INDIA

നാല് പതിറ്റാണ്ട് നീണ്ട നിയമപോരാട്ടം, അലിഗഡിന്റെ ന്യൂനപക്ഷ പദവി ഇനി റെഗുലര്‍ ബെഞ്ച് നിശ്ചയിക്കും, എഴംഗ ബെഞ്ചിന്റെ നിഗമനങ്ങള്‍ ഇങ്ങനെ

ഭരണഘടനയുടെ അനുച്ഛേദം 30 പ്രകാരം അലിഗഡ് മുസ്ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി തുടരാമെന്ന 1967ലെ അലഹാബാദ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി

വെബ് ഡെസ്ക്

സ്ഥാപിച്ചതാര് എന്ന ചോദ്യത്തിനുള്ള ഉത്തരം ന്യൂനപക്ഷ സമുദായം എന്നാണെങ്കില്‍, ഭരണഘടനയുടെ 30ാം വകുപ്പു പ്രകാരം ആ സ്ഥാപനത്തിന് ന്യൂനപക്ഷ പദവി അവകാശപ്പെടാമെന്ന സുപ്രീംകോടതി നിരീക്ഷണം അലിഗഡ് മുസ്ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവിയില്‍ നിര്‍ണായകമാകും. ഭരണഘടനയുടെ അനുച്ഛേദം 30 പ്രകാരം അലിഗഡ് മുസ്ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി തുടരാമെന്ന 1967ലെ അലഹാബാദ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. എന്നാല്‍ ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ ഭിന്നവിധിയും പുറപ്പെടുവിച്ചു. ഈ സാഹചര്യത്തില്‍ അലിഗഡിന്റെ ന്യൂനപക്ഷ പദവി തിരിച്ചു നല്‍കുന്നതില്‍ അന്തിമ തീരുമാനം ബെഞ്ച് പുറപ്പെടുവിച്ചില്ല. വിഷയം പുതിയ ചീഫ് ജസ്റ്റിസ് നിയോഗിക്കുന്ന റെഗുലര്‍ ബെഞ്ചിനു വിടുകയും ചെയ്തു. ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവി വിഷയത്തില്‍ ഉയര്‍ന്ന നിയമപ്രശ്‌നങ്ങളില്‍ ഊന്നിയാണ് സുപ്രീംകോടതി അലിഗഡ് വിഷയം പരിശോധിച്ചത്.

ഈ സാഹചര്യത്തില്‍ അലിഗഡിന്റെ ന്യൂനപക്ഷ പദവി തിരിച്ചു നല്‍കുന്നതില്‍ അന്തിമ തീരുമാനം ബെഞ്ച് പുറപ്പെടുവിച്ചില്ല

നാലുപതിറ്റാണ്ട് നീണ്ട നിയമ പോരാട്ടത്തിന് വഴിത്തിരിവാകുന്ന വിധിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തന്റെ ഔദ്യോഗിക ചുമതലയിലെ അവസാന ദിവസം പുറപ്പെടുവിച്ചത്. അലിഗഡ് കേന്ദ്ര സര്‍വകലാശാലയാണെന്നു ചൂണ്ടിക്കാട്ടി എസ്. അസീസ് ബാഷ നല്‍കിയ കേസില്‍ 1967ൽ അലഹാബാദ് ഹൈക്കോടതി ന്യൂനപക്ഷ പദവി റദ്ദാക്കിക്കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. 1981 ല്‍ ഇതേ വിധിയില്‍ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് സംശയം പ്രകടിപ്പിക്കുകയും ഏഴംഗ ബെഞ്ചിനു വിട്ടുകയുമായിരുന്നു.

1967 ലെ വിധി അനുസരിച്ച് സര്‍വകലാശാലയ്ക്ക് ന്യൂനപക്ഷ പദവി നഷ്ടമായി. എന്നാല്‍ 1981ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം അനുസരിച്ച് ഇത് പുനഃസ്ഥാപിക്കപ്പെട്ടു. പിന്നാലെ പിജി കോഴ്‌സുകളില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കു സര്‍വകലാശാല സംവരണം നടപ്പാക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിച്ച് അലഹാബാദ് ഹൈക്കോടതി 2006ല്‍ നടപടി റദ്ദാക്കി. സര്‍വകലാശാലാ ന്യൂനപക്ഷ സ്ഥാപനമല്ലെന്നു വ്യക്തമാക്കിയായിരുന്നു നടപടി. ഇതിനെതിരെ അന്ന് കേന്ദ്ര സര്‍ക്കാരും സര്‍വകലാശാലയും സുപ്രീം കോടതിയെ സമീപിച്ചെങ്കിലും നരേന്ദ്രമോദി സര്‍ക്കാര്‍ ഹര്‍ജി പിന്‍വലിച്ചു. തുടര്‍ന്നാണ് സര്‍വകലാശാലയുടെ അപ്പീല്‍ പരിഗണിച്ച് എഴംഗ ഭരണഘടനാ ബെഞ്ച് കേസില്‍ വാദം കേട്ടത്.

ഭൂരിപക്ഷ വിധി

ന്യൂനപക്ഷ സമുദായത്താല്‍ സ്ഥാപിതമായ ഒരു സ്ഥാപനത്തിന് ഭരണഘടനയുടെ 30ാം വകുപ്പു പ്രകാരം ന്യൂനപക്ഷ പദവി അവകാശപ്പെടാനാകും. ഭരണഘടന നിലവില്‍ വന്നതിന് ശേഷം സ്ഥാപിതമായ സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഇത് ബാധകമാകൂ എന്ന വ്യവസ്ഥ ചെയ്താല്‍ ആര്‍ട്ടിക്കിൾ 30 ദുര്‍ബലമാകുന്ന നിലയുണ്ടാകും. ബ്രിട്ടീഷ് കാലഘട്ടത്തിലെ നിയമപ്രകാരം ന്യൂനപക്ഷം എന്ന് വ്യവസ്ഥ ചെയ്യുന്നില്ലെങ്കിലും പാര്‍ലമെന്റിന്റെ നിയമ നിര്‍മാണം വഴിയാണ് സ്ഥാപനം സ്ഥാപിക്കപ്പെട്ടത് എന്ന് പറയാനാകില്ല. 'ഇന്‍ കോര്‍പ്പറേഷന്‍', 'എസ്റ്റാബ്ലിഷ്മെന്റ്' എന്നീ പദങ്ങള്‍ പരസ്പരം മാറ്റി ഉപയോഗിക്കാനാവില്ല.

അലിഗഡ് സര്‍വകലാശാല സ്ഥാപിക്കാന്‍ ഭൂമി കണ്ടെത്തുന്നതിന് ഉള്‍പ്പെടെ ന്യൂനപക്ഷ സമുദായത്തിന്റെ സഹായം ലഭിച്ചെന്ന് വ്യക്തമാണ്. എന്നാല്‍ ന്യൂനപക്ഷ സമുദായത്തിന് ഗുണം ലഭിക്കാന്‍ വേണ്ടി മാത്രമാണ് സ്ഥാപനം സ്ഥാപിച്ചതെന്ന് പറയാനാകില്ല. സ്ഥാപനത്തിന്റെ ഭരണം ന്യൂനപക്ഷത്തിനാണ് എന്നത് തെളിയിക്കേണ്ടതിന്റെ ആവശ്യമില്ല. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ മതേതര വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണമെന്ന് ആഗ്രഹിക്കാമെങ്കിലും സ്ഥാപനത്തിന്റെ ഭരണത്തില്‍ ന്യൂനപക്ഷ അംഗങ്ങളുടെ ആവശ്യമില്ല. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെ എസ്. അസീസ് ബാഷ കേസിലെ വിധി അസാധുവാണ്.

ആര്‍ട്ടിക്കിള്‍ 30 പ്രകാരം ഒരു ന്യൂനപക്ഷത്തിന് ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ കഴിയും, എന്നാല്‍ ഇക്കാര്യം ഒരു നിയമപ്രകാരം അംഗീകരിക്കപ്പെടണം

ഭിന്നവിധികള്‍- ജസ്റ്റിസ് സൂര്യകാന്ത്

1981ലെ അന്‍ജുമാന്‍ കേസിലെ വിധി ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ ഭിന്ന വിധി. 2019 ല്‍ കേസ് ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ട നിരീക്ഷണങ്ങള്‍ പ്രധാനമാണെന്നും ജ. സൂര്യകാന്ത് ചൂണ്ടിക്കാട്ടുന്നു.

ആര്‍ട്ടിക്കിള്‍ 30 പ്രകാരം ഒരു ന്യൂനപക്ഷത്തിന് ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ കഴിയും, എന്നാല്‍ ഇക്കാര്യം ഒരു നിയമപ്രകാരം അംഗീകരിക്കപ്പെടണം. യുജിസിയുടെ അംഗീകാരവും ആവശ്യമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നിയന്ത്രിക്കാനുമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശത്തെക്കുറിച്ചുള്ള ടിഎംസി പൈ കേസിലെ 11 അംഗ ബെഞ്ചിന്റെ സുപ്രധാന വിധി അസീസ് ബാഷ കേസിലും പ്രധാനമാണ്.

അനുഛേദം 30(1) ല്‍ യൂണിവേഴ്‌സിറ്റികളും ഉള്‍പ്പെടുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 30 പ്രകാരമുള്ള പരിരക്ഷ ലഭിക്കുന്നതിന് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ ഒരു ന്യൂനപക്ഷം 'സ്ഥാപിച്ചതും' 'ഭരണം നടത്തുന്നതും' എന്നീ വ്യവസ്ഥകൾ പാലിക്കണം. ഒരു സര്‍വകലാശാലയുടേതോ സ്ഥാപനത്തിന്റെയോ ന്യൂനപക്ഷ പദവി തീരുമാനിക്കുന്നതിന് ഒരു ചട്ടം നിര്‍മിക്കുന്നതിലെ നിയമനിര്‍മ്മാണ ഉദ്ദേശ്യം വ്യക്തമാകണം. അലിഗഡ് മുസ്ലീം യൂണിവേ്‌ഴ്‌സിറ്റി ഒരു ന്യൂനപക്ഷ സ്ഥാപനമാണോ എന്നത് നിയമത്തിന്റെയും വസ്തുതയുടെയും അടിസ്ഥാനത്തില്‍ പരിശോധിക്കേണ്ട ഒന്നാണ്. അത് ഒരു റെഗുലർ ബെഞ്ച് തീരുമാനിക്കേണ്ടതാണ്.

ജസ്റ്റിസ് ദീപങ്കര്‍ ദത്ത-

അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി ഒരു ന്യൂനപക്ഷ സ്ഥാപനമല്ലെന്ന് വ്യക്തമാക്കുകയാണ് ജസ്റ്റിസ് ജസ്റ്റിസ് ദീപങ്കര്‍ ദത്ത. 1981ലും 2019ലും നടത്തിയ പരാമര്‍ശങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം വിധിയില്‍ വ്യക്തമാക്കുന്നു.

ജസ്റ്റിസ് എസ് സി ശര്‍മ്മ

തുല്യ അവസരങ്ങളില്‍ പങ്കാളികളാകുന്ന മുഖ്യധാരയുടെ ഭാഗമാണ് ഇപ്പോള്‍ ന്യൂനപക്ഷങ്ങള്‍ എന്നാണ് ജസ്റ്റിസ് എസ് സി ശര്‍മ്മ ഭിന്നവിധിയില്‍ ചൂണ്ടിക്കാട്ടുന്നത്. ബാഹ്യശക്തികളുടെ സഹായമില്ലാതെ ന്യൂനപക്ഷ സമൂഹം സ്ഥാപനത്തിന്റെ ഭരണം നിയന്ത്രിക്കണം. ന്യൂനപക്ഷ സ്ഥാപനവും മതേതര വിദ്യാഭ്യാസത്തിനുള്ള ഓപ്ഷന്‍ നല്‍കണം. 'ഇന്‍കോര്‍പ്പറേഷന്‍', 'എസ്റ്റാബ്ലിഷ്മെന്റ്' എന്നീ പദങ്ങള്‍ സ്ഥാപക സമയം പോലുള്ള സാഹചര്യങ്ങളുമായി കൂട്ടിയിണക്കാനാവില്ല. ന്യൂനപക്ഷ പദവി അവകാശപ്പെടാന്‍ അതിന്റെ നിലനില്‍പ്പ് പ്രധാനമാണ്. പ്രവര്‍ത്തനപരവും ആധികാരികവുമായ നിയന്ത്രണം ന്യൂനപക്ഷത്തിനായിരിക്കണം. എല്ലാവര്‍ക്കും തുല്യ പരിഗണന നല്‍കുകയും ചെയ്യുക എന്നതാണ് ആര്‍ട്ടിക്കിള്‍ 30-ന്റെ കാതല്‍. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസം നേടുന്നതിന് സുരക്ഷിതമായ കേന്ദ്രങ്ങള്‍ ആവശ്യമാണെന്ന് കരുതുന്നത് തെറ്റാണ്.

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി

'ഹര്‍ദീപ് സിങ് നിജ്ജാറിനെ വധിക്കാനുള്ള ഗൂഢാലോചന നരേന്ദ്ര മോദിക്ക് അറിയാമായിരുന്നു'; ആരോപണവുമായി കനേഡിയൻ മാധ്യമം

സൗരയൂഥത്തിന് പുറത്ത് ശിശു ഗ്രഹം കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞര്‍; മുപ്പത് ലക്ഷം വര്‍ഷത്തെ പഴക്കമെന്ന് നിരീക്ഷണം