ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യകക്ഷി മിസോ നാഷണൽ ഫ്രന്റ് (എംഎൻഎഫ്) കേന്ദ്രസർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ പ്രതിപക്ഷത്തെ പിന്തുണയ്ക്കും. മണിപ്പൂരിലെ വംശീയ കലാപം കൈകാര്യം ചെയ്യുന്നതിൽ നരേന്ദ്ര മോദി സർക്കാർ വരുത്തിയ വീഴ്ചയിൽ പ്രതിഷേധിച്ചാണ് തീരുമാനം. ബുധനാഴ്ച പാർട്ടിയുടെ ലോക്സഭാ അംഗമായ സി ലാൽ സോരങ്ങയാണ് ഇക്കാര്യം അറിയിച്ചത്. മിസോറാം മുഖ്യമന്ത്രി സോറംതങ്ങയുടെ നേതൃത്വത്തിലുള്ള പാർട്ടിയാണ് മിസോ നാഷണൽ ഫ്രന്റ്.
സോറംതങ്ങ ഉൾപ്പെടെയുള്ള എംഎൻഎഫ് നേതാക്കളുമായി സംസാരിച്ച ശേഷമാണ് തീരുമാനം കൈകൊണ്ടിട്ടുള്ളതെന്ന് ലാൽസോരങ്ങ അറിയിച്ചു. നേരത്തെ അദ്ദേഹവും രാജ്യസഭയിലെ എംഎൻഎഫ് പ്രതിനിധിയായ വൻലാൽവേനയും മണിപ്പൂരുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയങ്ങൾ പാർലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിച്ചിരുന്നെങ്കിലും അനുമതി നിരസിച്ചിരുന്നു.
മണിപ്പൂരിലെ വംശീയ കലാപത്തിൽ അതിക്രമങ്ങൾക്ക് ഇരയാകുന്ന ന്യൂനപക്ഷ വിഭാഗമായ കുകികൾ, മിസോ ജനതയുടെ അതേ വംശീയ വിഭാഗത്തിൽ നിന്നുള്ളവരാണ്. കഴിഞ്ഞ മാസം അവസാനം കുകി- സോമി വിഭാഗങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിൽ ജനകീയ റാലി നടന്നിരുന്നു. ഒരു എൻജിഒ സംഘടിപ്പിച്ച റാലിയിൽ മിസോറം മുഖ്യമന്ത്രി സോറംതങ്ങ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തിരുന്നു.
മേയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിന് ശേഷം മണിപ്പൂരിൽ നിന്ന് കുടിയിറക്കപ്പെട്ട കുകി- സോമി വിഭാഗത്തിലുള്ള പന്ത്രണ്ടായിരത്തോളം പേർക്ക് മിസോറം അഭയം ഒരുക്കിയിരുന്നു. പാർട്ടികൾക്കും സംഘടനകൾക്കുമതീതമായി എല്ലാവരും ഈ വിഷയത്തിൽ ഒറ്റക്കെട്ടാണ് എന്ന് സോറംതങ്ങ അന്നുതന്നെ വ്യക്തമാക്കിയിരുന്നു. മണിപ്പൂരിൽ സമാധാന നില പുനഃസ്ഥാപിക്കാൻ തന്റെ സർക്കാർ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മെയ് മൂന്നിന് ആരംഭിച്ച കലാപത്തിൽ ഇതുവരെ 170- ലധികം പേരാണ് കൊല്ലപ്പെട്ടത്. അൻപതിനായിരത്തിലധികം പേർ വീടുവിട്ടിറങ്ങേണ്ടി വന്നു. കലാപം അമർച്ച ചെയ്യാൻ സംസ്ഥാന- കേന്ദ്ര സർക്കാരുകൾ നടപടി സ്വീകരിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധമാണ് ഉയർന്നിരുന്നത്. ഇതുസംബന്ധിച്ച് ലോക്സഭയിൽ പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടെങ്കിലും തയ്യാറായിരുന്നില്ല. പിന്നാലെയാണ് 'ഇന്ത്യ' സഖ്യത്തിന്റെ നേതൃത്വത്തിൽ അവിശ്വാസ പ്രമേയം പ്രതിപക്ഷം അവതരിപ്പിച്ചത്. മണിപ്പൂരിൽ നടക്കുന്ന സംഭവങ്ങളെ പറ്റി മോദിയെ കൊണ്ട് സംസാരിപ്പിക്കുക എന്ന ലക്ഷ്യമാണ് പ്രമേയത്തിന് പിന്നിൽ.
ഓഗസ്റ്റ് എട്ടിന് തുടങ്ങിയ അവിശ്വാസ പ്രമേയ ചർച്ചയിൽ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി സംസാരിച്ചിരുന്നു. ബിജെപിയെയും നരേന്ദ്ര മോദിയെയും കടന്നാക്രമിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. മണിപ്പൂരിൽ ഹിന്ദുസ്ഥാൻ കൊലചെയ്യപ്പെട്ടുവെന്നും ബിജെപിയും മോദിയും രാജ്യം മുഴുവൻ ചുട്ടെരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വ്യാഴാഴ്ചയാണ് മോദിയുടെ മറുപടി പ്രസംഗം.