ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന മുംബൈ നഗരത്തിലെ ചേരിപ്രദേശങ്ങൾ ഷീറ്റ് കൊണ്ട് മറച്ച് അധികൃതർ. വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കടന്നുപോകുന്ന വഴികളാണ് മറച്ചത്. നഗരത്തിന്റെ പല സ്ഥലങ്ങളിലും മുളങ്കാടുകൾ കൊണ്ടുള്ള ഷീറ്റുകൾ, ജി 20യുടെ പരസ്യ ബോർഡുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.
''ഒറ്റരാത്രി കൊണ്ടാണ് ചേരി പ്രദേശങ്ങൾക്ക് മുന്നിൽ ഷീറ്റുകൾ ഉയർന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. കുറച്ചാളുകൾ വന്ന് ഇവിടെയെല്ലാം വൃത്തിയാക്കുന്നത് കണ്ടു. രാത്രി ആയപ്പോൾ ഇവിടെയെല്ലാം ഷീറ്റ് കൊണ്ട് മറച്ചു. രാവിലെയാണ് ഞങ്ങൾ അറിഞ്ഞത്. ചില വിശിഷ്ടാതിഥികൾ വരുന്നുണ്ടെന്നാണ് അവർ പറഞ്ഞത്''- പ്രദേശവാസികൾ പറയുന്നു.
ശുചീകരണത്തിനെത്തിയവർ റോഡിനോട് ചേർന്നുള്ള ഭാഗങ്ങൾ മാത്രമാണ് വൃത്തിയാക്കിയതെന്നും അവർ പറഞ്ഞു. കഴിഞ്ഞ 50 വർഷത്തിനിടയിൽ ഇങ്ങനെയൊരു ശുചിത്വ പരിപാടി ഞങ്ങൾ കണ്ടിട്ടില്ല. മുംബൈയിലെ ചേരികളുടെ സത്യാവസ്ത ലോകത്തിന് മുന്നിൽ നിന്ന് മറയ്ക്കാനാണ് അവർ ശ്രമിക്കുന്നതെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടി. മൂന്ന് ദിവസം മുൻപ് അധികൃതർ എത്തി ബാരിക്കേഡുകൾ സ്ഥാപിച്ച് ചെടിച്ചട്ടികൾ സ്ഥാപിച്ചതായി പ്രദേശത്തെ പച്ചക്കറി കച്ചവടക്കാരനായ മുഹമ്മദ് റബ്ബാൻ പറഞ്ഞു. ''വിദേശത്ത് നിന്ന് വരുന്ന വലിയ ആളുകളെ നമ്മുടെ ചേരി കാണിക്കാൻ അവർ ആഗ്രഹിക്കുന്നില്ലായിരിക്കാം''- മുഹമ്മദ് റബ്ബാൻ പറഞ്ഞു. എന്നാൽ നഗര സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായുള്ള നടപടിയാണ് ഇതെന്നാണ് മുംബൈ കോർപ്പറേഷന്റെ വിശദീകരണം.
ഇതാദ്യമായല്ല പ്രധാന അന്താരാഷ്‌ട്ര പരിപാടികൾക്കോ വിദേശ പ്രമുഖരുടെ സന്ദർശനത്തിനോ മുൻപായി ചേരി പ്രദേശങ്ങൾ മറയ്ക്കാൻ അധികാരികൾ ശ്രമിക്കുന്നത്. 2020ൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗുജറാത്തി സന്ദർശിക്കുന്നതിന് മുൻപും അഹമ്മദാബാദ് നഗരത്തിൽ ചേരി പ്രദേശങ്ങൾ മുഴുവനും വെള്ള തുണി കൊണ്ട് മറച്ചിരുന്നു. ഈ വർഷം ഏപ്രിലിൽ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണന്റെ അഹമ്മദാബാദ് സന്ദർശനവേളയിലും സഞ്ചരിച്ച വഴിയിലെ ചേരി പ്രദേശങ്ങൾ മുഴുവനും വെള്ള തുണി കൊണ്ട് മറച്ചിരുന്നു.
അതേസമയം, ജി-20 ഉച്ചകോടിക്ക് മുന്നോടിയായി കശ്മീർ ഗേറ്റ്, കൊണാട്ട് പ്ലേസ് എന്നിവിടങ്ങളിലെ യാചകരെ ഡൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്‌മെന്റ് ബോർഡ് (DUSIB) നടത്തുന്ന ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റാനാണ് അധികൃതരുടെ നീക്കം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരമാണ് നടപടിയെന്ന് DUSIB സിഇഒ കെ മഹേഷ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ജി20 ഉച്ചകോടി കണക്കിലെടുത്താണ് നടപടിയെന്നും ഉത്തരവിൽ പറയുന്നു. ഭിക്ഷാടനം ലോകത്തിന്റെ കണ്ണിൽ നിന്ന് മറയ്ക്കാനുള്ള ഡൽഹി സർക്കാരിന്റെ ശ്രമമാണ് ഈ ഉത്തരവെന്ന് സാമൂഹിക പ്രവർത്തകർ ആരോപിച്ചു.
2023 ലെ ജി 20 ഉച്ചകോടിയ്ക്ക് ഇന്ത്യയാണ് അധ്യക്ഷത വഹിയ്ക്കുന്നത്. ഒരു വർഷത്തേക്കാണ് ഇന്ത്യ അധ്യക്ഷ പദം ഏറ്റെടുക്കുക. 2023 സെപ്റ്റംബർ 9,10 തീയതികളിൽ ഡൽഹിയിൽ വച്ചാണ് ജി 20 ഉച്ചകോടി നടക്കുക. അതിന് മുന്നോടിയായി നിരവധി അന്താരാഷ്ട്ര പ്രതിനിധികൾ പങ്കെടുക്കുന്ന ഡെവലപ്‌മെന്റ് വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളാണ് മുംബൈയിൽ നടക്കുന്നത്.