''ലക്ഷദ്വീപ് ശാന്തസുന്ദരമാണ്. അവിടുത്തെ മനോഹരമായ ബീച്ചിലൂടെയുള്ള പ്രഭാത നടത്തം മാസ്മരിക അനുഭൂതിയാണ്'', ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ശരിയാണ്, ലക്ഷദ്വീപ് ശാന്തമായിരുന്നു, 2020-ല്‍ അഡ്മിനിസ്‌ട്രേറ്ററായ പ്രഫുല്‍ ഖോഡ പട്ടേല്‍ എത്തുന്നതുവരെ. ശേഷമുണ്ടായതെല്ലാം രാജ്യം പലവട്ടം ചര്‍ച്ച ചെയ്തതാണ്. ഭരണപരിഷ്‌കാരങ്ങളുടെ പേരില്‍ അഡ്മിനിസ്‌ട്രേറ്ററും ദ്വീപ് ജനതയും തമ്മിലുണ്ടായ ഏറ്റുമുട്ടലുകള്‍, അടിച്ചമര്‍ത്തലുകള്‍, നിരോധനങ്ങള്‍...
വിവാദങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമൊടുവില്‍, പ്രധാനമന്ത്രി ദ്വീപിലെത്തി. ജനതയുമായി സംവദിച്ചു. വികസന പദ്ധതികള്‍ പ്രഖ്യാപിച്ചു. ഏറ്റവുമൊടുവില്‍ ലക്ഷദ്വീപ് ശാന്തസുന്ദരമാണെന്ന് പുകഴ്ത്തുകയും ചെയ്തു. രാജ്യത്തെ തന്ത്രപ്രധാന മേഖലയായ ലക്ഷദ്വീപില്‍ സര്‍ക്കാര്‍ വന്‍ നീക്കങ്ങള്‍ നടത്താന്‍ പോകുന്നെന്ന് ദേശീയമാധ്യമങ്ങള്‍ ആഘോഷിച്ചു. 'മാലിദ്വീപ് പിടിച്ച ചൈനയ്ക്ക്' ബദലായി ലക്ഷദ്വീപിനെ ഇന്ത്യ വളര്‍ത്തുന്നുവെന്ന് ബിജെപി സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തി. ശരിക്കും ലക്ഷദ്വീപിനെ മോദി വളര്‍ത്തുകയാണോ തളര്‍ത്തുകയാണോ?
പ്രഫുല്‍ ഖോഡ പട്ടേലിന്റെ 'ഭരണപരിഷ്‌കാരങ്ങള്‍ക്ക്' എതിരെ ലക്ഷദ്വീപ് ജനത നടത്തിയ സമരങ്ങളുടെ നിലവിലെ സ്ഥിതി എന്താണ്? പ്രതിഷേധങ്ങളുടെ വലിയ വേലിയേറ്റങ്ങള്‍ക്ക് ശേഷം, രാജ്യത്തെ മറ്റെല്ലാ സമരങ്ങളേയും പോലെ ലക്ഷദ്വീപുകാരുടെ നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടവും ഇന്ത്യന്‍ മുഖ്യധാര വിസ്മൃതിയിലേക്ക് തള്ളി. ലക്ഷദ്വീപിനു വേണ്ടി ആദ്യംമുതല്‍ നിലകൊണ്ട കേരളം പോലും പതിയെ വിഷയം വിട്ടു.
പ്രഫുല്‍ പട്ടേലും ഉദ്യോഗസ്ഥവൃന്ദവും ചേര്‍ന്ന് ഉഴുതുമറിച്ചിട്ട മണ്ണിലേക്ക് യാതൊരു സങ്കോചവും കൂടാതെ മോദി വരികയും വികസനത്തിന്റെ വെളിച്ചം ദ്വീപിനെ തേടിയെത്തിയിരിക്കുന്നെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ, ഭൂമിയും അസ്ഥിത്വവും നഷ്ടപ്പെടുമെന്ന ആധിയും പേറി കോടതി വ്യവഹാരങ്ങളും പ്രതിഷേധങ്ങളുമായി ദ്വീപ് വാസികള്‍ ഇപ്പോഴും പോരാട്ടം തുടരുകയാണ്.
ബീഫ് നിരോധനത്തിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടെങ്കിലും ലക്ഷദ്വീപില്‍നിന്ന് കോഴിക്കോട് ബേപ്പൂരിലേക്കുള്ള യാത്രക്കപ്പല്‍ നിരോധനം നീക്കിയിട്ടില്ല. സ്‌കൂളുകളില്‍നിന്ന് മലയാളം മീഡിയം ഒഴിവാക്കി സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറ്റുന്നതടക്കമുള്ള കേരളവുമായുള്ള 'ബന്ധം വിച്ഛേദിക്കാനുള്ള' ശ്രമങ്ങളുമായി അഡ്മിനിസ്‌ട്രേറ്റര്‍ മുന്നോട്ടുപോവുകയാണ്. ഇതിനെല്ലാം അപ്പുറത്ത്, ജീവല്‍ പ്രശ്‌നമായി ദ്വീപ് ജനത ഉയര്‍ത്തിക്കാട്ടിയ പണ്ടാര ഭൂമി ഏറ്റെടുക്കാനുള്ള നടപടികളും ഭരണകൂടം ഊർജിതമാക്കുന്നു. മോദി ദ്വീപിപില്‍ കാലുകുത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഇതു സംബന്ധിച്ചുള്ള വിജ്ഞാപനമിറക്കി അധികൃതര്‍.
പണ്ടാരഭൂമിയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി കെട്ടിടങ്ങളാണ് അധികൃതര്‍ ഇടിച്ചുനിരത്തിയത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വ്യാപകമായി തടയപ്പെട്ടു. വീട് പുതുക്കിപ്പണിയാന്‍ പോലും സാധിക്കാത്ത, വര്‍ഷങ്ങളായി താമസിച്ചിരുന്ന വീട്ടില്‍ ഒരു ചായ്പ്പിറക്കി കെട്ടാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് ദ്വീപ് ജനത എടുത്തെറിയപ്പെട്ടു.
ചിറക്കല്‍ രാജവംശം മുതല്‍ ഭരണാധികാരികള്‍ ജനങ്ങള്‍ക്ക് പാട്ടത്തിന് കൊടുത്ത ആള്‍പ്പാര്‍പ്പില്ലാത്ത ഭൂമിയാണ് പണ്ടാര ഭൂമി. പതിറ്റാണ്ടുകളായി ഈ ഭൂമിയിലെ വലിയ പ്രദേശം ദ്വീപ് ജനത കൈവശം വെച്ചിരിക്കുകയാണ്. 2019-ല്‍ കൈവശാവകാശം ഉള്ളവരുടെ പണ്ടാര ഭൂമിയില്‍ അവര്‍ക്ക് സമ്പൂര്‍ണ്ണ അവകാശം എന്ന നിയമ ഭേദഗതി കൊണ്ടുവന്നിരുന്നു. എന്നാല്‍, 2020-ല്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ അഡ്മിനിസ്‌ട്രേറ്ററായി വന്നതോടെ, ഇത് നടപ്പാക്കാന്‍ തയ്യാറായില്ല. 26 ജനവാസമില്ലാത്ത ദ്വീപുകളും പണ്ടാരത്തില്‍പ്പെടും. വലിയ ദ്വീപുകളായ അഗത്തി, കവരത്തി, കല്‍പേനി, ആന്ത്രോത്ത് മിനിക്കോയി എന്നീ ദ്വീപുകളിലും പണ്ടാരഭൂമിയുണ്ട്.
'ഭൂമിപ്രശ്‌നമാണ് ഞങ്ങളുടെ ഏറ്റവും വലിയ ആധി'
ദ്വീപുനിവാസികളെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന പണ്ടാരഭൂമി വിഷയത്തില്‍ തങ്ങളിപ്പോഴും കോടതിയിലും പുറത്തും പോരാടിക്കൊണ്ടിരിക്കുകയാണെന്ന് പറയുന്നു ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍. ലക്ഷദ്വീപ് ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ്, അവിടേയും ഞങ്ങള്‍ക്ക് സ്വാധീനം ഉറപ്പിക്കാന്‍ കഴിഞ്ഞുവെന്ന് തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് രാജ്യത്ത് പ്രതീതി സൃഷ്ടിക്കാനാണ് മോദിയുടെ ഈ വരവ്. ടൂറിസം മേഖലയില്‍ തദ്ദേശിയരായ ആളുകളുടെ ഒരു പദ്ധതിക്കും ഭരണകൂടം അനുമതി നല്‍കുന്നില്ല. പകരം, പുറത്തുനിന്ന് വരുന്ന വന്‍കിട കമ്പനികള്‍ക്ക് കുടപിടിക്കാനാണ് ശ്രമിക്കുന്നത്.
1965-ലെ ലക്ഷദ്വീപ് ഭൂപരിഷ്‌കരണ നിയമം പ്രകാരം, പണ്ടാര ഭൂമിയുടെ കൈവശാവകാശം ആര്‍ക്കാണെന്ന് കൃത്യമായി പറയുന്നുണ്ട്. ബ്രിട്ടീഷുകാര്‍ക്ക് മുന്‍പും അറയ്ക്കല്‍ ബീവിമാരുടെ കാലത്തും ഈ ഭൂമി കയ്യേറ്റം ചെയ്യാന്‍ ശ്രമം നടന്നിട്ടുണ്ട്. അന്ന് അറയ്ക്കല്‍ ബീവിയുടെ ഭരണകാലത്ത് നിര്‍ബന്ധിച്ച് ജനങ്ങളെക്കൊണ്ട് ഒരു എഗ്രിമെന്റ് ഉണ്ടാക്കി. ഒറ്റപ്പെട്ട ഭൂപ്രദേശങ്ങളിലെല്ലാം നിങ്ങള്‍ വീടുവയ്ക്കുകയും തെങ്ങ് കൃഷി ചെയ്യണമെന്നും ഭൂമിയുടെ വില കൂട്ടാനുള്ള കാര്യങ്ങളെല്ലാം ചെയ്യണം എന്നും നിഷ്‌കര്‍ഷിക്കുന്ന ഉടമ്പടിയുണ്ടാക്കി. അത് ബ്രിട്ടീഷുകാര്‍ പിന്തുടര്‍ന്നു. ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ഈ ഭൂമിയുടെ അവകാശികള്‍ ആരാണെന്ന് വ്യക്തമാക്കി 1965-ല്‍ നിയമമുണ്ടാക്കി.
അന്ന് ഉടമ്പടിയുണ്ടാക്കിയത് ആരൊക്കെയാണോ, അവരും പിന്തുടര്‍ച്ചക്കാരുമാണ് ഈ ഭൂമിയുടെ അവകാശികളെന്ന് ഈ നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്. അതിന് ശേഷം ലാന്‍ഡ് രജിസ്‌ട്രേഷനില്‍ ദ്വീപുകാരുടെ പേരാണ് ഉള്ളത്. ഉടമസ്ഥാവകാശം ലഭിക്കണമെങ്കില്‍ ഈ ആക്ട് അനുസരിച്ച് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് അപേക്ഷ നല്‍കണം. ഈ അപേക്ഷ ലഭിച്ചു കഴിഞ്ഞാല്‍, നിഷേധിക്കാനും തടഞ്ഞുവയ്ക്കാനുമൊന്നും അഡ്മിനിസ്‌ട്രേറ്റര്‍ക്ക് അവകാശമില്ല. ആരെങ്കിലും തമ്മില്‍ തര്‍ക്കമുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ഇടപെടാം. അഡ്മിനിസ്‌ട്രേറ്ററുടെ വിവേചനാധികാരമല്ല, അതു കൊടുത്തിരിക്കണം.മുഹമ്മദ് ഫൈസല്‍
പണ്ടാരഭൂമിയുമായി ബന്ധപ്പെട്ട പരാതികളും പ്രശ്‌നങ്ങളും മറ്റും പഠിക്കാനായി നരേന്ദ്ര മോദി സര്‍ക്കാര്‍ നിയോഗിച്ച ഹഖ് കമ്മിറ്റി ലക്ഷദ്വീപിലേക്ക് വരികയും അഡ്മിനിസ്‌ട്രേറ്ററോടും ജനങ്ങളോടുമൊക്കെ ആശയവിനിമയം നടത്തി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഒക്കുപ്പന്‍സി റൈറ്റ് ലഭിക്കാനായി 1982, 86,2013 വര്‍ഷങ്ങളില്‍ അപേക്ഷ ക്ഷണിക്കുകയും 1500-ഓളം അപേക്ഷകള്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് ലഭിക്കുകയും ചെയ്തു. ഒക്കുപ്പന്‍സി റൈറ്റ് കിട്ടുമെന്ന വിശ്വാസത്തില്‍ പലരും ഭൂമി വില്‍ക്കുകയും ചെയ്തു. ഭൂമി ഏറ്റെടുക്കാന്‍ പട്ടേല്‍ വരുന്നതിന് മുന്‍പ് ഒരുതരത്തിലുള്ള അവകാശവും അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഉണ്ടായിരുന്നില്ല.
ഇതാണ്, ലക്ഷദ്വീപിലെ പ്രധാന പ്രശ്‌നം. നിലനില്‍പ്പിന്റെ യുദ്ധം മൂന്നുവര്‍ഷമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ദ്വീപിലെ ആള്‍ത്താമസമില്ലാത്ത ഭൂമികളെല്ലാം സര്‍ക്കാരിന്റെ ഭാഗമാണെന്ന് നോട്ടിഫിക്കിഷേന്‍ ഇറക്കി. സര്‍ക്കാരിന്റെ ഭാഗമല്ലാത്ത ഭൂമിയെങ്ങനെ സര്‍ക്കാരിന് തിരിച്ചെടുക്കാന്‍ സാധിക്കും? ഇത് സര്‍ക്കാര്‍ ഭൂമിയാക്കി കഴിഞ്ഞാല്‍ അവര്‍ക്ക് ഇഷ്ടപ്പെടുന്നവര്‍ക്ക് ലീസിന് കൊടുത്ത് കമ്പനികളില്‍നിന്ന് വലിയ കച്ചവട ലാഭം കൊയ്യാം.
''ടൂറിസം വികസനമാണ് ലക്ഷ്യമെങ്കില്‍ വിദ്യാസമ്പന്നരായ ലക്ഷദ്വീപ് യുവാക്കള്‍ നല്‍കിയ പ്രോജക്ടുകള്‍ക്ക് അനുമതി നല്‍കുകയുല്ലേ വേണ്ടത്? തദ്ദേശീയരുടെ പദ്ധതികള്‍ ഒന്നും അംഗീകരിക്കുന്നില്ല. ദ്വീപുകാര്‍ വേണമെങ്കില്‍ ഇവിടെനിന്ന് പൊക്കോട്ടെ, ഭൂമി നമുക്ക് വേണം എന്നാണ് മോദി സര്‍ക്കാരിന്റെ നിലപാട്. ഈ മൂന്നുവര്‍ഷത്തിനിടെ ദ്വീപുകാര്‍ക്ക് എന്തെങ്കിലും സഹായം അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കിയതായി ഞങ്ങള്‍ക്കറിയില്ല. കോടതിയെ സമീപിച്ച് ഞങ്ങള്‍ ഇതിനെല്ലാം സ്റ്റേ വാങ്ങി. പ്രധാനമന്ത്രിയില്‍നിന്ന് ജനങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചത് പണ്ടാര ഭൂമി വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്ന വാക്കാണ്. പക്ഷേ ആ വിഷയത്തെ പറ്റി ഒരക്ഷരം മോദി മിണ്ടിയില്ല,''മുഹമ്മദ് ഫൈസല്‍ പറയുന്നു.
'കേരളവും ഞങ്ങളെ മറക്കുകയാണ്'
ദ്വീപിനെ സംബന്ധിച്ച് മോദിയുടെ ഈ വരവ് നിര്‍ണായകമാണെന്ന് സിപിഐ ലക്ഷദ്വീപ് സംസ്ഥാന സെക്രട്ടറി സി ടി നജുമുദ്ദീന്‍ പറയുന്നു. 2020-ന് ശേഷം ബിജെപി നയങ്ങള്‍ ദ്വീപില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. അതിന് വേഗത കൂട്ടാനുള്ള വരവാണിത്.
ദ്വീപിനെ പൂര്‍ണമായി കേരളത്തില്‍ നിന്നകറ്റി. ശരിക്കും കേരളത്തെയാണ് ദ്വീപിന്റെ മെയിന്‍ ലാന്‍ഡ് ആയി കണക്കാക്കിയിരുന്നത്. ഇത് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ദ്വീപിലെ പാഠ്യപദ്ധതി കേരള സിലബസില്‍ നിന്ന് മാറ്റി. ലക്ഷദ്വീപിന്റെ കേസുകള്‍ പരിഗണിക്കാനുള്ള അധികാരം കേരള ഹൈക്കോടതിയില്‍ നിന്ന് മാറ്റാന്‍ ശ്രമം നടന്നു.
ദ്വീപിലേക്ക് എത്താനുള്ള പ്രധാന മാര്‍ഗം കൊച്ചിയും കോഴിക്കോടും ആയിരുന്നു. ഇത് കര്‍ണാടകയിലേക്ക് മാറ്റുന്നു. സ്‌കൂളുകളിലെ അവധി ദിനം വെള്ളിയാഴ്ച ആയിരുന്നു, അതെടുത്തു കളഞ്ഞു. വന്‍ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചു എന്നാണ് ബിജെപി പറയുന്നത്. ജനതയുടെ തനത് ജീവിത ശൈലി തകിടം മറിച്ച് അവര്‍ക്ക് പരിചിതമല്ലാത്ത ജീവിത സാഹചര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് അഡ്മിനിസ്‌ട്രേറ്റര്‍ ചെയ്യുന്നത്. ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നത്.
ബിജെപിയുടെ കടന്നുകയറ്റത്തെ ചെറുക്കാന്‍ ഇവിടുത്തെ പ്രധാന പാര്‍ട്ടികളായ എന്‍സിപിയും കോണ്‍ഗ്രസും ഒന്നും ചെയ്യുന്നില്ല. മോദിയുടെ വരവും വികസന പദ്ധതികളുടെ പ്രഖ്യാപനവും സിപിഐ ബഹിഷ്‌കരിച്ചിരുന്നു. ദ്വീപില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സാന്നിധ്യം താരതമ്യേന കുറവാണ്. പക്ഷേ, ഞങ്ങള്‍ ഉയര്‍ത്തുന്ന പ്രതിഷേധത്തിന്റെ അത്രപോലും ശക്തി കോണ്‍ഗ്രസും എന്‍സിപിയും ഉയര്‍ത്തുന്ന പ്രതിഷേധ ശബ്ദങ്ങള്‍ക്കില്ല. എന്‍സിപി എംപിയെ അയോഗ്യനാക്കിയും കേസുകളില്‍ കുടുക്കിയും ബിജെപി വരുതിയിലാക്കി. അതുകൊണ്ട്, അവര്‍ക്ക് ബിജെപിയുടെ ബി ടീം ആയി നില്‍ക്കുകയല്ലാതെ മറ്റു വഴികളില്ല.
കേരളത്തില്‍ നിന്നുള്ള പ്രതിഷേധമായിരുന്നു ദ്വീപുവാസികള്‍ക്ക് വലിയ പിന്തുണ നല്‍കിയിരുന്നത്. എന്നാല്‍, കേരളവും ഇപ്പോള്‍ ദ്വീപിനെ മറന്ന മട്ടാണ്. സമരങ്ങളുണ്ടാകുന്നില്ല, ആദ്യത്തെ സമര വേലിയേറ്റങ്ങള്‍ക്ക് ശേഷം കേരളവും ഈ വിഷയം മറന്നുതുടങ്ങുകയാണെന്നും നജുമുദീന്‍ പറയുന്നു.
''ബിജെപിയുടെ കടന്നുകയറ്റത്തെ ചെറുക്കാന്‍ ഇവിടുത്തെ പ്രധാന പാര്‍ട്ടികളായ എന്‍സിപിയും കോണ്‍ഗ്രസും ഒന്നും ചെയ്യുന്നില്ല. മോദിയുടെ വരവും വികസന പദ്ധതികളുടെ പ്രഖ്യാപനവും സിപിഐ ബഹിഷ്‌കരിച്ചിരുന്നു. ദ്വീപില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സാന്നിധ്യം താരതമ്യേന കുറവാണ്. പക്ഷേ, ഞങ്ങള്‍ ഉയര്‍ത്തുന്ന പ്രതിഷേധത്തിന്റെ അത്രപോലും ശക്തി കോണ്‍ഗ്രസും എന്‍സിപിയും ഉയര്‍ത്തുന്ന പ്രതിഷേധ ശബ്ദങ്ങള്‍ക്കില്ല. എന്‍സിപി എംപിയെ അയോഗ്യനാക്കിയും കേസുകളില്‍ കുടുക്കിയും ബിജെപി വരുതിയിലാക്കി. അതുകൊണ്ട്, അവര്‍ക്ക് ബിജെപിയുടെ ബി ടീം ആയി നില്‍ക്കുകയല്ലാതെ മറ്റു വഴികളില്ല,'' നജുമുദീന്‍ പറഞ്ഞു.
32.62 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് ലക്ഷദ്വീപിന്റെ ആകെ വ്യാപ്തി. ചുറ്റും പരന്നുകിടക്കുന്ന അറബിക്കടലിനോളം ആധിയുണ്ട് ഈ ഇത്തിരിമണ്ണിലെ മനുഷ്യരുടെയുള്ളില്‍. ആ ആധിയുടെ കടലിരമ്പം തീര്‍ത്തിട്ടാണ്, നരേന്ദ്ര മോദി അവിടെപ്പോയി ബീച്ചിലിരുന്നു കാറ്റുകൊള്ളുന്നതും പവിഴപ്പുറ്റുകാണാന്‍ മുങ്ങാംകുഴിയിടുന്നതും.