INDIA

'മണിപ്പൂർ കലാപം, ഡേറ്റ സംരക്ഷണ ബിൽ, ഡൽഹി ഭേദഗതി'; പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് തുടങ്ങും

സമ്മേളനത്തിൽ മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നതാണ് പ്രതിപക്ഷ കക്ഷികളുടെ പ്രധാന ആവശ്യം

വെബ് ഡെസ്ക്

പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് തുടങ്ങും. ഓഗസ്റ്റ് പതിനൊന്ന് വരെ നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ 31 ബില്ലുകളാണ് ചർച്ചയ്‌ക്കെത്തുക. മണിപ്പൂർ കലാപം, ഏക സിവിൽ കോഡ്, ഡൽഹി അധികാരത്തർക്കത്തിലെ ഭേദഗതി ബില്‍ തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസർക്കാർ ബുധനാഴ്ച സർവകക്ഷിയോഗം വിളിച്ചിരുന്നു.

സമ്മേളനത്തിൽ ചർച്ച ചെയ്യുന്ന 31 ബില്ലുകളുടെ കൂട്ടത്തിൽ വിവാദമായ ഡാറ്റ സംരക്ഷണ ബിൽ 2022 ഉം ഉൾപ്പെടുന്നു

ഇന്ന് ചേരുന്ന സമ്മേളനത്തിൽ മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നതാണ് പ്രതിപക്ഷ കക്ഷികളുടെ പ്രധാന ആവശ്യം. വെറുമൊരു ചർച്ചയല്ല പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് വിശദമായ പ്രതികരണമാണ് വേണ്ടതെന്ന് കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടിരുന്നു. പാർലമെന്ററി കാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി വിളിച്ചു ചേർത്ത യോഗത്തിൽ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്ങായിരുന്നു അധ്യക്ഷൻ.

ഡൽഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്, ഉദ്യോഗസ്ഥർക്ക് മേലുള്ള അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന ഭേദഗതി സുപ്രീംകോടതിയുടെ പരിഗണനയിൽ ആയതിനാൽ പിൻവലിക്കണമെന്നും യോഗത്തിൽ വിശാല പ്രതിപക്ഷ (INDIA) അംഗങ്ങൾ ഒന്നടങ്കം ആവശ്യപ്പെട്ടതായി കോൺഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു.

സമ്മേളനത്തിൽ ചർച്ച ചെയ്യുന്ന 31 ബില്ലുകളുടെ കൂട്ടത്തിൽ വിവാദമായ ഡാറ്റ സംരക്ഷണ ബിൽ, 2022 ഉം ഉൾപ്പെടുന്നു. ബില്ലിന് കേന്ദ്ര ക്യാബിനറ്റ് അടുത്തിടെ അംഗീകാരം നൽകിയിരുന്നെങ്കിലും എന്തൊക്കെ മാറ്റങ്ങളാണ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനെ കുറിച്ച് വ്യക്തതയില്ല. വിവരാകാശ നിയമത്തിന്റെ അന്തസത്തയെ തന്നെ റദ്ദ് ചെയ്യുന്ന ചില നിർദേശങ്ങൾ കരടിലെ പോലെ തന്നെ ഇതിലും ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നതിലും വ്യക്തത വരും. വിവാദമായ പല വിഷയങ്ങളും കരട് ബില്ലിൽ ഉൾപ്പെട്ടിരുന്നു.

കൂടാതെ, പച്ചക്കറികളുടെയും അവശ്യ സാധനങ്ങളുടെയും കുതിച്ചുയരുന്ന വിലയിലും ചർച്ച ഉണ്ടായേക്കും. കൃത്യമായ നിലയ്ക്ക് തന്നെ ഈ വിഷയത്തെ കൈകാര്യം ചെയ്യണമെന്നാണ് പ്രതിപക്ഷം മുന്നോട്ടുവച്ച ആവശ്യം. അതേസമയം, പ്രതിപക്ഷം നിരവധി വിഷയങ്ങൾ സർവകക്ഷി യോഗത്തിൽ ഉന്നയിച്ചുവെന്നും അതിലെല്ലാം ചർച്ചയുണ്ടാകുമെന്നും പ്രള്‍ഹാദ് ജോഷി പറഞ്ഞു. മണിപ്പൂർ വിഷയമാണ് എല്ലാവരും ഉന്നയിച്ചത്. അതിനെ പറ്റി ചർച്ച ചെയ്യാൻ സർക്കാർ ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃണമൂൽ കോൺഗ്രസ് ബുധനാഴ്ച നടന്ന യോഗത്തിൽ പങ്കെടുത്തിരുന്നില്ല. 'സമയ നഷ്ടമാണ്' എന്നാക്ഷേപിച്ചുകൊണ്ടാണ് പാർട്ടി യോഗത്തിൽ നിന്ന് വിട്ടുനിന്നത്.

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ വിശാല പ്രതിപക്ഷമായ ഇന്ത്യ ഇന്ന് രാവിലെ യോഗം ചേരും. വിശാല പ്രതിപക്ഷത്തിന്റെ പാർലമെന്ററി നേതാക്കൾ രാവിലെ 10 മണിക്ക് രാജ്യസഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയുടെ ചേമ്പറിലാണ് യോഗം ചേരുക.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ