ഏക സിവിൽ കോഡില്‍ തെരുവിൽ ഇറങ്ങിയുള്ള പ്രതിഷേധത്തിനില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഏക സിവിൽ കോഡ് മുസ്ലിം വിഭാഗത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല. രാജ്യത്തിന്‍റെ സാമൂഹിക വ്യവസ്ഥയെ തന്നെ ബാധിക്കുന്ന പ്രശ്നമാണ് യുസിസിയെന്നും അതുകൊണ്ട് എല്ലാവരും ഒന്നിച്ചുള്ള പ്രതികരണമാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഏക സിവിൽ കോഡിനെതിരെ സംയുക്ത നീക്കം ചർച്ച ചെയ്യാനായി മുസ്ലിം ലീഗ് വിളിച്ച മുസ്ലീം കോർഡിനേഷൻ കമ്മറ്റി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുസിസി മുസ്‌ലിം സമുദായത്തെ മാത്രം ബാധിക്കുന്നതല്ല. ആദിവാസി വിഭാഗങ്ങളെയടക്കം ഇത് നേരിട്ട് ബാധിക്കും. എന്നാല്‍ സിവില്‍ കോഡിനെ എതിര്‍ക്കുന്നത് മുസ്ലിം സമുദായം മാത്രമാണെന്ന പ്രതീതിയുണ്ടാക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് പ്രതികരണം മുസ്ലിങ്ങൾ മാത്രം നടത്തേണ്ടതില്ല. യുസിസിക്കെതിരെ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും സാദിഖലി തങ്ങള്‍ ആവശ്യപ്പെട്ടു.
ഏക സിവില്‍ കോഡിനെ നിയമപരമായും രാഷ്ട്രീയമായും നേരിടണം. എന്നാല്‍ സാമുദായിക ധ്രുവീകരണത്തിലേക്ക് ഈ വിഷയം കൊണ്ടു പോവരുത്. കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവില്‍ കോഡിനെക്കുറിച്ചുള്ള ബോധവത്കരണ സെമിനാറുകൾ സംഘടിപ്പിക്കും. എല്ലാ രാഷ്ട്രീയ പാർട്ടികളെയും പങ്കെടുപ്പിക്കും. എന്നാല്‍ ഏതെങ്കിലും സംഘടനകള്‍ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ അത്തരം പരിപാടികളുമായി സഹകരിക്കില്ലെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
ഏക സിവിൽ കോഡ് വർഗീയ ധ്രുവീകരണത്തിനുള്ള കെണിയാണെന്നും ആ കെണിയിൽ വീഴരുതെന്നും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിജെപി അല്ലാത്ത എല്ലാവർക്കും യുസിസിയോട് എതിർപ്പാണ്. കോൺഗ്രസിനും ഏക സിവിൽ കോഡ് വിരുദ്ധ നിലപാട് ആണെന്നാണ് മനസിലാക്കുന്നത്. ഏക സിവില്‍ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നത് യോഗം ചർച്ച ചെയ്തിട്ടില്ലെന്നും അത്തരം വിഷയങ്ങള്‍ കോർഡിനേഷൻ കമ്മിറ്റിയുടെ പരിഗണനയിലില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
പാർലമെന്റിൽ ബിൽ വന്നാൽ പ്രതിഷേധം ഉണ്ടാവും. ജനങ്ങളെ ബോധവത്കരിക്കാനാണ് കോർഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനം. മുസ്ലിം സമുദായത്തിന്‍റെ മാത്രം പ്രശ്നമാണ് എന്ന തരത്തിൽ അവതരിപ്പിക്കപ്പെടുന്ന സെമിനാറുകളിൽ പങ്കെടുക്കരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലിം ലീഗ് നേതാക്കൾക്ക് പുറമെ കാന്തപുരം വിഭാഗം സമസ്ത, ഇ കെ സമസ്ത, കെ എൻ എം, വിസ്ഡം, മർക്കസുദ്ദവ, എം ഇ എസ്, തബ്‍ലീഗ്, ദക്ഷിണ കേരള മുസ്ലിം ജമാഅത്ത് തുടങ്ങി 11 സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. സുന്നി വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുൽ ഹമീദാണ് കാന്തപുരം വിഭാഗത്തെ പ്രതിനിധീകരിച്ച് എത്തിയത്.