വിദേശ ഫണ്ടിങ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് ഓക്സ്ഫാം ഇന്ത്യയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2020ലെ വിദേശ സംഭാവന ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നിട്ടും ഓക്സ്ഫാം ഇന്ത്യ വിവിധ സ്ഥാപനങ്ങള്‍ക്ക് വിദേശ സംഭാവനകള്‍ കൈമാറുന്നുണ്ടെന്നാണ് ആരോപണം.
2010ലെ എഫ്സിആര്‍എയുടെ വ്യവസ്ഥകള്‍ ലംഘിച്ച് മറ്റ് എന്‍ജിഒകള്‍ക്ക് ഫണ്ട് കൈമാറിയെന്നാണ് ആക്ഷേപം. രാജ്യത്തിന്റെ സ്വത്ത് വിരവിലെണ്ണാവുന്ന സമ്പന്നര്‍ കയ്യടക്കി വെച്ചിരിക്കുകയാണെന്ന് പ്രതിപാദിക്കുന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം ഓക്സ്ഫാം ഇന്ത്യ പുറത്തുവിട്ടിരുന്നു.
ഓക്‌സ്‌ഫാം ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ആഗോള ദാരിദ്ര്യ നിർമാർജനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 21 സ്വതന്ത്ര ചാരിറ്റബിൾ ഓർഗനൈസേഷനുകളുടെ കോൺഫെഡറേഷനാണ് ഓക്‌സ്‌ഫാം. 2021ല്‍ എഫ്സിആര്‍എ ലൈസന്‍സ് പുതുക്കാന്‍ ആഭ്യന്തര മന്ത്രാലയം വിസമ്മതിച്ചതോടെ ഓക്സ്ഫാമിന്റെ വിദേശ ധനസഹായം തടഞ്ഞിരുന്നു. വിദേശ ഫണ്ടിങ് മാനദണ്ഡങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. പിന്നാലെ, എഫ്സിആര്‍എ ലംഘനം ആരോപിച്ച് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആദായനികുതി വകുപ്പ് ഓക്സ്ഫാമിന്റെ ഡല്‍ഹി ഓഫീസില്‍ പരിശോധന നടത്തുകയും ചെയ്തു.
2021ല്‍ എഫ്സിആര്‍എ ലൈസന്‍സ് പുതുക്കാന്‍ ആഭ്യന്തര മന്ത്രാലയം വിസമ്മതിച്ചതോടെ ഓക്സ്ഫാമിന്റെ വിദേശ ധനസഹായം തടഞ്ഞിരുന്നു
പരിശോധനയില്‍ പ്രവര്‍ത്തകര്‍ വഴിയും ജീവനക്കാര്‍ വഴിയും കമ്മീഷന്‍ രൂപത്തില്‍ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിലേക്ക് (സിപിആര്‍) ഫണ്ട് എത്തിച്ചതായി കണ്ടെത്തി. ഇതുകൂടാതെ, മറ്റ് അസോസിയേഷനുകള്‍ വഴിയും, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്‍സി വഴിയും എഫ്സിആര്‍എയുടെ വ്യവസ്ഥകള്‍ മറികടക്കാന്‍ ഓക്സ്ഫാം ഇന്ത്യ ശ്രമിച്ചതിനുള്ള വിവരങ്ങളും ഐടി പരിശോധനയില്‍ കണ്ടെത്തി എന്നായിരുന്നു ആരോപണം. ഏകദേശം 1.5 കോടിരൂപയുടെ വിദേശ സംഭാവനകള്‍ ഓക്‌സ്ഫാം ഇന്ത്യയ്ക്ക് ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
എഫ്സിആര്‍എ രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള ഓക്‌സ്ഫാം ഇന്ത്യയുടെ നീക്കം പിന്തള്ളിയതിന് പിന്നാലെ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ഇടപെടുകയും, സംഭവത്തില്‍ കേന്ദ്രത്തോട് അഭിപ്രായം ആരായുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്ത്യയിലെ വികസനത്തിനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും വേണ്ടിയാണ് ഓക്‌സ്ഫാം പ്രവര്‍ത്തിക്കേണ്ടതെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.
എന്താണ് ഓക്‌സ്ഫാം
ദാരിദ്ര്യനിര്‍മാര്‍ജനം എന്ന ലക്ഷ്യത്തോടെ 1942ല്‍ ബ്രിട്ടണിലാണ് ഓക്‌സ്ഫാം സ്ഥാപിതമായത്. നിലവില്‍ 21 സ്വതന്ത്ര ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനുകളാണ് ഓക്‌സ്ഫാം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ ഓക്‌സ്ഫാം പ്രവര്‍ത്തിക്കുന്നത് ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ബിഹാര്‍, ഛത്തീസ്ഗഡ്, ഒഡീഷ, അസം എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് .
2013ല്‍ ഇന്ത്യന്‍ കമ്പനീസ് ആക്ടിന്റെ സെക്ഷന്‍ എട്ട് പ്രകാരം ലാഭേച്ഛയില്ലാതെ പ്രവര്‍ത്തികുന്ന ചാരിറ്റബിള്‍ സ്ഥാപനമായി രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ അസം, ബിഹാര്‍, ഉത്തര്‍പ്രദേശ്, കേരളം, കാശ്മീര്‍, മണിപ്പൂര്‍, ഗുജറാത്ത് തമിഴ്‌നാട്, ബെസ്റ്റ് ബെംഗാള്‍ ,ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ നേരിട്ട പ്രശ്‌നങ്ങളിലും ഓക്‌സ്ഫാം സമഗ്രമായി ഇടപ്പെട്ടിരുന്നു. കൂടാതെ കാര്‍ഗില്‍ യുദ്ധം, മുസാഫര്‍ നഗര്‍ കലാപം, കൊക്രജാര്‍ അക്രമം എന്നിങ്ങനെ രാജ്യത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തിയ പ്രതിന്ധിഘട്ടത്തിലും ഓക്‌സ്ഫാം സഹായ ഹസ്തവുമായി രംഗത്തെത്തിയിരുന്നു.
ഇന്ത്യയിലെ 40.5ശതമാനം വരുന്ന സമ്പത്തിന്റെ ഒരു ശതമാനം സമ്പന്നരുടെ കൈവശമാണെന്നായിരുന്നു ഓക്‌സ്ഫാം വ്യക്തമാക്കിയത്
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ചും, അതില്‍ സമ്പന്നരുടെ ഇടപെടലിനെ കുറിച്ചും പ്രതിപാദിച്ച് ഓക്‌സ്ഫാം ഇന്ത്യ ഒരു റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഇന്ത്യയിലെ 40.5ശതമാനം വരുന്ന സമ്പത്തിന്റെ ഒരു ശതമാനം സമ്പന്നരുടെ കൈവശമാണെന്നായിരുന്നു ഓക്‌സ്ഫാം വ്യക്തമാക്കിയത്. രാജ്യത്തിന്റെ സ്വത്ത് വിരവിലെണ്ണാവുന്ന സമ്പന്നര്‍ കയ്യടക്കി വെച്ചിരിക്കുകയാണ്. ഇത് ദെെനംദിന ചെലവ് നികത്താനാവാതെ പ്രതിസന്ധിയിലായ ഓരോ ഇന്ത്യക്കാരനും വെല്ലുവിളിയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അബാനി, അദാനി തുടങ്ങിയ സമ്പന്നരെ പരോക്ഷമായി വിമര്‍ശിച്ചായിരുന്നു റിപ്പോര്‍ട്ട്.