INDIA

പതിനാലുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; ബലാത്സംഗത്തിന് ഇരയായതായി സൂചന, മൂന്ന് പേർ കസ്റ്റഡിയിൽ

പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ശേഷം ഇഷ്ടികച്ചൂളയിൽ ഇട്ട് കത്തിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി പോലീസ്

വെബ് ഡെസ്ക്

രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ പതിനാലുകാരിയുടെ മൃതദേഹം ഇഷ്ടികച്ചൂളയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ശേഷം ഇഷ്ടികച്ചൂളയിൽ ഇട്ട് കത്തിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഇന്നലെ രാവിലെയാണ് പെൺകുട്ടിയെ കാണാതായത്. പെൺകുട്ടിയും അമ്മയും കൂടെ കന്നുകാലികളെ മേയ്ക്കാൻ പോയതായിരുന്നുവെന്നും ഉച്ചയോടെ അമ്മ വീട്ടിൽ തിരിച്ചെത്തിയെങ്കിലും പെൺകുട്ടിയെ കാണാതാവുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് പെൺകുട്ടിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് രാത്രി 10 മണിയോടെ അവർ പെൺകുട്ടിയെ അന്വേഷിച്ച് കൽക്കരി ചൂളയ്ക്ക് സമീപമെത്തുകയും ചൂളകളിലൊന്നിൽ മനുഷ്യ അസ്ഥികൾ കണ്ടെത്തുകയും ചെയ്തു. ഉടൻ തന്നെ പോലീസിൽ വിവരമറിറിയിക്കുകയും ചെയ്തു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. എന്നാൽ പോലീസെത്തുന്നതിന് മുൻപ് തന്നെ പ്രതികൾ തങ്ങൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധുക്കളോടും നാട്ടുകാരോടും കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു.

കൂടുതൽ മൃതദേഹങ്ങൾ ഉള്ളിലുണ്ടാകുമെന്ന് നാട്ടുകാർ സംശയം ഉന്നയിച്ചതിനെ തുടർന്ന് ഫോറൻസിക് സയൻസ് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. കൂടുതൽ അന്വേഷണത്തിനായി ചൂളയിൽ നിന്ന് കണ്ടെത്തിയ അസ്ഥികളുടെ സാമ്പിളുകളുടെ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു. സംഭവത്തിൽ രോഷാകുലരായ ഗ്രാമവാസികൾ 12 വയസ്സുകാരന് നീതി ആവശ്യപ്പെട്ട് പ്രതിഷേധിച്ചു.

അടുത്തിടെ സ്ത്രീകൾക്കെതിരായ നിരവധി അതിക്രമങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ്, രാജസ്ഥാനിലെ അൽവാർ ജില്ലയിലെ മറ്റൊരു ഇഷ്ടിക ചൂളയിൽ വച്ച് രണ്ട് കൗമാരക്കാരായ സഹോദരിമാരെ അവരുടെ പിതാവിന്റെ രണ്ട് സഹപ്രവർത്തകർ ബലാത്സംഗം ചെയ്തിരുന്നു. ജൂലൈ 14 ന് കൗരളിയിൽ ഒരു പെൺകുട്ടിയെ വെടിവച്ച് കൊലപ്പെടുത്തി ആസിഡ് ഒഴിച്ച് കിണറ്റിലെറിഞ്ഞ സംഭവം വിവാദമായിരുന്നു. പരാതി നൽകിയിട്ടും പോലീസ് പ്രതികരിച്ചില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. സംഭവത്തിന് മൂന്ന് ദിവസത്തിന് ശേഷമാണ് ജോധ്പൂരിൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഒരു പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ