മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ശിവസേന നല്‍കിയ പരസ്യം വിവാദമാകുന്നു. 'ഇന്ത്യയ്ക്ക് നരേന്ദ്ര മോദി, മഹാരാഷ്ട്രയ്ക്ക് ഏകനാഥ് ഷിന്‍ഡെ' എന്ന തലക്കെട്ടോടെയാണ് ശിവസേന പരസ്യം നല്‍കിയത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയും, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും പാര്‍ട്ടി ചിഹ്നമായ അമ്പും വില്ലുമാണ് പരസ്യത്തിലുള്ളത്. ഇരുവരേയും 'ഡ്രീം ടീം' എന്നാണ് പരസ്യത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്, ബാലാസാഹേബ് താക്കറെ എന്നിവരെ കുറിച്ചൊന്നും പരസ്യത്തില്‍ പ്രതിപാദിച്ചിട്ടില്ല. ഇതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.
സര്‍വേയുടെ അടിസ്ഥാനത്തിലാണ് പരസ്യം നല്‍കിയതെന്ന് ശിവസേന വ്യക്തമാക്കി
മുഖ്യമന്ത്രി ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ഫഡ്നാവീസും തമ്മിലുള്ള പടലപ്പിണക്കമാണോ പരസ്യത്തിനു പിന്നിലെന്ന് ഊഹാപോഹങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ പരസ്യത്തെ കുറിച്ചുള്ള വിശദീകരണവുമായി ശിവസേന രംഗത്തെത്തി. ഫഡ്നാവിസിനേക്കാള്‍ ജനപിന്തുണ ഷിന്‍ഡേയ്ക്കാണെന്ന സര്‍വേയുടെ അടിസ്ഥാനത്തിലാണ് പരസ്യം നല്‍കിയതെന്ന് ശിവസേന വ്യക്തമാക്കി. സര്‍വേ പ്രകാരം, 26.1 ശതമാനം ആളുകള്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയ്ക്കും, 23.2 ശതമാനം ആളുകള്‍ ദേവേന്ദ്ര ഫഡ്നാവിസിനുമാണ് പിന്തുണ നല്‍കിയത്. സംസ്ഥാനത്ത് ഏകദേശം 49.3ശതമാനം ആളുകള്‍ ബിജെപിയെയും ശിവസേനയേയും പിന്തുണയ്ക്കുന്നുണ്ടെന്ന് സര്‍വേയിലൂടെ തെളിഞ്ഞതായും ശിവസേന കൂട്ടിച്ചേര്‍ത്തു. ബിജെപി- ശിവസേന കൂട്ടുകെട്ട് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട് എന്നതിന്റെ വലിയ തെളിവാണിതെന്നും ശിവസേന വ്യക്തമാക്കി. താനും ഉപമുഖ്യമന്ത്രിയും ചേര്‍ന്നാണ് സംസ്ഥാനത്തെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകുന്നതെന്നും, ഞങ്ങള്‍ ഇരുവരും ജനങ്ങളുടെ മനസിലുണ്ടെന്നും ഷിന്‍ഡെയും പറഞ്ഞു.
മോദി-ഷാ ശിവസേനയായി മാറി കഴിഞ്ഞെന്ന് സഞ്ജയ് റാവത്ത് വിമര്‍ശിച്ചു
പ്രധാനമന്ത്രിയും, ഷിന്‍ഡെയുമുള്ള മുഴുവന്‍ പേജ് പരസ്യത്തില്‍ ബാലാസാഹേബ് താക്കറെയെക്കുറിച്ച് പരാമർശിക്കാത്തതില്‍ അതൃപ്തി പ്രകടമാക്കി ഉദ്ധവ് സേനാ എംപി സഞ്ജയ് റാവത്ത് രംഗത്തെത്തി. മുന്‍പ് ബാല്‍ താക്കറെയുടെ ശിവസേനയായിരുന്നു. എന്നാല്‍ പരസ്യം ആ അന്തരീക്ഷം മായ്ച്ചു. ഇപ്പോള്‍ ഇത് മോദി-ഷാ ശിവസേനയായി മാറി കഴിഞ്ഞിരിക്കുന്നു. അന്തരിച്ച ബാലാസാഹേബ് താക്കറെയുടെ ചിത്രം എവിടെ? സഞ്ജയ് റാവത്ത് ചോദിച്ചു.
ഇതുപോലൊരു പരസ്യം താൻ മുമ്പ് കണ്ടിട്ടില്ലെന്ന് എൻസിപി നേതാവ് അജിത് പവാർ പ്രതികരിച്ചു. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യത്തെ അനുഭവമാണിതെന്നും അജിത് പവാർ പരിഹസിച്ചു.
അതിനിടെ കോഹ്ലാപൂരില്‍ ഷിന്‍ഡെ പങ്കെടുത്ത പരിപാടിയില്‍ നിന്നും ഫഡ്നാവിസ് വിട്ടുനിന്നിരുന്നു. ആരോഗ്യപരമായ കാരണങ്ങളാണ് പിന്മാറ്റത്തിന് കാരണമെന്നും, ഇതിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നും ശിവസേന വ്യക്തമാക്കി.