INDIA

'സ്വര്‍ണഖനി'യായി മുംബൈ വിമാനത്താവളം; ഒരു വര്‍ഷത്തിനിടെ പിടികൂടിയത് 360 കോടിയുടെ സ്വര്‍ണം

ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ നഗരങ്ങളിലൂടെയും വ്യാപകമായി സ്വര്‍ണക്കടത്തുന്നുണ്ട്

വെബ് ഡെസ്ക്

രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണക്കടത്ത് നടക്കുന്ന വിമാനത്താവളമായി മുംബൈ. 11 മാസത്തിനുള്ളില്‍ 604 കിലോ ഗ്രാം സ്വര്‍ണമാണ് മുംബൈ വിമാനത്താവളത്തില്‍നിന്ന് പിടികൂടിയത്. ഏകദേശം 360 കോടി രൂപ വില വരുന്നതാണിത്.

തൊട്ടു പിറകില്‍ ഡല്‍ഹിയും മൂന്നാമതു ചെന്നൈയുമാണ്. ഡല്‍ഹിയില്‍നിന്ന് 374 കിലോ സ്വര്‍ണവും ചെന്നൈയില്‍നിന്ന് 306 കിലോയും പിടിച്ചു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ വർഷം ഫെബ്രുവരി വരെയുള്ള കണക്കാണിത്.

സ്വര്‍ണവ്യാപാര മേഖലയിലെ കേന്ദ്ര ബിന്ദുവാണ് മുംബൈ. കടത്തലിനുപിന്നിൽ നിരവധി സ്വര്‍ണ വ്യാപാരികളുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. കൊല്‍ക്കത്ത, ഹൈദരാബാദ് വിമാനത്താവളത്തിലും സ്വര്‍ണക്കടത്ത് വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ വര്‍ഷം 55 കിലോയാണു ഹൈദരാബാദിൽനിന്ന് പിടിച്ചെടുത്തതെങ്കില്‍ ഈ വര്‍ഷം ഇതു വരെ 124 കിലോ പിടികൂടി.

2019-2020 കാലഘട്ടത്തില്‍ ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് മാത്രം പിടിച്ചെടുത്തത് 494 കിലോഗ്രാം സ്വര്‍ണമാണ്. മുംബൈയില്‍ 403 കിലോയും ചെന്നൈയില്‍ 392 കിലോയും ഈ കാലയളവില്‍ പിടികൂടി. കോവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ ഈ വിമാനത്താവളങ്ങളിലൂടെയുള്ള സ്വര്‍ണക്കടത്തില്‍ കുറവുണ്ടായിരുന്നു. ഈ സമയം ചെന്നൈ, കോഴിക്കോട് വിമാനത്താവള സ്വര്‍ണക്കടത്ത് വർധിച്ചു. എന്നാല്‍ കോവിഡ് ലോക്ക് ഡൗണിനു ശേഷം സ്വര്‍ണക്കടത്ത് വ്യാപകമായി. വിദേശത്തുനിന്നു സ്വര്‍ണം കടത്തിയ 20 വിദേശ പൗരന്‍മാരെയാണ് രണ്ടു വര്‍ഷത്തിനിടെ മുംബൈ വിമാനത്താവളത്തില്‍ പിടികൂടിയത്.

ഈ വര്‍ഷം ഫെബ്രുവരി 10ന് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് കെനിയന്‍ പൗരന്‍മാരെ മുംബൈ വിമാനത്താവളത്തിൽ പിടികൂടിയിരുന്നു. ഇതിലൊരു എയര്‍ലൈന്‍ ഉദ്യോഗസ്ഥനുമുണ്ടായിരുന്നു.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലേക്കുള്ള അനധികൃത സ്വര്‍ണകടത്തിൽ 33 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കോവിഡാനന്തരം സ്വര്‍ണത്തിന് ഇറക്കുമതി തീരുവ വര്‍ധിച്ച സാഹചര്യത്തില്‍ സ്വര്‍ണക്കടത്തിലേക്ക് കൂടുതൽ ആളുകള്‍എത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കോവിഡിനു മുന്‍പ് 7.5 ശതമാനമായിരുന്ന സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയെങ്കില്‍ കോവിഡാനന്തരം അത് 12.5 ശതമാനത്തിലേക്കുയര്‍ന്നു. ദിനം പ്രതി വര്‍ധിക്കുന്ന സ്വര്‍ണവിലയും സ്വര്‍ണക്കടത്തിനെ ലാഭകരമാക്കി മാറ്റുകയാണെന്നു കസ്റ്റംസ് പറയുന്നു.

ഒരു വര്‍ഷം ഇന്ത്യയിലെത്തുന്ന 720 ടണ്‍ സ്വര്‍ണത്തില്‍ 380 ടണ്‍ മാത്രമാണ് നിയമപരമായി ഇറക്കുമതി ചെയ്യുന്നത്. ശേഷിക്കുന്ന് നിയമവിരുദ്ധമായി കടത്തുകയാണെന്നാണു വിലയിരുത്തൽ.

2022 ല്‍ ഇന്ത്യയില്‍ പിടിച്ചെടുത്ത കള്ളക്കടത്ത് സ്വര്‍ണത്തിന്റെ 37 ശതമാനവും മ്യാന്‍മാറില്‍നിന്നാണു കൊണ്ടുന്നതാണെന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ശേഷിക്കുന്നതിൽ 20 ശതമാനം പശ്ചിമേഷ്യന്‍ ഭാഗങ്ങളില്‍ നിന്നുമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ