INDIA

സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തിലേക്ക് 'മിഷന്‍ 2047'; സുസ്ഥിര വികസനം, യുവശക്തി എന്നിവയ്ക്ക് ഊന്നല്‍

'എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടേയും വികസനം' എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് ധനമന്ത്രി

വെബ് ഡെസ്ക്

ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തിളക്കമുള്ള നക്ഷത്രമായി നിലനില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തിന് തുടക്കമിട്ടത്. ലോകത്തെ അഞ്ചാം സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയര്‍ന്നെന്ന് ധനമന്ത്രി വ്യക്തമാക്കി. 'എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടേയും വികസനം' എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് പ്രഖ്യാപിച്ച ധനമന്ത്രി, സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികമായ 2047 ലക്ഷ്യമിട്ടാണ് മുന്നോട്ട് പോകുന്നതെന്നും പറഞ്ഞു. യുവാക്കള്‍ക്ക് ഊന്നല്‍ നല്‍കി എല്ലാ പൗരന്മാര്‍ക്കും അവസരം ഉറപ്പാക്കുക , വളര്‍ച്ച ഉറപ്പാക്കലും തൊഴിലവസരം സൃഷ്ടിക്കലും, സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനം എന്നിവയാണ് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത് . ഇതിനായി സമഗ്രമായ വികസനം, എല്ലാ വിഭാഗത്തിലേക്കുമുള്ള എത്തിച്ചേരല്‍, അടിസ്ഥാന സൗകര്യ വികസനവും നിക്ഷേപവും, സാധ്യതകള്‍ പരമാവധി പ്രയോജപ്പെടുത്തല്‍, ഹരിത വികസനം, യുവ ശക്തി, സാമ്പത്തിക മേഖല എന്നിവയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

ആദായ നികുതി പുതിയ സ്‌കീമിലെ ആനുകൂല്യങ്ങളും ഇളവുകളുമാണ് മോദി സര്‍ക്കാരിന്‌റെ അവസാന സമ്പൂര്‍ണ ബജറ്റിലെ പ്രധാന ആകര്‍ഷണം. മധ്യവര്‍ഗത്തെ ലക്ഷ്യമിട്ടുള്ളതാണ് ആദായ നികുതി സ്ലാബുകളിലടക്കം പരിഷ്‌കരണം വരുത്തിയുള്ള പുതിയ പ്രഖ്യാപനം. ആദായ നികുതി ഇളവ് പരിധി 5 ലക്ഷത്തില്‍ നിന്ന് 7 ലക്ഷമാക്കിയാണ് ഉയര്‍ത്തിയത്. പുതിയ സ്കീമിലുള്ളവര്‍ക്കാണ് ഇത് ബാധകമാകുക. പുതിയ സ്കീമിന് കീഴില്‍ നികുതി സ്ലാബുകളും അഞ്ചാക്കി കുറച്ചു.

മൂലധന നിക്ഷേപം 33 ശതമാനം വര്‍ധിപ്പിച്ച് 10 ലക്ഷം കോടി രൂപയാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ഇത് ജിഡിപിയുടെ 3.3% ആകുമെന്ന് ധനമന്ത്രി വിശദീകരിക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷം വളര്‍ച്ചാനിരക്ക് 7 ശതമാനത്തിലെത്തിക്കും. 2023-24 സാമ്പത്തിക വര്‍ഷം ധനക്കമ്മി 5.9 ശതമാനമായി നിജപ്പെടുത്തി. കസ്റ്റംസ് തീരുവ 21 ശതമാനത്തില്‍ നിന്ന് 13 ശതമാനമായി കുറച്ചു. ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാൻ പൊതു തിരിച്ചറിയൽ രേഖയായി പാൻ ഉപയോഗിക്കും. കെ വൈ സി നടപടിക്രമങ്ങളും ലളിതമാക്കും. ഫിന്‍ടെക് സേവനങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന് ഡിജി ലോക്കര്‍ സേവനങ്ങള്‍ വ്യാപിപ്പിക്കും.

കാര്‍ഷിക മേഖലയിലും വലിയ പ്രഖ്യാപനങ്ങളുണ്ട്. 2200 കോടിയുടെ ഹോള്‍ട്ടി കള്‍ച്ചര്‍ പാക്കേജാണ് ബജറ്റിലുള്ളത്. കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക തുക അനുവദിക്കും. ഇത്തരം സ്റ്റാര്‍ട്ടപ്പുകള്‍ വഴി കര്‍ഷകരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും. എല്ലാ അന്ത്യോദയ ഗുണഭോക്താക്കൾക്കും ഗുണം ലഭിക്കത്തക്ക വിധം പിഎം ഗരീബ് കല്യാൺ യോജന ഒരു വർഷം കൂടി തുടരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ഇതിനായുള്ള 2 ലക്ഷം കോടി രൂപയുടെ ചെലവ് കേന്ദ്രം വഹിക്കും. 81 കോടി ജനങ്ങൾക്ക് മാസംതോറും 5 കിലോ ഭക്ഷ്യധാന്യം ലഭ്യമാകും. മത്സ്യബന്ധന മേഖലയുടെ വികസനത്തിന് 6000 കോടിയാണ് അനുവദിക്കുന്നത്.

മെഡിക്കൽ രംഗത്ത് നൈപുണ്യ വികസന പദ്ധതി പ്രഖ്യാപിച്ചു. നിലവിലുള്ള മെഡിക്കല്‍ കോളേജുകളോട് ചേര്‍ന്ന് 157 പുതിയ നഴ്സിങ് കോളേജുകൾ ഒരുക്കും. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നിന്ന് അരിവാൾ രോഗം നിർമാർജനം ചെയ്യുകയും ലക്ഷ്യമാണ്. 2516 കോടി രൂപ ചെലവിൽ 63000 പ്രാഥമിക സംഘങ്ങൾ ഡിജിറ്റൈസ് ചെയ്യും. 

ഒരു വർഷത്തേക്ക് കൂടി സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ അനുവദിക്കും. 50 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള വായ്പകളാണിത്. വനിതകള്‍ക്കും, പെണ്‍കുട്ടികള്‍ക്കുമായി മഹിള സമ്മാന്‍ സേവിങ്സ് പദ്ധതി പ്രഖ്യാപിച്ചു. രണ്ട് ലക്ഷം രൂപയുടെ നിക്ഷേപം നടത്താനാകുന്നതാണ് പദ്ധതി. 2 വര്‍ഷത്തേക്ക് 7.5% പലിശ ലഭ്യമാകും.

നിർമിത ബുദ്ധി(AI) മേഖലയ്ക്ക് ഊന്നൽ നൽകിയിരിക്കുകയാണ് ബജറ്റ്. 'നിർമിത ബുദ്ധി ഇന്ത്യയിൽ വികസിപ്പിക്കുക, ഇന്ത്യക്കായി പ്രവര്‍ത്തിക്കുക' (മേക്ക് എഐ ഫോര്‍ ഇന്ത്യ, മേക്ക് എഐ വർക്ക് ഫോർ ഇന്ത്യ ) എന്ന ലക്ഷ്യത്തോടെ 'സെൻറർ ഓഫ് എക്‌സലൻസ് ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം . അത്തരത്തിലുള്ള മൂന്ന് കേന്ദ്രങ്ങൾ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തനമാരംഭിക്കും.

റെയില്‍വേ വികസനത്തിന് എക്കാലത്തേയും ഉയര്‍ന്ന തുകയാണ് അനുവദിച്ചിരിക്കുന്നത്. 2.40 ലക്ഷം കോടിയാണിത്. നഗര വികസന പദ്ധതിക്ക് 10,000 കോടി അനുവദിച്ചു. പിഎം ആവാസ് യോജനയ്ക്ക് 66 ശതമാനം അധിക വിഹിതം അനുവദിക്കുമെന്നും പ്രഖ്യാപനമുണ്ട്. ഹരിത  ഹൈഡ്രജന്‍ മിഷന് 19,700 കോടിയും ഗോത്ര വിഭാഗങ്ങളുടെ വികസനത്തിന് 15,000 കോടിയുമാണ് അനുവദിച്ചിരിക്കുന്നത്. 2070 ഓടെ സീറോ കാര്‍ബണ്‍ എമിഷനാണ് ലക്ഷ്യം വെയ്ക്കുന്നത്.

അന്താരാഷ്ട്ര തലത്തില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ 30 സ്‌കില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററുകള്‍ തുടങ്ങും. കണ്ടല്‍ കാട് സംരക്ഷണം ഉറപ്പാക്കാനായി മിഷ്ടി പദ്ധതി തുടങ്ങും. 10,000 ബയോ ഇന്‍പുട്ട് റിസേര്‍ച്ച് സെന്ററുകളാകും സ്ഥാപിക്കുക.

2070 ഓടെ സീറോ കാര്‍ബണ്‍ എമിഷനാണ് ലക്ഷ്യമിടുന്നത്. ഹരിത ഹൈഡ്രജൻ, ബാറ്ററി സ്റ്റോറേജ് ടെക്നോളജികൾ, പുനരുൽപ്പാദിപ്പിക്കാവുന്നവ എന്നിവ ഉൾപ്പടെ ഊർജ പരിവർത്തനത്തിന് 35,000 കോടി രൂപയുടെ ധനസഹായമാണ് പ്രഖ്യാപനം.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം