INDIA

മോദിയുടെയും ഇന്ദിരയുടെയും അടിയന്തരാവസ്ഥ ഒരുപോലല്ല; വ്യത്യാസം പറഞ്ഞ് പ്രബീർ പുരകായസ്തയുടെ പുസ്തകം

വെബ് ഡെസ്ക്

ഇന്ദിരാ ഗാന്ധിയുടെ കാലത്തെ അടിയന്തരാവസ്ഥയെയും രാജ്യത്തെ ഇപ്പോഴത്തെ രാഷ്ട്രീയ ചുറ്റുപാടിനെയും താരതമ്യം ചെയ്യുന്ന പ്രബീർ പുരകായസ്തയുടെ പുതിയ പുസ്തകം 'കീപ്പിങ് അപ്പ് ദി ഗുഡ് ഫൈറ്റ്' ചർച്ചയാകുന്നു. ഒക്ടോബറിൽ പുറത്തുവന്ന പുസ്തകം, ജെ എൻ യുവിൽ പഠിച്ചിരുന്ന കാലത്തെ അടിയന്തരാവസ്ഥയുടെ ഓർമകൾ പറഞ്ഞുകൊണ്ടാണ് പ്രബീർ തുടങ്ങുന്നത്.

ജെ എൻ യുവിൽ പഠിക്കുന്ന കാലത്ത്, 1975 സെപ്റ്റംബർ 25 ന് നടന്ന ഒരു സംഭവമാണ് പ്രബീർ ആദ്യം വിവരിക്കുന്നത്. ജെ എൻ യുവിലെ ഭാഷ വിഭാഗത്തിന്റെ മുന്നിൽ സുഹൃത്തുക്കളോടൊപ്പം നിൽക്കുകയാണ് പ്രബീർ. ഒരു കറുത്ത അംബാസിഡർ കാർ മുന്നിൽ വന്നുനിന്നു. അതിൽ മഫ്തിയിലുള്ള പോലീസായിരുന്നു.

പോലീസ് നേരെ വന്ന് പ്രബീറിനോട് ചോദിക്കുന്നത്, നിങ്ങൾ ഡി പി ത്രിപാഠിയാണോ എന്നാണ്. ത്രിപാഠി അന്നത്തെ ജെ എൻ യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായിരുന്നു. അപ്പോഴേക്കും ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മൂന്നു മാസം കഴിഞ്ഞിരുന്നു. താൻ ത്രിപാഠിയല്ലെന്ന് പറഞ്ഞിട്ടും അവർ തന്നെ തട്ടിക്കൊണ്ടുപോയി, മിസ തടവുകാരനായി ഒരു വർഷം ജയിലിൽ കിടക്കേണ്ടി വന്നു, പ്രബീർ എഴുതുന്നു.

അഞ്ച് പതിറ്റാണ്ടിനിപ്പുറം നരേന്ദ്രമോദി ഭരിക്കുന്ന ഇന്ത്യയിലെ അവസ്ഥ ഏറെ വ്യത്യസ്തമാണെന്നാണ് പ്രബീറിന്റെ പക്ഷം. മറ്റൊരു ദിവസം വിവരിച്ചുകൊണ്ടാണ് പ്രബീർ ഇത് പറയുന്നത്. 2021 ഫെബ്രുവരി ഒൻപതിന് ഡൽഹിയിലെ തന്റെ വസതിയിൽ ഇ ഡി റെയ്ഡിന് വന്ന ദിവസമായിരുന്നു അത്.

പ്രഭാതഭക്ഷണം കഴിച്ച് പത്രം വായിച്ചുകൊണ്ടിരുന്ന സമയത്തതാണ് ആരോ കോളിങ് ബെല്ലടിച്ചത്. വാതിൽ തുറന്നു നോക്കിയപ്പോൾ ഒരു ഔദ്യോഗികമായി എന്തോ അറിയിക്കാൻ വന്നതെന്ന് തോന്നിപ്പിക്കുന്ന ഒരാളെയാണ് ആദ്യം കണ്ടത്. കൂടെ നിരവധി പേരുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കയ്യിൽ ഒരു കവർ ഉണ്ടായിരുന്നു. പിന്നീടാണ് മനസിലായത് റെയ്ഡിന് വേണ്ടി വന്നവരാണെന്ന്.

അവിടെ തുടങ്ങിയ റെയ്ഡ് അഞ്ച് ദിവസം നീണ്ടു. കൃത്യമായി പറഞ്ഞാൽ 113 മണിക്കൂർ. ഞാൻ 2009ൽ ആരംഭിച്ച വാർത്താ പോർട്ടലായ ന്യൂസ്‌ക്ലിക്ക് ആയിരുന്നു അവരുടെ ലക്ഷ്യം. ഇന്ത്യയിൽ നടന്നിട്ടുള്ള ഏറ്റവും നീണ്ട ഇഡി റെയ്ഡുകളിൽ ഒന്നായിരിക്കും അതെന്നും പ്രബീർ എഴുതുന്നു.

തന്റെ ഓർമയിലെ ഏറ്റവും കൂടുതൽ സമയം നീണ്ടുനിന്ന റെയ്ഡ് അദ്ദേഹം ഓർത്തെടുക്കുന്നുമുണ്ട്. അത് രാജമാതാ ഗായത്രിദേവിയുടെ വസതിയിൽ നടന്ന പത്ത് ദിവസത്തോളം നീണ്ടതാണെന്നും അദ്ദേഹം പറയുന്നു. മൂന്ന് ചതുരശ്ര കിലോമീറ്ററുകൾ നീണ്ടുനിൽക്കുന്ന വലിയ കെട്ടിട സമുച്ചയമായിരുന്നു അത്.

തന്റെ വീട്ടിൽ നടന്ന റെയ്ഡ് അവസാനിക്കാൻ അത്രയും സമയമെടുത്തത്, ഗൂഗിളിൽനിന്ന് വിവരങ്ങളും ഇ മെയിലിൽനിന്ന് ഉൾപ്പെടെയുള്ള ഫയലുകളടക്കം ഡൗൺലോഡ് ചെയ്തെടുക്കാൻ കാലതാമസം നേരിട്ടതിനാലാണ്, വേഗതയുള്ള ഇന്റർനെറ്റ് കണക്ഷൻ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ മണിക്കൂറുകൾക്കുള്ളിൽ എല്ലാം അവസാനിപ്പിച്ച് അവർക്ക് പോകാമായിരുന്നുവെന്നും പ്രബീർ എഴുതുന്നു. തന്റെ വീട്ടിലെ ഇന്റർനെറ്റ് കണക്ഷൻ വളരെ ദുർബലമായതാണ് എല്ലാറ്റിനും കാരണമെന്നും അദ്ദേഹം തമാശരൂപേണ പറയുന്നു.

അടിയന്തരാവസ്ഥയുമായുള്ള എന്റെ ആദ്യത്തെ ഏറ്റുമുട്ടൽ ജെഎൻയുവിൽ നടന്ന ഒരു വിദ്യാർത്ഥി പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു. അശോക് ലത എന്ന വിദ്യാർഥിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട പ്രതിഷേധമായിരുന്നു അത്. അതിൽ സീതാറാം യെച്ചൂരിയുൾപ്പെടെയുള്ള നിരവധിപ്പേരുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

എന്നാൽ ഇപ്പോൾ ഇന്ത്യയിലുള്ള അടിയന്തരാവസ്ഥയുമായി തന്റെ ഏറ്റുമുട്ടൽ ഇങ്ങനെയല്ലെന്നും പ്രബീർ പറയുന്നു. ന്യൂസ്ക്ലിക്ക് താരതമ്യേന വളരെ ചെറിയ സ്ഥാപനമാണ്. ആ സ്ഥാപനമല്ല, പകരം അത് ഏറ്റെടുത്ത വാർത്തകളായിരുന്നു മോദി സർക്കാരിന് ബുദ്ധിമുട്ടുണ്ടാക്കിയ്. പൗരത്വനിഷേധത്തിനെതിരായ പ്രതിഷേധങ്ങൾ നടക്കുന്ന സമയത്ത് ന്യൂസ്‌ക്ലിക്ക് ചെയ്ത വാർത്തകൾ ഇന്ത്യയ്ക്കകത്ത് മാത്രമല്ല പുറത്തും വലിയ രീതിയിൽ ആളുകൾ കാണുകയും വായിക്കുകയും ചെയ്തിരുന്നുവെന്നും പ്രബീർ പറയുന്നു.

പ്രബീർ പുരകായസ്ത

ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതലായി പറയുന്നില്ലെന്നും അത് കോടതിയിൽ നടക്കുന്ന കാര്യമാണെന്നും ആ വിഷയം കോടതിയിൽ തന്നെ നേരിടുമെന്നും എഴുതുന്ന പ്രബീർ, തനിക്കോ ന്യൂസ്‌ക്ലിക്കിനോ വാർത്തയാകാൻ താല്പര്യമില്ല, വാർത്തകൾ സമഗ്രമായി റിപ്പോർട്ട് ചെയ്യുകയാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നും പറയുന്നു. സമൂഹത്തിൽ അധികം കേൾക്കാത്ത മനുഷ്യരുടെ ശബ്ദം ഉറക്കെ കേൾപ്പിക്കുകയാണ് അതിന്റെ ലക്ഷ്യം.

രണ്ട് അടിയന്തരാവസ്ഥകളും അടിച്ചമർത്തലുകൾ; പക്ഷേ ഒരു വ്യത്യാസം

ഇന്ദിര ഗാന്ധിയുടെയും നരേന്ദ്രമോദിയുടെയും കാലത്തെ അടിയന്തരാവസ്ഥയുടെ വ്യത്യാസം അതിന്റെ സമീപനത്തിലും പ്രത്യേശാസ്ത്രത്തിലുമാണെന്നാണ് പ്രബീർ പുരകായസ്തയുടെ പക്ഷം. കോൺഗ്രസ് നടത്തിയത് അടിച്ചമർത്തൽ തന്നെയാണെങ്കിലും ഒരു വിഭാഗം ജനങ്ങളെ അപരരായി കാണുകയും രണ്ടാം തരം മനുഷ്യരായി മാറ്റി നിർത്തുകയും ചെയ്യുന്ന രീതി കോൺഗ്രസ് സ്വീകരിച്ചിരുന്നില്ല. എന്നാൽ ബി ജെ പിയുടെ കാര്യം അങ്ങനെയല്ലെന്നാണ് പ്രബീർ പറയുന്നത്. അടിച്ചമർത്തലായിരുന്നെങ്കിലും കോൺഗ്രസിന്റേത് മതേതരത്വമുള്ള അടിച്ചമർത്തലായിരുന്നു എന്നാണ് പ്രബീറിന്റെ പക്ഷം. 2014 മുതൽ ബി ജെപി ലക്ഷ്യം വയ്ക്കുന്നത് മുസ്ലിങ്ങളെയും ദളിതരെയും സ്ത്രീകളെയുമാണ്. കോൺഗ്രസും അടിയന്തരാവസ്ഥക്കാലത്ത് ഇതുപോലെ മനുഷ്യരെ ലക്ഷ്യം വച്ചിരുന്നെങ്കിലും അത് മതം നോക്കിയായിരുന്നില്ല.

ആളുകളെ വന്ധ്യംകരിച്ചുകൊണ്ട് കുടുംബാസൂത്രണം നടത്തിയതും സാധാരണക്കാരുടെ കിടപ്പാടം തന്നെ ഇല്ലാതാക്കി നഗരം സൗന്ദര്യവത്കരണം നടത്തിയതും അടിയന്തരാവസ്ഥയുടെ തീവ്രമായ മുഖമാണ്. എന്നാൽ ന്യുനപക്ഷങ്ങളെ തേടിപ്പിടിച്ച് ആക്രമിക്കുന്ന രീതി അന്ന് ഇല്ലായിരുന്നു. ന്യുനപക്ഷങ്ങൾക്ക് രണ്ടാംകിട പൗരരായി മാത്രമേ ഈ രാജ്യത്ത് നിൽക്കാനാകൂയെന്ന സവർക്കറുടെ ആശയം കോൺഗ്രസ് പിന്തുടരുന്നില്ല. കോൺഗ്രസിന് പ്രത്യക്ഷത്തിൽ ആ നിലപാടിലേക്ക് പോകാനാകില്ല എന്നതാണ് അതിന് കാരണം. വിനോബാ ഭാവയുൾപ്പെടെയുള്ളവർ അടിയന്തരാവസ്ഥയെ വിവരിക്കുന്നത് ചെറിയ കാലത്തേക്കുണ്ടായിരുന്ന അച്ചടക്കത്തിന്റെ ആഘോഷം എന്നാണ്. അത്രയും തീവ്രത അതിനു നല്കാൻ അവർ ഉദ്ദേശിച്ചിരുന്നില്ല.

എന്നാൽ ഇന്നത്തെ ഭരണസംവിധാനത്തിൽ വളരെ വ്യക്തമായി തന്നെ ഈ ആശയം നിലനിൽക്കുന്നുണ്ട്. ജനങ്ങളിൽനിന്ന് വരുന്ന പ്രതിഷേധങ്ങൾ പ്രതിരോധിക്കാൻ അവർക്ക് സംവിധാനങ്ങളുണ്ട്. അന്ന് അത് രഹസ്യമായി ചെറിയ സംഘങ്ങൾ മാത്രം കൈകാര്യം ചെയ്തിരുന്നതാണെങ്കിൽ ഇവിടെ അതാണ് മുഖ്യധാര. വിദ്വേഷ രാഷ്ട്രീയമാണ് ഇന്ന് എല്ലാത്തിന്റെയും അടിസ്ഥാനം. കോൺഗ്രസിന്റെ ജീനിൽ അതില്ലെന്നും എന്നാൽ സംഘടനാപരമായിതന്നെ ആർ എസ് എസിന്റെ പക്കൽ അതുണ്ടെന്നും പ്രബീർ എഴുതുന്നു.

നരേന്ദ്രമോദി
പാർക്കിൻസൺ രോഗം പിടിപെട്ട് ജയിലിൽ കിടന്ന് സ്റ്റാൻസ്വാമിക്ക് മരിക്കേണ്ടിവന്നതിന് ഭരണകൂടമാണ് ഉത്തരവാദിയെന്നും വളരെ അടിസ്ഥാനപരമായി ഒരു രോഗിക്ക് നൽകേണ്ട, വെള്ളം കുടിക്കാൻ ആവശ്യമായ സ്ട്രോപോലും കോടതിയിൽ പോയി നേടേണ്ടി വരുന്നിടത്ത് ഭരണകൂടത്തിന്റെ സമീപനം വ്യക്തമാണെന്നും പ്രബീർ പറയുന്നു.

ഇന്ന് നമ്മൾ കാണുന്ന മറ്റൊരു പ്രധാനപ്പെട്ട വെല്ലുവിളി നമ്മുടെ സംസ്കാരത്തിനും വിദ്യാഭ്യാസ സംവിധാനത്തിനും ശാസ്ത്രീയവും യുക്തിപരവുമായ പ്രവർത്തനങ്ങൾക്കും നേരെ നടക്കുന്ന കടന്നുകയറ്റമാണ്. ഇതെല്ലാം ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും പറയുന്ന പ്രബീർ പുരകായസ്ത, സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലാതിരുന്ന ആർ എസ് എസ് അതുകൊണ്ട് തന്നെ അന്നത്തെ ആശയങ്ങളിൽനിന്ന് വ്യതിചലിച്ച് മറ്റൊരു പാതയിലേക്കെത്തിക്കാൻ ശ്രമിക്കുകയാണെന്നും അവർ കാണുന്ന ഇന്ത്യ ഒരു മതവും ഒരു ജനതയും മാത്രമുള്ള രാജ്യമാണെന്നും പറയുന്നു. തെരുവുകൾക്കും നഗരങ്ങൾക്കും പുതിയ പേരിട്ടും, എല്ലായിടത്തും ക്ഷേത്രങ്ങൾ പണിതും അവർ പുറകിലേക്കാണ് സഞ്ചരിക്കുന്നത്. ഭാവിയിലേക്ക് അവർക്ക് ഒന്നും നൽകാനില്ല.

ഈ അടിയന്തരാവസ്ഥയെ നമ്മൾ എങ്ങനെ നേരിടുമെന്ന ചോദ്യത്തിനും പ്രബീർ പുറകായസ്ഥയ്ക്ക് ഉത്തരമുണ്ട്. അതിന് വലിയ തോതിൽ ആളുകൾ ഒത്തുചേരേണ്ടതുണ്ടെന്നും അവിടെയാണ് കർഷകസമരം പ്രസക്തമാകുന്നതെന്നും പ്രബീർ പറയുന്നു. ഉത്തർപ്രദേശിൽ ജാട്ട് വിഭാഗവും മുസ്ലിങ്ങളും സമരത്തിന്റെ ഭാഗമായി ഒന്നിച്ചു. 2013 സെപ്റ്റംബറിൽ മുസാഫർനഗറിൽ ജാട്ടുകളും മുസ്ലിങ്ങളും തമ്മിൽ നടന്ന കലാപത്തിന്റെ തീവ്രതമനസിലാക്കിയാൽ മാത്രമേ നമുക്ക് ഈ ഐക്യം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് മനസിലാവുകയുള്ളൂ. അതുകൊണ്ടുതന്നെ ജാതിയധിക്ഷേപത്തിൽ നടക്കുന്ന സമരങ്ങളും വിദ്യാർത്ഥി സമരങ്ങളും ആർ എസ് എസിനെ അലോസരപ്പെടുത്തുമെന്നതിൽ സംശയം വേണ്ടെന്നും പ്രബീർ എഴുതുന്നു.

ഇന്ദിര ഗാന്ധി

ഇന്ദിരാ ഗാന്ധിയുടെ കാലത്ത് ജയിലിൽ കിടക്കുന്ന പലരും നാളെ ഭരണത്തിലിരിക്കാൻ സാധ്യതയുള്ളവരാണ് എന്നതുകൊണ്ട് തന്നെ അത്തരം വ്യക്തികളെ വ്യത്യസ്തമായാണ് കൈകാര്യം ചെയ്തത്. എന്നാൽ മോഡി സർക്കാർ ആളുകളെ കൈകാര്യം ചെയ്യുന്ന രീതി വ്യത്യസ്തമാണെന്ന് പറയുന്ന പ്രബീർ അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമായി ഉയർത്തിക്കാണിക്കുന്നത് സ്റ്റാൻ സ്വാമിയുടെ മരണമാണ്. പാർക്കിൻസൺ രോഗം പിടിപെട്ട് ജയിലിൽ കിടന്ന് സ്റ്റാൻസ്വാമിക്ക് മരിക്കേണ്ടിവന്നതിന് ഭരണകൂടമാണ് ഉത്തരവാദിയെന്നും വളരെ അടിസ്ഥാനപരമായി ഒരു രോഗിക്ക് നൽകേണ്ട, വെള്ളം കുടിക്കാൻ ആവശ്യമായ സ്ട്രോപോലും കോടതിയിൽ പോയി നേടേണ്ടി വരുന്നിടത്ത് ഭരണകൂടത്തിന്റെ സമീപനം വ്യക്തമാണെന്നും പ്രബീർ പറയുന്നു.

പുസ്തകത്തിലുടനീളം പ്രബീർ പ്രതീക്ഷ നിലനിർത്തുന്നുണ്ട്. സാധാരണക്കാരുടെ അവകാശലംഘനങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ തന്നെ തിരിച്ചുള്ള ചോദ്യങ്ങളും കൃത്യമായി കേൾക്കാൻ സാധിക്കുന്നുണ്ടെന്ന് പ്രബീർ എഴുതുന്നു. കോടതികൾ ഇത്തരത്തിലുള്ള നിരവധി കേസുകൾ പരിഗണിക്കുന്നുണ്ടെന്നത് പ്രത്യാശ നൽകുന്നുണ്ടെന്നും പ്രബീർ എഴുതുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും