കർണാടകയിലെ മുസ്ലീം സംവരണ വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കർണാടകയിൽ മുസ്ലീങ്ങൾക്കുള്ള നാല് ശതമാനം സംവരണം എടുത്തുകളയണമെന്ന അമിത് ഷായുടെ വാദം മതേതരത്വം വിഭാവനം ചെയ്യുന്ന ഭരണഘടനയുടെ ലംഘനമാണെന്ന് സ്റ്റാലിൻ വിമർശിച്ചു. ബിജെപി വിദ്വേഷ അജണ്ട അടിച്ചേൽപ്പിക്കുകയാണെന്നും തമിഴ്നാട് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബിജെപിക്ക് ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള വിരോധമാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വാക്കുകളിലൂടെ വെളിവാകുന്നത്. തിരഞ്ഞെടുപ്പ് വിജയമാണ് ബിജെപി ഉന്നം വയ്ക്കുന്നതെന്നും ‘ഉങ്കലിൽ ഒരുവൻ’ എന്ന പരിപാടിയിൽ സംസാരിക്കവെ സ്റ്റാലിൻ വ്യക്തമാക്കി.
മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഇന്ത്യയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ ഈ രീതിയിൽ സംസാരിക്കുന്നത് ഭരണഘടന ലംഘനമാണ്. മുസ്ലീങ്ങൾക്കെതിരെ വിദ്വേഷം വിതറുന്നതിലൂടെ ഹിന്ദുക്കളെ തൃപ്തിപ്പെടുത്താമെന്നാണ് ബിജെപി കരുതുന്നത്. എന്നാൽ മറിച്ചാണ് സംഭവിക്കുന്നതെന്നും ബിജെപിക്ക് വോട്ട് ചെയ്യാത്തവരിൽ ഭൂരിപക്ഷവും ഹിന്ദുക്കളാണെന്നും എം കെ സ്റ്റാലിൻ പറഞ്ഞു. ഇന്ത്യൻ ജനത സമാധാനവും സാഹോദര്യവും ആഗ്രഹിക്കുന്നവരാണ്. എന്നാൽ ബിജെപി തങ്ങളുടെ വിദ്വേഷ അജണ്ട ഒരു വിഭാഗം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയും ഭൂരിപക്ഷത്തിന്റെ താത്പര്യമാണിതെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നു. ബിജെപിക്കൊപ്പം ചേർന്ന് വിദ്വേഷ രാഷ്ട്രീയം വളർത്തുന്നതിൽ സാമൂഹ്യ മാധ്യമങ്ങളും ചില മാധ്യമ സംഘടനകളും പങ്കാളിയാകുന്നുവെന്നും തമിഴ്നാട് മുഖ്യമന്ത്രി വിമർശിച്ചു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി എം കെ സ്റ്റാലിൻ രംഗത്തെത്തിയത്. അതേസമയം വിഷയത്തിൽ ബിജെപി പ്രതികരിച്ചിട്ടില്ല. ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി പ്രതിപക്ഷത്തെ ഒന്നിപ്പിക്കുക എന്നതാണ് സ്റ്റാലിന്റെ നിലപാട്. ഇക്കഴിഞ്ഞ മാർച്ചിലാണ് ബിജെപി സർക്കാർ മുസ്ലീങ്ങൾക്ക് ഉണ്ടായിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കിയത്. ശേഷം കർണാടകയിലെ രണ്ട് പ്രബല സമുദായങ്ങളായ വൊക്കലിഗ, ലിംഗായത്ത് എന്നിവർക്ക് സംവരണം രണ്ട് ശതമാനം വീതം തുല്യമായി നൽകുകയും ചെയ്തു.
എന്നാൽ കർണാടകയിൽ അധികാരത്തിലെത്തിയാൽ മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണം പുനഃസ്ഥാപിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. ഇതിനെതിരെ രംഗത്തെത്തിയ അമിത് ഷാ വോട്ട് നേടാനുള്ള കോൺഗ്രസിന്റെ പ്രീണന നയമാണ് വാഗ്ദാനത്തിന് പിന്നിലെന്ന് ആരോപിച്ചു. മുസ്ലീം സംവരണം റദ്ദ് ചെയ്ത കർണാടക സർക്കാരിന്റെ തീരുമാനം നേരത്തെ നടപ്പാക്കേണ്ടതായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.