INDIA

യുഎന്‍ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം; ഇന്ത്യക്കുള്ള പിന്തുണ ആവര്‍ത്തിച്ച് ബൈഡന്‍

ന്യൂഡൽഹിയിലെ ലോക് കല്യാൺ മാർഗിൽ 7 മണിക്കാണ് ഇരു നേതാക്കളും തമ്മിലുള്ള ഉഭയകക്ഷി നടന്നത്.

വെബ് ഡെസ്ക്

യുഎന്‍ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ആവര്‍ത്തിച്ച് പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. ഇതിനായി രക്ഷാസമിതിയില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും ഇന്ന് ന്യൂഡല്‍ഹിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉറപ്പുനല്‍കി. നാളെ ആരംഭിക്കുന്ന ജി20 ഉച്ചകോടിയ്ക്കായി ഇന്ന് വൈകിട്ടാണ് ബൈഡന്‍ ഇന്ത്യയിലെത്തിയത്. രാത്രി ഏഴുമണിയോടെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ഉഭയകക്ഷി ചര്‍ച്ച നടന്നത്.

ഇന്ത്യ-അമേരിക്ക ബന്ധം ദൃഡമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് ചര്‍ച്ചയില്‍ ഇരുനേതാക്കളും വ്യക്തമാക്കി. ജെറ്റ് എന്‍ജിനുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ചും യുദ്ധ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും മറ്റും അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്ന കാര്യവും ഇരുവരും ചര്‍ച്ച ചെയ്തു.

പ്രതിരോധ സാങ്കേതിക വിദ്യ കൈമാറ്റം, സെമികണ്ടക്‌ടർ നിർമാണം എന്നിവ ചർച്ചയായി. മൈക്രോചിപ്പ് സാങ്കേതിക വിദ്യയുടെ ഗവേഷണത്തിനും വിപുലീകരണത്തിനുമായി 300 മില്യൺ ഡോളറും ഗവേഷണം, വികസനം, എഞ്ചിനീയറിംഗ് പ്രവർത്തനങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനായി 400 മില്യൺ ഡോളറും അടുത്ത അഞ്ചുവർഷത്തിനിടെ ഇന്ത്യയില്‍ നിക്ഷേപിക്കുമെന്ന് ചര്‍ച്ചയില്‍ ബൈഡന്‍ ഉറപ്പ് നല്‍കി. കാലവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കലടക്കമുള്ള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്‌തു.

ചര്‍ച്ചയില്‍ ഇരുനേതാക്കളും തങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിക്കുകയും സുസ്ഥിര വികസനം ത്വരിതപ്പെടുത്തുക, ബഹുമുഖ സഹകരണം ശക്തിപ്പെടുത്തുക, പൊതു നയങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി ആഗോളതലത്തിൽ സമവായം കെട്ടിപ്പടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ഇരു രാഷ്ട്രങ്ങളും മുന്നോട്ട് കൊണ്ടുപോകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

2024-ൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അടുത്ത ക്വാഡ്‌ ഉച്ചകോടിയിലേക്ക് ബൈഡനെ മോദി സ്വാഗതം ചെയ്തു. ഇന്ത്യയുടെ ചന്ദ്രയാൻ-3 ന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിയെയും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ (ISRO) ശാസ്ത്രജ്ഞരെയും എഞ്ചിനീയർമാരെയും പ്രസിഡന്റ് ബൈഡൻ അഭിനന്ദിച്ചു. കൂടാതെ, ബഹിരാകാശ സഹകരണത്തിന്റെ എല്ലാ മേഖലകളിലും പുതിയ പദ്ധതികൾ നടത്തുന്നതിനും നിലവിലുള്ള ഇന്ത്യ-യുഎസ് സിവിൽ സ്പേസ് ജോയിന്റ് വർക്കിംഗ് ഗ്രൂപ്പിന് കീഴിൽ വാണിജ്യ ബഹിരാകാശ സഹകരണത്തിനായി ഒരു വർക്കിംഗ് ഗ്രൂപ്പ് സ്ഥാപിക്കുന്നതിനുള്ള നീക്കത്തെയും ഇരുനേതാക്കളും സ്വാഗതം ചെയ്തു.

ക്യാൻസർ ഗവേഷണം, പ്രതിരോധം, നിയന്ത്രണം, മാനേജ്മെന്റ് എന്നിവയിൽ ഉഭയകക്ഷി ബന്ധം ദൃഡമാക്കും. കാൻസർ ജനിതകശാസ്ത്രത്തിലെ അറിവ് വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ശാസ്ത്രീയവും ആരോഗ്യപരവുമായ സഹകരണം ശക്തിപ്പെടുത്തുന്നതിനും സുഗമമാക്കുന്നതിനുമുള്ള പ്രതിബദ്ധതയെക്കുറിച്ചും ഇരുനേതാക്കളും സംസാരിക്കുകയുണ്ടായി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അടുത്ത ബന്ധം വീണ്ടും ഉറപ്പിച്ചെന്നും ചർച്ച ഫലപ്രദമായിരുന്നുവെന്നും പിന്നീട് സംയുക്ത പ്രസ്താവനയില്‍ ഇരുനേതാക്കളും വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ