INDIA

'തിരഞ്ഞെടുപ്പ് വിജയത്തിന് മോദി പ്രഭാവവും ഹിന്ദുത്വ പ്രത്യയശാസ്ത്രവും മാത്രം മതിയാകില്ല': വിമർശനവുമായി ആർഎസ്എസ് മുഖപത്രം

കര്‍ണാടകയിൽ പ്രാദേശിക പ്രശ്നങ്ങളിൽ ഊന്നൽ നൽകിയതാണ് കോണ്‍ഗ്രസ് വിജയത്തിന്റെ അടിസ്ഥാനമെന്ന് വിലയിരുത്തൽ

വെബ് ഡെസ്ക്

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വിജയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവവും ഹിന്ദുത്വ പ്രത്യയശാസ്ത്രവും മാത്രം മതിയാകില്ലെന്ന് ആര്‍എസ്എസ്. തിരഞ്ഞെടുപ്പ് വിജയത്തിനായി ഈ രണ്ട് തന്ത്രങ്ങൾ മാത്രം പ്രയോഗിക്കുന്നതിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടിയും വിമര്‍ശനമുയര്‍ത്തിയും ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍ രംഗത്തെത്തി. പ്രാദേശികതലത്തിലെ ശക്തമായ ഇടപെടലാണ് വിജയത്തിന് ആവശ്യമെന്ന് ഓര്‍ഗനൈസറിലെ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു

കർണാടക തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയത്തെ വിശകലനം ചെയ്തുകൊണ്ടുള്ള എഡിറ്റോറിയലിലാണ് വിമർശനം. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടിക്ക് 'മോദി മാജിക്' മാത്രം മതിയാകില്ല എന്നതിന്റെ സൂചനയാണ് കർണാടക തിരഞ്ഞെടുപ്പിലെ പരാജയമെന്നാണ് വിലയിരുത്തൽ.

ഞെട്ടിക്കുന്നതല്ലെങ്കിലും കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ഓര്‍ഗനൈസര്‍ എഡിറ്റര്‍ പ്രഫുല്ല കേത്കറുടെ ആര്‍ട്ടിക്കൾ തുടങ്ങുന്നത്. ബിജെപിക്ക് സ്ഥിതിഗതികൾ വിലയിരുത്താനുള്ള ശരിയായ സമയമാണിതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനതലത്തിൽ സ്വാധീനം ചെലുത്താനായാൽ മാത്രമെ ഇനി തിരഞ്ഞെടുപ്പുകളിൽ വിജയം കാണാനാകൂ. കര്‍ണാടകയിൽ അതുണ്ടായില്ലെന്നാണ് ആര്‍എസ്എസിന്റെ വിലയിരുത്തൽ.

നരേന്ദ്രമോദി അധികാരമേറ്റതിന് ശേഷം ബിജെപിക്ക് ആദ്യമായി ഒരു നിയമസഭാ തിരഞ്ഞെടുപ്പിൽ അഴിമതി ആരോപണങ്ങളെ പ്രതിരോധിക്കേണ്ടി വന്നു. ദേശീയ തലത്തിലുള്ള പരിപാടികൾ ഉപയോഗിച്ച് വോട്ടർമാരെ ആകർഷിക്കാൻ ഭരണകക്ഷി പരമാവധി ശ്രമിച്ചു. അതേസമയം പ്രാദേശിക തലത്തിലെ വിഷയങ്ങളുയര്‍ത്താനാണ് കോൺഗ്രസ് പരമാവധി ശ്രമിച്ചത്. ഉയര്‍ന്ന പോളിങ് അനുകൂലമാക്കുന്നതില്‍ ബിജെപി പരാജയപ്പെട്ടു. മന്ത്രിമാര്‍ക്കെതിരായ ആരോപണങ്ങളെ നേതൃത്വം പരിഗണിച്ചില്ല.

കർണാടക തിരഞ്ഞെടുപ്പിൽ വോട്ട് നേടാൻ പ്രാദേശികവാദം ഉപയോഗിച്ചു.തിരഞ്ഞെടുപ്പുകളിൽ ഭാഷാപരമായ വിഭജനവും പ്രാദേശിക ഉപ-പ്രാദേശികവാദവും ഉപയോഗിക്കുന്നത് അപകടകരമായ പ്രവണതയാണ്. ഡോ. അംബേദ്കർ ഈ അപകടകരമായ തന്ത്രത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഓർഗനൈസർ

കർണാടകയിലെ വൻ വിജയത്തിലേക്ക് നയിച്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കൾ മുൻനിരയിൽ രംഗത്തിറങ്ങിയപ്പോൾ ദേശീയ നേതാക്കൾ നിസാരമായ പങ്കാണ് വഹിച്ചതെന്നും ആര്‍എസ്എസ് ചൂണ്ടിക്കാട്ടുന്നു. 2018 നേക്കാൾ അഞ്ച് ശതമാനം അധിക വോട്ടുകൾ നേടാൻ അതവരെ സഹായിച്ചു.

കർണാടക തിരഞ്ഞെടുപ്പിൽ വോട്ട് നേടാൻ കോണ്‍ഗ്രസ് പ്രാദേശികവാദം ഉപയോഗിച്ചുവെന്നും ഓര്‍ഗനൈസര്‍ പറയുന്നു . തിരഞ്ഞെടുപ്പുകളിൽ ഭാഷാപരമായ വിഭജനവും പ്രാദേശിക, ഉപ-പ്രാദേശികവാദവും ഉപയോഗിക്കുന്നത് അപകടകരമായ പ്രവണതയാണ്. ഡോ. അംബേദ്കർ ഈ അപകടകരമായ തന്ത്രത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കർണാടക തിരഞ്ഞെടുപ്പിലെ കോൺഗ്രസ് വിജയത്തിൽ മതവും പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നാണ് നിരീക്ഷണം. ആവശ്യങ്ങൾ മുന്നോട്ടുവച്ചാണ് കോണ്‍ഗ്രസിന് മുസ്ലീങ്ങള്‍ വോട്ട് ചെയ്തതെന്നാണ് വിമര്‍ശനം.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി