നീറ്റ് വിരുദ്ധ ബില്ലില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ നിലപാടിനെച്ചൊല്ലി തമിഴ്‌നാട്ടിൽ സര്‍ക്കാർ - ഗവര്‍ണർ പോര് തുടരുന്നു. ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് 15ന് രാജ്ഭവനില്‍ നടക്കുന്ന ചായ സത്കാരം സർക്കാർ ബഹിഷ്കരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വ്യക്തമാക്കി. നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ബില്ലില്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി ഒപ്പുവയ്ക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം.
നീറ്റ് വിരുദ്ധ ബില്ലില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ പരാമര്‍ശം നിരുത്തരവാദപരവും തമിഴ്നാടിന്റെ ഏഴുവര്‍ഷമായുള്ള നീറ്റ് വിരുദ്ധ സമരത്തെ ഇകഴ്ത്തുന്നതുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.'ഉന്നതവിദ്യാഭ്യാസ വകുപ്പിലും ഗവര്‍ണര്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. നീറ്റിനെ അനുകൂലിക്കുന്ന അദ്ദേഹത്തിന്റെ നിലപാട് വിദ്യാര്‍ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും സ്വപ്നങ്ങളെ നശിപ്പിക്കുന്നതിന് തുല്യമാണ്' എം കെ സ്റ്റാലിന്‍ പറഞ്ഞു.
തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷ റദ്ദാക്കുമെന്നായിരുന്നു മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ഉറപ്പ്. രണ്ട് തവണ നീറ്റ് പരീക്ഷ പാസാകാത്തതില്‍ മനംനൊന്ത് ശനിയാഴ്ച ചെന്നൈ ക്രോംപേട്ട് സ്വദേശിയായ വിദ്യാർഥി ജഗദീശ്വരൻ ആത്മഹത്യ ചെയ്തിരുന്നു. തിങ്കളാഴ്ച ജഗദീശ്വരന്റെ അച്ഛൻ സെൽവശേഖറും ആത്മഹത്യ ചെയ്തു.
നിരാശരായി ജീവിതം അവസാനിപ്പിക്കരുതെന്നും ആത്മവിശ്വാസത്തോടെ ജീവിതത്തെ അഭിമുഖീകരിക്കണമെന്നും എം കെ സ്റ്റാലിന്‍ വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്തു. “ജഗദീശ്വരനെപ്പോലെ എത്ര ജീവനുകൾ പൊലിഞ്ഞാലും ഗവർണറുടെ മനസ്സ് മാറാൻ പോകുന്നില്ല. മരവിച്ച ഹൃദയമുള്ള ഇത്തരക്കാർ മനുഷ്യജീവനെ വിലമതിക്കുന്നില്ല'' - എം കെ സ്റ്റാലിൻ കുറ്റപ്പെടുത്തി. നീറ്റ് മൂലമുള്ള അവസാന മരണം ഇതായിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.