സ്ത്രീ സുരക്ഷയ്ക്ക് മുഖ്യപരിഗണനയെന്ന് സര്‍ക്കാരുകള്‍ ആവര്‍ത്തിക്കുമ്പോള്‍ ഇന്ത്യയില്‍ നിന്നും കാണാതാകുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ടുകള്‍. 2019 മുതൽ 2021 വരെയുള്ള കാലയളവില്‍ മാത്രം 10 ലക്ഷത്തിലധികം സ്ത്രീകളെയാണ് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് കാണാതായിട്ടുണ്ടെന്നാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) കണക്കുകള്‍ വ്യക്തമാക്കുന്നത്.
2021ൽ മാത്രം 18 വയസ്സിന് മുകളിലുള്ള 3,75,058 സ്ത്രീകളെയാണ് രാജ്യത്തുനിന്നും കാണാതായത്. 2019 മുതൽ 2021 വരെയുള കണക്കുകള്‍ പരിശോധിച്ചാല്‍ മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ സ്ത്രീകളെയും പെൺകുട്ടികളെയും കാണാതായിരിക്കുന്നത്. 2019 മുതൽ 2021 വരെ രാജ്യത്തുടനീളം 10,61,648 സ്ത്രീകളെയാണ് കാണാതായത്. ഇതേ കാലയളവിൽ തന്നെ 2,51,430 പെൺകുട്ടികളെയും (പതിനെട്ട് വയസിന് താഴെ) കാണാതായി.
13,278 പെൺകുട്ടികളാണ് പശ്ചിമ ബംഗാളിൽ നിന്ന് കാണാതായത്.
2019- 52119, 2020 - 52357, 2021 - 55704 എന്നിങ്ങനെയാണ് മധ്യപ്രദേശിൽ നിന്ന് കാണാതായ സത്രീകളുടെ കണക്ക്. മഹാരാഷ്ട്രയിലെ കണക്കുകള്‍ പ്രകാരം 2019 - 63167, 2020 - 58735, 2021 - 56498 പേരെയും കാണാതായി. 18 വയസിനു താഴെയുള്ള 90,113 പെൺകുട്ടികളാണ് രാജ്യത്ത് നിന്ന് 2021 ൽ മാത്രം കാണാതായത്. എന്നാൽ, കാണാതായ പെൺകുട്ടികളുടെ എണ്ണത്തിൽ പശ്ചിമ ബംഗാളാണ് മുന്നിൽ. 13,278 പെൺകുട്ടികളെയാണ് പശ്ചിമ ബംഗാളിൽ നിന്ന് കാണാതായത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗുജറാത്തിൽനിന്ന് 41,621 സ്ത്രീകളെ കാണാതായതായി നേരത്തെ എൻസിആർബി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോര്‍ട്ടിന് പിന്നാലെ മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള ചര്‍ച്ചകളും സജീവമായിരുന്നു. സ്ത്രീകളെ മനുഷ്യക്കടത്തിന് ഉപയോഗിക്കുന്നുവെന്നും പദവിയിൽ ഇരിക്കുമ്പോൾ ഇത്തരം കേസുകൾ ശ്രദ്ധയിൽ പെട്ടുവെന്നും പറഞ്ഞ് ഗുജറാത്ത് പോലീസ് മുൻ അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. രാജൻ പ്രിയദർശി രംഗത്തെത്തിയിരുന്നു. ഇന്ത്യ മനുഷ്യക്കടത്ത് തടയുന്നതിനുള്ള ഏറ്റവും കുറഞ്ഞ മാനദണ്ഡങ്ങള്‍ പോലും പാലിക്കുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ 2022ലെ ഹ്യൂമന്‍ ട്രാഫിക്കിങ് റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.
എന്നാല്‍, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതും അതുമായ ബന്ധപ്പെട്ട അന്വേഷണവും വിചാരണയുമെല്ലാം അതത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. 2013 ലെ ക്രിമിനൽ ലോ (ഭേദഗതി) നിയമം നടപ്പാക്കിയത് ഉൾപ്പെടെ സ്ത്രീകൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയാൻ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന.