ബാലസോർ ട്രെയിൻ അപകടത്തിന് പിന്നാലെ പ്രതിസന്ധിയിലായിരിക്കുകയാണ് ഒഡിഷയിലെ മോർച്ചറികള്‍. അവകാശികളില്ലാത്ത നിരവധി മൃതദേഹമാണ് ബാലസോറിലെ മോർച്ചറികളിൽ നിറഞ്ഞുകിടക്കുന്നത്. പ്രതിസന്ധിയെ തുടർന്ന് 187 മൃതദേഹം തലസ്ഥാന നഗരമായ ഭുവനേശ്വറിലേക്ക് മാറ്റി.
88 മൃതദേഹം മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞതെന്ന് ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെനയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. ഇന്ന് രാവിലെ വരെ 78 മൃതദേഹമാണ് കുടുംബങ്ങൾക്ക് കൈമാറിയത്. ബാക്കിയുള്ള 10 മൃതദേഹം കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തിൽ 275 പേരാണ് മരിച്ചത്. ആയിരത്തിലധികം പേർക്ക് പരുക്കേറ്റു.
110 മൃതദേഹം ഭുവനേശ്വറിലെ എയിംസ് ആശുപത്രിയിലും ബാക്കിയുള്ളവ ക്യാപിറ്റൽ ഹോസ്പിറ്റൽ, എഎംആർഐ ഹോസ്പിറ്റൽ, എസ്‌യുഎം ഹോസ്പിറ്റൽ, കെഐഎം എന്നീ ആശുപത്രികളിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇനി കണ്ടെത്തുന്നവരെയും പ്രസ്തുത ആശുപത്രികളിലേക്ക് അയയ്ക്കാനാണ് സാധ്യത. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും രക്ഷാപ്രവർത്തനം തുടർന്നതിനാൽ ബാലസോറിലെ സ്‌കൂൾ ഉൾപ്പെടെയുള്ളയിടങ്ങളിലാണ് മൃതദേഹം സൂക്ഷിക്കാനായി ഉപയോഗിച്ചത്.
85 ആംബുലൻസുകളിലായാണ് ശനിയാഴ്ച മൃതദേഹം ഭുവനേശ്വറിലെത്തിച്ചത്. ഇന്ന് 17 ശവശരീരങ്ങളാണ് എത്തിച്ചതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഒഡീഷയിലെ ചൂടേറിയ കാലാവസ്ഥയാണ് മൃതദേഹം സംരക്ഷിക്കാനുള്ള ശ്രമങ്ങൾ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്.
എയിംസ് ആശുപത്രിയിൽ പരമാവധി 40 മൃതദേഹം സൂക്ഷിക്കാനുള്ള സൗകര്യം മാത്രമാണുള്ളത്. ബാക്കിയുള്ളവ സൂക്ഷിക്കാനായി അനാട്ടമി വിഭാഗത്തിൽ കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആശുപത്രി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ഇവരെ തിരിച്ചറിയുന്നത് വരെ സൂക്ഷിക്കാനായി ഐസ്, ഫോർമാലിൻ എന്നിവ മെഡിക്കൽ കോളേജ് ശേഖരിച്ചിട്ടുണ്ട്.
പലരെയും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണുള്ളത്. മരിച്ചവർ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്ത ആളുകളായതിനാല്‍ പലരുടേയും പേരുകൾ രേഖകളിലും ഉണ്ടാകില്ല. ഈ കാരണങ്ങളാലാണ് മൃതദേഹം തിരിച്ചറിയാൻ തിരിച്ചടിയാകുന്നത്.
സ്പെഷ്യൽ റിലീഫ് കമ്മീഷണർ (എസ്ആർസി), ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി), ഒഡീഷ സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (ഒഎസ്ഡിഎംഎ) എന്നിവയുടെ വെബ്സൈറ്റുകളിൽ യാത്രക്കാരുടെ വിവരങ്ങൾ സംസ്ഥാന സർക്കാർ അപ്‍ലോഡ് ചെയ്തിട്ടുണ്ട്. മരിച്ച യാത്രക്കാരുടെ ലിസ്റ്റും ഫോട്ടോകളും വെബ്സൈറ്റിലുണ്ട്.
ഭുവനേശ്വർ മുനിസിപ്പൽ കമ്മീഷണറുടെ ഓഫീസിൽ കൺട്രോൾ റൂമും തുറന്നിട്ടുണ്ട്. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ ആളുകൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.