തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ സംബന്ധിച്ച വിഷയത്തില്‍ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി. പരസ്യങ്ങളിലെ അവകാശവാദങ്ങള്‍ വഞ്ചനാപരമല്ലെന്ന് ഉറപ്പാക്കാന്‍ സെലിബ്രിറ്റികൾക്ക് ബാധ്യതയുണ്ടെന്നാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. പതഞ്ജലിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി നിലപാട് അറിയിച്ചത്.
ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് കമ്പനികള്‍ ഉയര്‍ത്തുന്ന അവകാശ വാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെങ്കില്‍ പരസ്യങ്ങളുടെ ഭാഗമാകുന്ന നടി-നടന്മാര്‍ക്കും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സര്‍മാര്‍ എന്നിവര്‍ക്കും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാനാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ ഹിമ കോഹ്ലി, എ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് പരസ്യങ്ങളില്‍ അഭിനയിച്ചവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് വ്യക്തമാക്കിയത്. പരസ്യത്തിനായി തങ്ങളുടെ അനുഭവം പറയുമ്പോള്‍ ഒരു വ്യക്തിക്ക് അതിനെ കുറിച്ച് മതിയായ വിവരമോ അനുഭവമോ ആവശ്യമാണെന്നും അവന്‍ അല്ലെങ്കില്‍ അവള്‍ അംഗീകരിക്കുന്ന ഉല്‍പ്പന്നമോ സേവനമോ ഉപയോഗിച്ച് അത് വഞ്ചനാപരമല്ലെന്ന് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.
'ഉപഭോക്താക്കൾക്ക് സേവനം നൽകാനും വിപണിയിൽ നിന്ന് വാങ്ങുന്ന ഉൽപ്പന്നങ്ങളെക്കുറിച്ച് ഉപഭോക്താവിനെ ബോധവാന്മാരാക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ വ്യവസ്ഥകൾ എന്നും കോടതി പറഞ്ഞു. സെലിബ്രിറ്റികളും സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസർമാരും ഒരുപോലെയാണെന്നും അവർ അവതരിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു. പരാതി നൽകുന്നതിന് ഉപഭോക്താവിനെ പ്രോത്സാഹിപ്പിക്കുന്നതിന് മന്ത്രാലയങ്ങൾ നടപടിക്രമങ്ങൾ സജ്ജീകരിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
പരസ്യങ്ങൾ പുറത്തുവിടുന്നതിന് മുമ്പ് ഇവ വാണിജ്യ നിയമങ്ങൾക്കും കോഡുകൾക്കും അനുസൃതമാണെന്ന് പ്രസ്താവിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം ഫയൽ ചെയ്യണമെന്നും കോടതി പറഞ്ഞു.
'ഒരു പ്രതിവിധി എന്ന നിലയിൽ, ഒരു പരസ്യം അനുവദിക്കുന്നതിന് മുമ്പ് ഒരു വിലയിരുത്തല്‍ ഉചിതമാണെന്ന് ഞങ്ങൾ കരുതുന്നു. 1994-ലെ കേബിൾ ടിവി നെറ്റ്വർക്ക് നിയമങ്ങൾ, പരസ്യ കോഡ് മുതലായ മുന്‍നിര്‍ത്തി പരസ്യത്തിനായി സ്വയം പ്രഖ്യാപനം നേടേണ്ടതാണ്.' എന്നായിരുന്നു കോടതി പറഞ്ഞത്.
ടിവിയിൽ പരസ്യം നൽകുന്നവർക്ക് ബ്രോഡ്കാസ്റ്റ് സേവാ പോർട്ടലിൽ ഡിക്ലറേഷൻ അപ്ലോഡ് ചെയ്യാമെന്നും നാലാഴ്ചയ്ക്കകം അച്ചടി മാധ്യമങ്ങൾക്കായി ഒരു പോർട്ടൽ സ്ഥാപിക്കണമെന്നും കോടതി ഉത്തരവിട്ടു.
'ഞങ്ങൾക്ക് ഒരുപാട് ചുവപ്പുനാടകൾ ആവശ്യമില്ല. പരസ്യദാതാക്കൾക്ക് പരസ്യം നൽകുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഉത്തരവാദിത്തമുണ്ടെന്ന് ഉറപ്പാക്കുക മാത്രമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്,' എന്നും കോടതി പറഞ്ഞു. ഇപ്പോൾ നിരോധിച്ചിരിക്കുന്ന പതഞ്ജലി ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ വിവിധ ഇന്റർനെറ്റ് ചാനലുകളിൽ ഇപ്പോഴും ലഭ്യമാണെന്നും കോടതി പറഞ്ഞു.
കൊവിഡ് വാക്സിനേഷൻ ഡ്രൈവിനും ആധുനിക വൈദ്യശാസ്ത്രത്തിനും എതിരെ പതഞ്ജലിയും ബാബ രാംദേവും നടത്തിയ അപവാദ പ്രചാരണം നടത്തിയെന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഹർജിയിലാണ് കോടതി വാദം കേൾക്കുന്നത്.
അതേസമയം കേസിന്റെ വാദത്തിനിടെ കഴിഞ്ഞ മാസം ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റിന് കോടതി നോട്ടീസ് അയച്ചു. ഐഎംഎയുടെയും സ്വകാര്യ ഡോക്ടർമാരുടെയും പ്രവർത്തനങ്ങളെ സുപ്രീം കോടതി വിമർശിച്ചത് ദൗർഭാഗ്യകരമാണെന്നും ബെഞ്ച് നടത്തിയ അവ്യക്തമായ പ്രസ്താവനകൾ അവരുടെ മനോവീര്യം കുറച്ചെന്നും ഐഎംഎ പ്രസിഡന്റ് ആർവി അശോകൻ ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കോടതി നോട്ടീസ് അയച്ചത്. കേസിൽ വാദം കേൾക്കുന്ന മെയ് 14 വരെ മറുപടി നൽകാൻ കോടതി സമയം നൽകി.