INDIA

'ജാഗ്രത പാലിക്കണം'; കാനഡയിലെ ഇന്ത്യന്‍ പൗരന്മാർക്ക് മുന്നറിയിപ്പുമായി കേന്ദ്രം

കാനഡയിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട ജാഗ്രതാ മുന്നറിയിപ്പില്‍ പറയുന്നു

വെബ് ഡെസ്ക്

കാനഡയുമായുള്ള നയതന്ത്രബന്ധം വഷളായതിനുപിന്നാലെ ആ രാജ്യത്തുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മുന്നറിയിപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍. വര്‍ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും വിദ്വേഷ കുറ്റകൃത്യങ്ങളുടെയും സാഹചര്യത്തില്‍ കാനഡയിലുള്ളവരും അവിടേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നു.

''വര്‍ധിച്ചുവരുന്ന ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയനേട്ടത്തിനുവേണ്ടിയുള്ള വിദ്വേഷ കുറ്റകൃത്യങ്ങളും അക്രമങ്ങളും കണക്കിലെടുത്ത് കാനഡയിലെ ഇന്ത്യന്‍ പൗരന്മാരും അവിടേക്ക് യാത്ര തിരിക്കാന്‍ ഉദ്ദേശിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,'' മുന്നറിയിപ്പിൽ പറയുന്നു.

ഇന്ത്യാ വിരുദ്ധ അജണ്ടയെ എതിര്‍ക്കുന്ന ഇന്ത്യന്‍ നയതന്ത്രജ്ഞരെയും ഇന്ത്യന്‍ സമൂഹത്തിന്റെ ഭാഗമായവരെയും ഭീഷണിപ്പെടുത്തുന്ന പ്രവണത അടുത്തിടെയുണ്ടായിട്ടുണ്ട്. അതുകൊണ്ട് ഇത്തരം സംഭവങ്ങളുണ്ടായിട്ടുള്ള കാനഡയിലെ സ്ഥലങ്ങളിലേക്കും സാധ്യതയുള്ള സ്ഥലങ്ങളിലേക്കുമുള്ള യാത്ര ഇന്ത്യക്കാർ ഉപേക്ഷിക്കണം. കാനഡയിലെ ഇന്ത്യക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ നമ്മുടെ ഹൈക്കമ്മിഷന്‍ അഥവാ കോണ്‍സുലേറ്റ് ജനറല്‍ കനേഡിയന്‍ അധികാരികളുമായുള്ള സമ്പര്‍ക്കം തുടരുമെന്നും ജാഗ്രതാനിർദേശത്തിൽ പറയുന്നു.

കാനഡയിലെ സുരക്ഷാ അന്തരീക്ഷം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രത്യേകമായും അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിക്കുന്നു. കാനഡയിലെ ഇന്ത്യന്‍ പൗരന്മാരും വിദ്യാര്‍ത്ഥികളും ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലോ ടൊറോന്റോ, വന്‍കൗവർ എന്നിവടങ്ങളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിലോ അവരുടെ വെബ്‌സൈറ്റ് മുഖാന്തരമോ അല്ലെങ്കില്‍ MADAD പോര്‍ട്ടല്‍ madad.gov.in വഴിയോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. എന്തെങ്കിലും അടിയന്തര സാഹചര്യങ്ങളോ അനിഷ്ട സംഭവങ്ങളോ ഉണ്ടാകുകയാണെങ്കില്‍ കാനഡയിലെ ഇന്ത്യന്‍ പൗരന്മാരെ പെട്ടെന്ന് സമീപിക്കാന്‍ ഹൈക്കമ്മീഷനെയോ കോണ്‍സുലേറ്റ് ജനറലിനെയോ ഈ രജിസ്റ്റര്‍ സഹായിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം ഇന്ത്യന്‍ വംശജരായ ഹിന്ദുക്കള്‍ കാനഡ വിട്ടു പോകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ഖലിസ്ഥാന്‍ അനുകൂല സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) രംഗത്തെത്തി. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം ആഘോഷിക്കുന്നതിലൂടെ, ഇന്ത്യക്കാര്‍ രാജ്യത്ത് അക്രമം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ഇന്ത്യന്‍ വംശജര്‍ കാനഡ വിടണമെന്ന് സംഘടന പറയുന്നത്.

ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ നേതാവായിരുന്ന ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം വീണ്ടും വഷളായത്.

ജൂണ്‍ 18 നാണ് ഖലിസ്ഥാന്‍ വാദി നേതാവും കാനഡയിലെ സറേയിലുള്ള ഗുരു നാനാക് സിഖ് ഗുരുദ്വാര സാഹിബിന്റെ അധ്യക്ഷനുമായ നിജ്ജാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാര്‍ക്ക് ബന്ധമുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തിങ്കളാഴ്ച പറഞ്ഞു. ഇതിനു പിന്നാലെ, ഇരുരാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. അതേസമയം, കാനഡയുടെ ആരോപണങ്ങള്‍ അസംബന്ധമാണെന്നാണ് ഇന്ത്യയുടെ നിലപാട്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം