കേന്ദ്രസർക്കാരിൽനിന്നുള്ള അവഗണനയിലും ഫെഡറൽ തത്വങ്ങള്‍ തകര്‍ക്കുന്ന നയത്തിലും പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തുന്ന ജനകീയ പ്രതിരോധത്തിന് തമിഴ്‌നാടിന്റെ പിന്തുണ. എട്ടിന് നടത്തുന്ന സമരത്തിൽ ഡിഎംകെ പങ്കെടുക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണക്കത്തിന് മറുപടിയായി മലയാളത്തിലുള്ള കത്ത് സ്റ്റാലിൻ എക്‌സിൽ ട്വീറ്റ് ചെയ്തു. മന്ത്രി പി രാജീവായിരുന്നു സ്റ്റാലിന് കത്ത് കൈമാറിയത്. സംസ്ഥാന സർക്കാരുകളുടെ അധികാരപരിധിയിൽ കേന്ദ്രസർക്കാർ ഇടപെടുന്നതിനെതിരെ സുപ്രീം കോടതിയിൽ കേരളത്തിന്റെ ഹർജിക്ക് തമിഴ്നാട് സർക്കാർ പൂർണ പിന്തുണ നൽകുമെന്നും സ്റ്റാലിൻ പറഞ്ഞു.
കേരളം ഡൽഹിയിൽ നടത്തുന്ന പ്രതിഷേധത്തിൽ ഡിഎംകെ പങ്കെടുക്കുമെന്നും പാർലമെന്റ് പരിസരത്ത് കറുപ്പ് വസ്ത്രങ്ങളണിഞ്ഞ് പ്രതിഷേധിക്കുമെന്നും സ്റ്റാലിൻ ട്വീറ്റിൽ അറിയിച്ചു. തമിഴ്‌നാടും പിണറായി വിജയനും മമത ബാനർജിയുമടക്കം ഭരണഘടനയിൽ അചഞ്ചലമായ വിശ്വാസമുള്ള നേതാക്കളെല്ലാവരും സംസ്ഥാനങ്ങളുടെ സ്വയംഭരണത്തിനായി ഒരുമിച്ചുനിൽക്കുകയാണ്. ഇക്കാര്യത്തിൽ വിജയിക്കുന്നതുവരെ തങ്ങളുടെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി.
സംസ്ഥാന സ്വയംഭരണം എന്ന മുദ്രാവാക്യത്തിന്റെ തീജ്വാലകളെ അണയ്ക്കാൻ ഫാസിസ്റ്റ് ബിജെപിക്ക് ഒരിക്കലും കഴിയില്ല. ധനകാര്യം, ഭരണം മുതലായവയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ നമ്മൾ ഉറപ്പായും ഉയർത്തിപ്പിടിക്കും. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നെന്നും സ്റ്റാലിൻ പറഞ്ഞു.
കേന്ദ്ര അവഗണനക്കെതിരെ കേരളത്തിനുപുറമെ കർണാടകയും തെലങ്കാനയും ഡൽഹിയിൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയാണ് കർണാടക സർക്കാരിന്റെ നേതൃത്വത്തിലുള്ള സമരം. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെയും നേതൃത്വത്തിൽ മന്ത്രിമാരും ഭരണകക്ഷി എംഎൽഎമാരും എംഎൽസിമാരും സമരത്തിൽ പങ്കെടുക്കും.