ഈസ്റ്റര്‍ ദിനത്തില്‍ ഡല്‍ഹിയിലെ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈകിട്ട് 5.30യോടെയാണ് മോദി കത്തീഡ്രലില്‍ എത്തിയത്. 20 മിനിറ്റോളം നീണ്ട സന്ദർശനത്തില്‍ പ്രധാനമന്ത്രി പള്ളിയില്‍ നടന്ന പ്രാർഥനയിലും പങ്കെടുത്തു. ഡല്‍ഹി അതിരൂപതയുടേയും ഫരീദാബാദ് അതിരൂപതയുടേയും ആര്‍ച്ച് ബിഷപ്പുമാര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കനത്ത സുരക്ഷാ സന്നാഹങ്ങള്‍ പള്ളിയില്‍ ഏര്‍പ്പെടുത്തിയിരുന്നു. പ്രാര്‍ഥനയ്ക്ക് ശേഷം കത്തീഡ്രലിന്റെ മുറ്റത്ത് വൃക്ഷത്തൈ നട്ടതിന് ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്. ഇതാദ്യമായാണ് ഈസ്റ്റര്‍ ദിനത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു ക്രൈസ്തവ ദേവാലയം സന്ദര്‍ശിക്കുന്നത്. ക്രൈസ്തവ സഭകളുമായി അടുക്കാനുള്ള ബിജെപി ശ്രമത്തിനിടയിലാണ് ഈ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്.
ബിജെപി ക്രിസ്ത്യന്‍ വിശ്വാസികളെ കൂടെ കൂട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു സന്ദര്‍ശനം ആസൂത്രണം ചെയ്തതെന്നും വിമര്‍ശനങ്ങളുയരുന്നുണ്ട്. അതേ സമയം രാഷ്ട്രീയമായ പരാമര്‍ശങ്ങളൊന്നും മോദി നടത്തിയിട്ടില്ല. മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സന്ദര്‍ശനത്തിന് ശേഷമാണ് മോദി പളളിയിലെത്തിയത്. പിന്നീട് ബിജെപി ഡല്‍ഹി ഓഫീസിലേക്ക് യാത്ര തിരിച്ചു.
ഇന്ന് രാവിലെ ട്വിറ്ററിലൂടെ പ്രധാനമന്ത്രി ഈസ്റ്റര്‍ ആശംസകള്‍ നേർന്നിരുന്നു. സമൂഹത്തില്‍ ഐക്യം ശക്തിപ്പെടുത്താനും ജനങ്ങളെ സേവിക്കാനും താഴേക്കിടയിലുള്ളവരെ ശാക്തീകരിക്കാനും ആളുകള്‍ക്ക് പ്രചോദനമാകട്ടെ ഈ ഈസ്റ്റർ എന്നായിരുന്നു സന്ദേശം. യേശു ക്രിസ്തുവിന്റെ ഭക്തിനിർഭരമായ ചിന്തകളെ നാം ഓര്‍മിക്കുന്ന ദിവസമാണെന്നും ട്വീറ്റില്‍ പറയുന്നു.
നേരത്തെ തന്നെ ക്രൈസ്തവ സഭകളുമായി അടുക്കാനുള്ള നീക്കങ്ങള്‍ ബിജെപി നടത്തിയിട്ടുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെയാണ് ക്രിസ്ത്യന്‍ സഭകളെ കൂടെ നിര്‍ത്താനുള്ള ബിജെപി പ്രയത്നങ്ങള്‍ വീണ്ടും സജീവ ചർച്ചയായത്. കഴിഞ്ഞ ദിവസം മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കേരളത്തില്‍, ഈസ്റ്റര്‍ ദിനത്തില്‍ കേന്ദ്ര മന്ത്രിയായ വി മുരളീധരനും മുതിര്‍ന്ന നേതാക്കളും സഭാധ്യക്ഷന്മാരെ നേരില്‍ കണ്ട് ആശംസകള്‍ അറിയിച്ചിരുന്നു.