സമാജ് വാദി പാര്‍ട്ടി സ്ഥാപക നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവ് (82) അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ രാവിലെയാണ് അന്ത്യം. ഒരാഴ്ചയിലേറെയായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മകന്‍ അഖിലേഷ് യാദവാണ് മരണം സ്ഥിരീകരിച്ചത്.
1939 നവംബര്‍ 22ന് ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ സുധര്‍ സിങ് യാദവിന്റേയും മൂര്‍ത്തീ ദേവിയുടേയും മകനായി കര്‍ഷ കുടുംബത്തിലായിരുന്നു മുലായത്തിന്റെ ജനനം. റാം മനോഹർ ലോഹ്യയുടെയും രാജ് നാരായന്റെയും ശിഷ്യനായായിരുന്നു രാഷ്ട്രീയ പ്രവേശം.
1967-ൽ 28-ാം വയസില്‍ ജനതാപാര്‍ട്ടിയുടെ എംഎല്‍എയായാണ് മുലായം ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. 1975ൽ അടിയന്തരാവസ്ഥ കാലത്ത് അറസ്റ്റിലായ മുലായം ഒന്നരവര്‍ഷത്തോളം ജയിലില്‍ കിടന്നു. 1977ൽ ആദ്യമായി മന്ത്രിയായി.1980-ൽ ലോക്ദൾ പാർട്ടിയുടെ അധ്യക്ഷനായി. ലോക്ദൾ പിളർന്നതോടെ ക്രാന്തികാരി മോർച്ച പാർട്ടി രൂപീകകരിച്ചു. 1989ൽ ആദ്യമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ മുലായം മൂന്നുതവണ ആ പദത്തിലിരുന്നു. 1989-1991, 1993-1995, 2003 - 2005 കാലഘട്ടങ്ങളിലാണ് മുഖ്യമന്ത്രി സ്ഥാനം വഹിച്ചത്. 1992ലാണ് സമാജ്‌വാദി പാർട്ടി രൂപീകരിക്കുന്നത്. ദേവഗൗഡയുടെയും ഐകെ ഗുജ്റാളിന്റെയും നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാരുകളിൽ കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനവും വഹിച്ചു.
സമാജ്‌വാദി പാർട്ടി അനുഭാവികളും നേതാക്കളും നേതാജി' എന്നാണ് മുലായമിനെ വിളിച്ചിരുന്നത്. 2012ൽ യുപിയിൽ സമാജ്‌വാദി പാർട്ടി അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ അസുഖബാധിതനായ മുലായം സിങ് യാദവ് ബാറ്റൺ മകൻ അഖിലേഷ് യാദവിന് കൈമാറി. കുടുംബത്തിനുള്ളില്‍ അധികാരത്തര്‍ക്കം രൂക്ഷമായതോടെ 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി അഖിലേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പിന്നീട് സമാജ്‌വാദി പാർട്ടിയിലെ ശക്തികേന്ദ്രമായി അഖിലേഷ് ഉയർന്നുവന്നതോടെ അച്ഛനും മകനും വീണ്ടും ഒന്നായി.
യുപി മുൻ മുഖ്യമന്ത്രിയും എസ് പി അധ്യക്ഷനുമായ അഖിലേഷ് യാദവ് മകനാണ് . മാൽതി ദേവിയും സാധന ഗുപ്തയുമായിരുന്നു ഭാര്യമാർ. മാൽതി ദേവി 2003ലും സാധന ഗുപ്ത ഈ വർഷം ജൂലൈയിലുമാണ് മരിച്ചത്.
മുലായം സിങ് യാദവിന്റെ മരണത്തിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ അനുശോചിച്ചു. മുലായം മണ്ണിന്റെ മകനെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. സാധാരണ കുടുംബത്തില്‍ നിന്ന് വന്ന് അസാധാരണ നേട്ടങ്ങള്‍ കൈവരിച്ചയാളാണ് മുലായമെന്നും മുര്‍മു കൂട്ടിച്ചേര്‍ത്തു. ഇന്ത്യൻ രാഷ്ട്രീയത്തിന് തീരാനഷ്ടമെന്ന് കോണ്ർഗ്രസ് മതേതര കക്ഷികള്‍ക്കും, ദേശീയ രാഷ്ട്രീയത്തിനും തീരാ നഷ്ടമാണെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി പറഞ്ഞു.
പാര്‍ശ്വവത്കരിക്കപ്പെട്ടവരെ മുന്‍നിരയിലെത്തിക്കാന്‍ മുലായം നടത്തിയ പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതെന്ന് ലാലു പ്രസാദ് യാദവ് അനുസ്മരിച്ചു. നിര്‍ണായക ഘട്ടത്തില്‍ മത തീവ്രവാദത്തിനെതിരെ ശക്തമായി പോരാടിയ വ്യക്തിയാണ് മുലായമെന്നും അദ്ദേഹം ഉയര്‍ത്തിയ അശയങ്ങള്‍ക്കായുള്ള പോരാട്ടം ഇനിയും തുടരണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു. മൻമോഹൻസിങ്, മായവതി, അമിത് ഷാ, ദേവഗൌഡ തുടങ്ങിയ പ്രമുഖരും അനുശോചിച്ചും.