INDIA

കള്ളപ്പണം വെളുപ്പിക്കൽ കേസ്: സെന്തിൽ ബാലാജിയുടെ സഹോദരൻ കൊച്ചിയിൽ അറസ്റ്റിൽ

സെന്തിൽ ബാലാജിക്കെതിരെ കഴിഞ്ഞ ദിവസമാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്

വെബ് ഡെസ്ക്

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരന്‍ ഇഡി കസ്റ്റഡിയിൽ. സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിനെ കൊച്ചിയിൽ വെച്ചാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. സെന്തിൽ അറസ്റ്റിലായതിന് പിന്നാലെ നിരവധി തവണ ഇഡി നോട്ടീസ് അയച്ചിട്ടും അശോക് കുമാർ ഹാജരായിരുന്നില്ല. പിന്നാലെയാണ് അറസ്റ്റ്. അശോക് കുമാറിനെ ചെന്നൈയിൽ എത്തിക്കുമോ അതോ കൊച്ചിയിൽ വെച്ച് തന്നെ ചോദ്യം ചെയ്യുമോ എന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.

സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്ത ഇഡി സംഘം തന്നെയാണ് അശോക് കുമാറിനെയും അറസ്റ്റ് ചെയ്തത്. നേരത്തെ മന്ത്രിയുടെ വീട് റൈഡ് ചെയ്തപ്പോൾ അശോക് കുമാറിന്റെയും വീട് ഇഡി റൈഡ് ചെയ്തിരുന്നു. പിന്നാലെ ആദ്യനികുതി വകുപ്പ് ഹാജരാകാൻ ആവശ്യപ്പെട്ട് അശോക് കുമാറിന് 4 തവണ നോട്ടീസ് അയച്ചിരുന്നു. എന്നാൽ അശോക് കുമാർ ഹാജരായില്ല. അശോക് ബാലാജി, അശോകിന്റെ ഭാര്യ നിർമല, സെന്തിലിന്റെ ഭാര്യാ മാതാവ് പി ലക്ഷ്മി എന്നിവർക്ക് മൊഴി രേഖപ്പെടുത്തുന്നതിന് ഒന്നിലധികം തവണ സമൻസ് അയച്ചിരുന്നുവെന്നും എന്നാൽ അവർ ഇതുവരെ നേരിട്ട് ഹാജരായിട്ടില്ലെന്നും ഇ ഡി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഇതിന് പുറമെ ഈ മാസം 10 ന് അശോകിന്റെ ഭാര്യ നിർമ്മലയുടെ സ്വത്തുക്കളും ഇഡി മരവിപ്പിച്ചിരുന്നു. നിർമലയുടെ പേരിൽ കരൂരിൽ ഉള്ള 30 കോടിയിലധികം വിലമതിക്കുന്ന 2.49 ഏക്കർ ഭൂമിയാണ് മരവിപ്പിച്ചത്.

അതേസമയം, സെന്തിൽ ബാലാജിക്കെതിരെ കഴിഞ്ഞ ദിവസമാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സെന്തിലിനെതിരെ 3000 പേജുള്ള കുറ്റപത്രമാണ് അന്വേഷണ ഏജൻസി സമർപ്പിച്ചത്. കുറ്റപത്രത്തിൽ സെന്തിൽ ബാലാജിയുടെ പേര് മാത്രമാണുള്ളത്. നിലവിൽ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ബാലാജി.

സ്റ്റാലിൻ മന്ത്രിസഭയിലെ വൈദ്യുതി - എക്സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയെ ജൂണിലാണ് ഇഡി അറസ്റ്റ് ചെയ്തത്. ജയലളിത മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരിക്കെ ജോലി നല്‍കുന്നതിന് കോഴ ആവശ്യപ്പെട്ടുവെന്നതായിരുന്നു കേസ്. 2011-2015 കാലത്ത് ഗതാഗത മന്ത്രിയായിരിക്കെ ട്രാൻസ്​പോർട്ട് കോർപറേഷനിലെ ഡ്രൈവർ, കണ്ടക്ടർ നിയമനത്തിന് പണം വാങ്ങിയെന്നായിരുന്നു ആരോപണം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ