മണിപ്പുരിൽ മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് തീവച്ച് കലാപകാരികൾ. ബുധനാഴ്ച രാത്രിയാണ് സംഭവം. വ്യവസായ വകുപ്പ് മന്ത്രി നെംച കിപ്‌ജിന്റെ പടിഞ്ഞാറൻ ഇംഫാലിലുള്ള വസതിയാണ് ഇത്തവണ കലാപകാരികളുടെ അക്രമത്തിനിരയായത്. ഒന്നര മാസങ്ങൾക്ക് മുൻപ് പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തിന്റെ തുടർച്ചയിലാണ് വീണ്ടുമൊരു മന്ത്രിയുടെ വസതി കൂടി കലാപകാരികൾ അഗ്നിക്കിരയാക്കിയത്.
തീവയ്പുണ്ടായ സമയത്ത് മന്ത്രി വസതിയിലുണ്ടായിരുന്നില്ല. കലാപകാരികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗോത്ര ഭൂരിപക്ഷ മേഖലയായ കാങ്പൊക്പി മണ്ഡലത്തിൽ നിന്ന് വിജയിച്ച കിപ്ജിൻ എൻ ബിരേൻ സിങ് സർക്കാരിലെ ഏക വനിതാ മന്ത്രി കൂടിയാണ്. പ്രത്യേക ഭരണാവകാശം ആവശ്യപ്പെട്ട എംഎൽഎ കൂടിയാണ് കിപ്ജിൻ. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒൻപത് പേർ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ മാസം ആരംഭിച്ച വംശീയ കലാപത്തിൽ ഇതുവരെ 115ലധികം പേരാണ് മണിപ്പൂരിൽ കൊല്ലപ്പെട്ടത്. കലാപത്തെ തുടർന്ന് 47,000 ത്തോളം ആളുകളെ വിവിധയിടങ്ങളിൽ നിന്ന് ഒഴിപ്പിച്ചതായാണ് ഔദ്യോഗിക കണക്കുകൾ. നൂറുകണക്കിന് ആളുകൾക്ക് വീടുകൾ നഷ്ടപ്പെടുകയും ചെയ്തു. നിരവധി പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരുകയാണ്. സംഘർഷം തുടരുന്ന സാഹചര്യത്തിൽ മണിപ്പൂരിലെ 14 ജില്ലകളിൽ 11 ലും ഇപ്പോഴും കർഫ്യു നിലവിലുണ്ട്. സംസ്ഥാനം മുഴുവൻ നാളെ വരെ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. അക്രമം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ വിന്യസിച്ച അർദ്ധസൈനിക സേനയുടെ സാന്നിധ്യവും മണിപ്പൂരിലുണ്ട്.
സംസ്ഥാനത്തെ സമാധാനം പുനഃസ്ഥാപിക്കാനായി കേന്ദ്രം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഗവർണറുടെ മേൽനോട്ടത്തിലുള്ള സമിതിയിൽ മേയ്തി, കുകി സമുദായങ്ങളിൽ നിന്നടക്കം 51 അംഗങ്ങളാണുള്ളത്. എന്നാൽ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി സമാധാന ശ്രമങ്ങളോട് സഹകരിക്കില്ലെന്ന് കുകി വിഭാഗവും മേയ്തി വിഭാഗവും അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിനെ സമിതിയിൽ അംഗമാക്കിയതിൽ അതൃപ്തി പ്രകടിപ്പിച്ചാണ് സമാധാന ചർച്ചകളുടെ ഭാഗമാകില്ലെന്ന് കുകി വിഭാഗം കഴിഞ്ഞ ദിവസം അറിയിച്ചത്.