Manish Swarup
INDIA

മിസോറാം വിടണമെന്ന് മുന്നറിയിപ്പ്; കൂട്ടപലായനം തുടർന്ന് മേയ്തികൾ, പ്രത്യേക വിമാനം ഒരുക്കാൻ തയ്യാറെന്ന് മണിപ്പൂ‍ർ സ‍ർക്കാർ

മിസോറാം വിട്ടുപോകുന്നതിൽ പരാജയപ്പെട്ടാൽ പിന്നീട് നടക്കുന്നതിനെല്ലാം മേയ്തി വിഭാഗക്കാർ തന്നെയായിരിക്കും ഉത്തരവാദികളെന്നും സംഘടന മുന്നറിയിപ്പ് നൽകി

വെബ് ഡെസ്ക്

മേയ്തി വിഭാഗം ജനങ്ങൾ മിസോറാം വിടണമെന്ന മുൻ വിഘടനവാദ സംഘടനയുടെ ആഹ്വാനത്തെ തുടർന്ന് സംസ്ഥാനത്ത് നിന്ന് കൂട്ടപലായനം തുടരുന്നു. മണിപ്പൂരിൽ കുകി-സോമി വിഭാഗത്തിൽപെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംഭവത്തിന് പിന്നാലെ രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മേയ്തികൾ ഉടൻ സംസ്ഥാനം വിട്ടുപോകണമെന്ന് പീസ് അക്കോർഡ് എംഎൻഎഫ് റിട്ടേണീസ് അസോസിയേഷൻ ആവശ്യപ്പെട്ടത്. അതേസമയം, പ്രത്യേക വിമാനം വഴി അവരെ സംസ്ഥാനത്ത് നിന്ന് ഒഴിപ്പിക്കാൻ തയ്യാറാണെന്ന് മണിപ്പൂർ സർക്കാർ അറിയിച്ചു.

മണിപ്പൂരിലെ സോമി വംശീയ സമൂഹത്തിനെതിരായ അക്രമത്തിൽ മിസോ ജനതയുടെ വികാരം ആഴത്തിൽ വ്രണപ്പെട്ടുവെന്നും മണിപ്പൂരിൽ താമസിക്കുന്നത് മേയ്തി ആളുകൾക്ക് സുരക്ഷിതമല്ലെന്നും സംഘടന മിസോയിൽ എഴുതിയ പ്രസ്താവനയിൽ പറയുന്നു. മിസോറാം വിട്ടുപോകുന്നതിൽ പരാജയപ്പെട്ടാൽ പിന്നീട് നടക്കുന്നതിനെല്ലാം മേയ്തി വിഭാഗക്കാർ തന്നെയായിരിക്കും ഉത്തരവാദികളെന്നും സംഘടന മുന്നറിയിപ്പ് നൽകി.

മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിൽ സർക്കാർ ജീവനക്കാരും വിദ്യാർഥികളും തൊഴിലാളികളും ഉൾപ്പെടെ ഏകദേശം 2,000 മേയ്തി ആളുകൾ താമസിക്കുന്നുണ്ട്. ഇവരിൽ പലരും അസമിലെ ബരാക് താഴ്‌വരയിൽ നിന്നുള്ളവരാണ്. പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ ഐസ്വാളിലെ മേയ്തികളുടെ സുരക്ഷ ഉറപ്പാക്കാൻ നാല് സ്ഥലങ്ങളിൽ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിക്കാൻ നിർദേശിച്ച് മിസോറാം നോർത്തേൺ റേഞ്ച് ഡിഐജി ഉത്തരവിറക്കി.

അതേസമയം, സംസ്ഥാനത്ത് താമസിക്കുന്ന മേയ്തികൾക്ക് ഭീഷണിയില്ലെന്ന് മിസോറാം ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. മേയ്തികളുടെ സുരക്ഷ ഉറപ്പാക്കാൻ ഓൾ മിസോറാം മണിപ്പൂരി അസോസിയേഷൻ പ്രതിനിധികളുമായി ഹോം കമ്മീഷണർ കൂടിക്കാഴ്ച നടത്തിയതായും ആഭ്യന്തര വകുപ്പ് അറിയിച്ചു. മേയ്തി ജനതയുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ തുടർച്ചയായി പരിശ്രമിക്കുന്നുണ്ടെന്ന് മിസോറാം ഹോം കമ്മീഷണറും സെക്രട്ടറിയുമായ എച്ച് ലാലെങ്‌മാവിയയും ഉറപ്പുനൽകി.

സംഘടനയുമായി സംസാരിച്ചുവെന്നും തങ്ങളുടെ സന്ദേശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് അവർ പറഞ്ഞതായി എച്ച് ലാലെങ്മാവിയ പറഞ്ഞു. മേയ്തി വിഭാഗത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ആശങ്ക കൊണ്ടാണ് അത്തരത്തിലൊരു പ്രസ്താവന പുറപ്പെടുവിച്ചതെന്നും ഫലം മറിച്ചായതിനാൽ, പ്രസ്താവന പിൻവലിക്കാൻ തീരുമാനിച്ചതായും സംഘടന വ്യക്തമാക്കി. ഓൾ മിസോറാം മണിപ്പൂർ അസോസിയേഷനുമായി സർക്കാർ ബന്ധപ്പെട്ടിട്ടുണ്ടെന്ന് മണിപ്പൂർ സർക്കാർ വക്താവ് സപം രഞ്ജൻ സിങ് പറഞ്ഞു.

അതേസമയം, ചില മേയ്തികൾ ഇതിനകം സംസ്ഥാനത്തുനിന്ന് പലായനം ചെയ്തിട്ടുണ്ട്. വീടും സാധനങ്ങളും എല്ലാം ഉപേക്ഷിച്ചാണ് ചിലര്‍ സംസ്ഥാനം വിടുന്നത്. റോഡ് മാര്‍ഗ്ഗവും വിമാനം വഴിയുമാണ് പലരും രക്ഷപ്പെടുന്നത്. മിസോ ജനതയുമായി വംശീയ ബന്ധമുള്ളവരാണ് സോ, കുകി വിഭാഗങ്ങൾ.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി