INDIA

'ലാലു മുതൽ മുഹമ്മദ് ഫൈസൽ വരെ'; രാഹുൽ ഗാന്ധിക്ക് മുൻപ് അയോഗ്യരാക്കപ്പെട്ട ജനപ്രതിനിധികൾ

കാലാവധി കഴിഞ്ഞ് ആറ് വർഷത്തേക്ക് കൂടി അയോഗ്യനായി തുടരുകയും ചെയ്യും

വെബ് ഡെസ്ക്

ക്രിമിനൽ, മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ലോക്‌സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ആദ്യ ജനപ്രതിനിധിയല്ല രാഹുൽ ഗാന്ധി. മുൻപും സമാനമായ നടപടി നേരിട്ട പാർലമെന്റിലെയും നിയമസഭകളിലെയും അംഗങ്ങളുണ്ട്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച്, രണ്ട് വർഷമോ അതിൽ കൂടുതലോ തടവിന് ശിക്ഷിക്കപ്പെട്ട ഒരു വ്യക്തിയെ "അത്തരം കുറ്റം തെളിയിക്കപ്പെട്ട തീയതി മുതൽ" അയോഗ്യനാക്കുകയും കാലാവധി കഴിഞ്ഞ് ആറ് വർഷത്തേക്ക് കൂടി അയോഗ്യനായി തുടരുകയും ചെയ്യും. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട് സസ്‌പെൻഡ് ചെയ്യപ്പെട്ട മറ്റ് ചില ജനപ്രതിനിധികൾ ആരൊക്കെയെന്ന് നോക്കാം.

ലാലു പ്രസാദ് യാദവ്

ലാലു പ്രസാദ് യാദവ്

2013 സെപ്റ്റംബറിൽ കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടത്. ബീഹാറിലെ സരൻ ജില്ലയിൽ നിന്നുള്ള എംപിയായിരുന്നു അദ്ദേഹം.

ജെ ജയലളിത

ജെ ജയലളിത

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാല് വർഷം തടവിന് ശിക്ഷിക്കപ്പെട്ട എഐഎഡിഎംകെ അധ്യക്ഷ ജെ ജയലളിതയെ 2014 സെപ്റ്റംബറിൽ തമിഴ്‌നാട് നിയമസഭയിൽ നിന്ന് അയോഗ്യയാക്കിയിരുന്നു. അയോഗ്യനാക്കപ്പെടുന്ന സമയത്ത് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന അവർക്ക് ആ സ്ഥാനം രാജിവയ്ക്കേണ്ടിവന്നു.

പിപി മുഹമ്മദ് ഫൈസൽ

പി പി മുഹമ്മദ് ഫൈസൽ

വധശ്രമക്കേസിൽ 2023 ജനുവരിയിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ ലക്ഷദ്വീപ് എംപി പി പി മുഹമ്മദ് ഫൈസൽ അയോഗ്യനാക്കപ്പെട്ടത്. 2009ലെ തിരഞ്ഞെടുപ്പ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ വിധിച്ചത്. പിന്നീട് വധശ്രമക്കേസിൽ മുഹമ്മദ് ഫൈസലുള്‍പ്പെടെയുള്ളവരുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. തന്റെ അയോഗ്യത റദ്ദാക്കിക്കൊണ്ട് ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇതുവരെ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെന്ന് എംപി പറഞ്ഞു.

അസം ഖാൻ

അസം ഖാൻ

2019 ലെ വിദ്വേഷ പ്രസംഗ കേസിൽ കോടതി മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചതിന് പിന്നാലെ 2022 ഒക്ടോബറിൽ സമാജ് വാദി പാർട്ടി നേതാവ് അസം ഖാനെ ഉത്തർപ്രദേശ് നിയമസഭയിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. രാംപൂർ സദർ മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധിയായിരുന്നു അസം ഖാൻ.

അനിൽ കുമാർ സാഹ്നി

അനിൽ കുമാർ സാഹ്നി

തട്ടിപ്പ് കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തെ ജയില്‍ശിക്ഷ ലഭിച്ചതോടെ 2022 ഒക്ടോബറില്‍ ആര്‍ജെഡി എംഎല്‍എ അനില്‍ കുമാര്‍ സാഹ്നിയെ ബിഹാർ നിയമസഭയിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. കുർഹാനി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള അംഗമായിരുന്നു സാഹ്നി. 2012-ൽ യാത്ര ചെയ്യാതെ എയർ ഇന്ത്യയുടെ വ്യാജ ഇ-ടിക്കറ്റുകൾ ഉപയോഗിച്ച് യാത്രാ അലവൻസ് നേടാൻ ശ്രമിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തട്ടിപ്പ് നടക്കുമ്പോൾ ജെഡിയു രാജ്യസഭാ എംപിയായിരുന്ന സാഹ്നി 23.71 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.

വിക്രം സിംഗ് സൈനി

വിക്രം സിങ് സൈനി

2013ലെ മുസാഫർ നഗർ കലാപക്കേസിൽ രണ്ട് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ 2022 ഒക്‌ടോബർ മുതൽ ബിജെപി എംഎൽഎ വിക്രം സിങ് സൈനിയെ ഉത്തർപ്രദേശ് നിയമസഭയിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. മുസാഫർനഗറിലെ ഖാത്തൗലിയിലെ എംഎൽഎയായിരുന്നു വിക്രം സിങ്. ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ഹിന്ദു മുസ്ലിം സമുദായങ്ങൾ തമ്മിലുള്ള വംശീയ സംഘർഷത്തിൽ 62 പേർ കൊല്ലപ്പെട്ട സംഭവത്തിൽ 2022 ഒക്ടോബറിലാണ് അയോഗ്യനാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്.

പ്രദീപ് ചൗധരി

പ്രദീപ് ചൗധരി

കോൺഗ്രസ് എംഎൽഎ പ്രദീപ് ചൗധരിയെ 2021 ജനുവരിയിൽ ഹരിയാന നിയമസഭയിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. കലാപക്കേസിൽ പ്രദീപ് ചൗധരിയെ കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഹരിയാനയിലെ കൽക്കയിൽ നിന്നുള്ള എംഎൽഎയായിരുന്നു അദ്ദേഹം.

കുൽദീപ് സിംഗ് സെൻഗാർ

കുൽദീപ് സിങ് സെൻഗാർ

ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് 2020 ഫെബ്രുവരിയിൽ ഉത്തർപ്രദേശ് നിയമസഭയിൽ നിന്ന് കുൽദീപ് സിങ് സെൻഗാറിനെ അയോഗ്യനാക്കിയിരുന്നു. ഉന്നാവോയിലെ ബംഗർമൗ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സെൻഗാറിനെ നേരത്തെ ബിജെപി പുറത്താക്കിയിരുന്നു.

അബ്ധുല്ല അസം ഖാൻ

അബ്ധുല്ല അസം ഖാൻ

15 വർഷം പഴക്കമുള്ള കേസിൽ കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചതിന് ദിവസങ്ങൾക്ക് ശേഷം, സമാജ് വാദി പാർട്ടി എംഎൽഎ അബ്ദുല്ല അസം ഖാനെ 2023 ഫെബ്രുവരിയിൽ ഉത്തർപ്രദേശ് നിയമസഭയിൽ നിന്ന് അയോഗ്യനാക്കി. രാംപുർ ജില്ലയിലെ സുവാർ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു അബ്ദുല്ല അസം ഖാൻ. 2007 ഡിസംബർ 31ന് രാംപൂരിലെ സിആർപിഎഫ് ക്യാംപ് ആക്രമണത്തെ തുടർന്ന് പോലീസ് പരിശോധനയ്ക്കിടെ തടഞ്ഞതിനെ തുടർന്ന് ധർണ നടത്തിയതായിരുന്നു കുറ്റം.

അനന്ത് സിംഗ്

അനന്ത് സിങ്

2022 ജൂലായിലാണ് ആര്‍ജെഡി എംഎല്‍എ അനന്ത് സിങിനെ ബിഹാര്‍ നിയമസഭയില്‍ നിന്ന് അയോഗ്യനാക്കിയത്. അനന്ത് സിങ്ങിന്റെ വസതിയിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ടതോടെയായിരുന്നു നടപടി. പാറ്റ്‌ന ജില്ലയിലെ മൊകാമ എംഎൽഎയായിരുന്നു അനന്ത് സിങ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ