഴിഞ്ഞ ദിവസം ചുട്ടുകൊന്നിരുന്നു. കുകി സമുദായക്കാരനെ വിവാഹം ചെയ്ത മേയ്തി വിഭാഗത്തിൽപ്പെട്ട മീന ഹാങ്സിങ് (45), എട്ട് വയസുള്ള മകൻ ടോൺസിങ് ഹാങ്സിങ്, മീനയുടെ ബന്ധു ലിഡിയ ലൗറെംബം (37) എന്നിവരാണ് കൊല്ലപ്പെട്ടത്. 

ഞായറാഴ്ച വൈകിട്ട് ഇംഫാൽ വെസ്റ്റിലായിരുന്നു നിഷ്ഠൂര കൊലപാതകം നടന്നത്. കണ്മുന്നിൽ നടന്ന സംഭവം മണിപ്പൂര്‍ പോലീസ് രഹസ്യമാക്കി വയ്ക്കുകയായിരുന്നു. അസം റൈഫിൾസാണ് വിവരങ്ങൾ പുറംലോകത്തെ അറിയിച്ചത്. മേയ്തി കലാപകാരികൾക്ക് പോലീസ് സംരക്ഷണമൊരുക്കിയെന്ന് ആക്ഷേപവും ഉയർന്നിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ