പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായ അപ്രതീക്ഷിത ട്വിസ്റ്റുകള്‍ക്കിടെയാണ് പതിനെട്ടാം ലോക്‌സഭയുടെ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടന്നത്. മത്സരം ഒഴിവാക്കി ഓം ബിര്‍ലയ്ക്ക് സ്ഥാനാരോഹണം നടത്താനുള്ള ശ്രമങ്ങള്‍ ആവുംവിധം നടത്തിനോക്കിയിട്ടും ബിജെപി പരാജയപ്പെട്ടു. പ്രതിപക്ഷം കൊടിക്കുന്നില്‍ സുരേഷിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. സ്പീക്കര്‍ തിരഞ്ഞെടുപ്പ് വേളയില്‍ വോട്ടെടുപ്പ് ആവശ്യപ്പെടാതെ പ്രതിപക്ഷം വിട്ടുവീഴ്ച ചെയ്തതും ബിജെപിയെ അമ്പരിപ്പിച്ചുണ്ടാകാം.
ബിര്‍ല വീണ്ടും സ്പീക്കറാകുമ്പോള്‍, മറ്റൊരു കണക്കുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. പതിനേഴാം ലോക്‌സഭയുടെ അവസാന സമ്മേളനതതില്‍ ഓം ബിര്‍ള സഭയില്‍ നിന്ന് പുറത്താക്കിയ 142 പ്രതിപക്ഷ എംപിമാര്‍ എന്തുചെയ്യുന്നു? ഇതില്‍ 52 പേരും തിരഞ്ഞെടുപ്പില്‍ വിജയിച്ച് തിരിച്ചെത്തി. പാര്‍ലമെന്റില്‍ നിന്ന് അയോഗ്യരാക്കിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മോയ്ത്രയുമാണ് ഇതില്‍ പ്രമുഖര്‍. രാഹുലിന്റെ വരവിന് ഇരട്ടി മധുരമാണ്. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കാണ് രാഹുല്‍ ഗാന്ധി ഇത്തവണ പാര്‍ലമെന്റിന്റെ പടികടന്നെത്തുന്നത്.സ്പീക്കര്‍ ചെയറിലേക്ക് ഓം ബിര്‍ളയെ ആനയിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്നായിരുന്നു. ഇത് കോണ്‍ഗ്രസ് സമൂഹ മാധ്യമങ്ങളില്‍ വലിയ ആഘോഷമാക്കുകയാണ്.
കഴിഞ്ഞ ലോക്‌സഭയുടെ ശീതകാല സമ്മേളനത്തിലാണ് പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ എംപിമാര്‍ക്ക് എതിരെ കടുത്ത നടപടിയുടെ പരമ്പരയുണ്ടായത്. വിവിധ വിഷയങ്ങളുയര്‍ത്തി പ്രതിഷേധം നടത്തിയ എംപിമാരെ ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയും രാജ്യസഭ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറും കൂട്ടത്തോട സസ്‌പെന്റ് ചെയ്തു. കേരളത്തില്‍ നിന്നുള്ള എല്ലാ ലോക്‌സഭ എംപിമാര്‍ക്കും സസ്‌പെന്‍ഷന്‍ ലഭിച്ചു.
നടപടി നേരിട്ട പ്രതിപക്ഷ എംപിമാരില്‍ ഭൂരിപക്ഷത്തിനും വീണ്ടും ടിക്കറ്റ് ലഭിച്ചു. 52 പേരാണ് ജയിച്ച് പാര്‍ലമെന്റിലെത്തിയത്. സസ്‌പെന്‍ഷന്‍ കിട്ടിയ 22 എംപിമാര്‍ ഇത്തവണ മത്സരിച്ചില്ല. ഡിഎംകെയുടെ എം ഗണേശ മൂര്‍ത്തി മരിച്ചു. സസ്‌പെന്‍ഷന്‍ നേരിട്ട മൂന്നു പ്രതിപക്ഷ എംപിമാര്‍ മറുകണ്ടം ചാടി ബിജെപി പാളയത്തിലെത്തിയ മന്ത്രിമാരായി ലോക്‌സഭയിലെത്തിയതും കൗതുകം. ഇതില്‍ പ്രധാനി പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള രവനീത് സിങ് ബിട്ടുവാണ്. കോണ്‍ഗ്രസ് എംപിയായിരുന്ന അദ്ദേഹം, കഴിഞ്ഞ ലോക്‌സഭയില്‍ ബിജെപിക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ നേതാവായിരുന്നു. എന്നാല്‍, ഇത്തവണ തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ബിട്ടു ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ടിക്കറ്റില്‍ മത്സരിച്ച ബിട്ടു, കോണ്‍ഗ്രസിനോട് പരാജയപ്പെട്ടു. എന്നാലും അദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. രാജ്യസഭ വഴി ബിട്ടുവിനെ പാര്‍ലമെന്റിലെത്തിക്കാനാണ് ബിജെപി നീക്കം.
എഎപി വിട്ട് ബിജെപിയിലെത്തിയ സുശില്‍ കുമാര്‍ റിങ്കുവും സമാനരീതിയിലാണ് മന്ത്രിസഭയിലെത്തിയത്. ജലന്ധറില്‍ നിന്നാണ് റിങ്കു മത്സരിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടെങ്കിലു റിങ്കുവിനെ ബിജെപി കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. മറ്റൊരള്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള ഗീതാ കോഡയാണ്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന സീത, സിംങ്ഭൂം മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നിട്ടും ബിജെപി സീതയെ കേന്ദ്രമന്ത്രി സഭയില്‍ സീതയെ ഉള്‍പ്പെടുത്തി.
പ്രതിപക്ഷത്തിരുന്നപ്പോള്‍ സര്‍ക്കാരിന് എതിരെ ശബ്ദമുയര്‍ത്തിയതില്‍ സസ്‌പെന്‍ഷന്‍ കിട്ടിയതില്‍ ജെഡിയു എംപിമാരും ഉണ്ടായിരുന്നു. രാജീവ് രഞ്ജന്‍ സിങ് അടക്കമുള്ള ജെഡിയുവിന്റെ പ്രമുഖ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍ നേരിടേണ്ടിവന്നിരുന്നു. ജെഡിയു എന്‍ഡിഎയില്‍ തിരിച്ചെത്തിയതോടെ, ലാലന്‍ സിങ് എന്നറിയപ്പെടുന്ന അദ്ദേഹം കേന്ദ്രമന്ത്രിസഭയില്‍ അംഗമായി.