INDIA

'അവർ തിരികെ വന്നാലും സ്വീകരിക്കില്ല'; പാർട്ടി വിട്ടുപോയവരെ വേണ്ടെന്ന് ഉദ്ധവ്, നിയമസഭ തിരഞ്ഞെടുപ്പിലും മഹാസഖ്യം

ശിവസേനയെ പിളര്‍ത്തി ബിജെപി പക്ഷത്തിനൊപ്പം പോയ എംഎല്‍എമാര്‍ തിരിച്ചുവന്നാല്‍ സ്വീകരിക്കില്ലെന്ന് ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ

വെബ് ഡെസ്ക്

ശിവസേനയെ പിളര്‍ത്തി ബിജെപി പക്ഷത്തിനൊപ്പം പോയ എംഎല്‍എമാര്‍ തിരിച്ചുവന്നാല്‍ സ്വീകരിക്കില്ലെന്ന് ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയില്‍ ഈ വര്‍ഷം അവസാനം നടക്കാന്‍ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മഹാസഖ്യം ഒന്നിച്ച് മത്സരിക്കുമെന്നും ഉദ്ധവ് പ്രഖ്യാപിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന മുന്നണി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഉദ്ധവ്. എന്‍സിപി ശരദ് പവാര്‍ പക്ഷം അധ്യക്ഷന്‍ ശരദ് പവാറും കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

''ഞങ്ങളെ വിട്ടുപോയവര്‍ക്ക് ഇപ്പോള്‍ തിരിച്ചുവരണം എന്നാണ്. അവരെ തിരിച്ചെടുക്കില്ല. ലോക്‌സഭ തിരഞ്ഞെടുപ്പിലെ മഹാസഖ്യത്തിന്റെ വിജയം തുടക്കം മാത്രമാണ്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും ഞങ്ങളുടെ സഖ്യം വിജയിക്കും'', അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ പ്രതിപക്ഷ സഖ്യം വ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്ന ബിജെപിയുടെ ആരോപണങ്ങള്‍ക്ക് എതിരെ ഉദ്ധവ് താക്കറെ രൂക്ഷമായാണ് പ്രതികരിച്ചത്. നരേന്ദ്ര മോദി നടത്തിയ വ്യാജ പ്രചാരണങ്ങള്‍ എത്രയാണെന്ന് ചോദിച്ച ഉദ്ധവ്, മംലഗല്യസൂത്രം പോലുള്ള വ്യാജ പ്രചാരണങ്ങള്‍ നടത്തിയത് ആരാണെന്നും ചോദിച്ചു.

അജിത് പവാറിനെ തിരിച്ച് എന്‍സിപിയിലേക്ക് ക്ഷണിക്കാനുള്ള സാധ്യതകള്‍ ശരദ് പവാറും തള്ളിക്കളഞ്ഞു. മഹാവികാസ് അഘാഡിക്ക് വിജയ സാധ്യത ഒരുക്കിത്തന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമാണ് നിന്നതെന്നും നിയമസഭയിലും ഇതേ ജനവികാരം പ്രതിഫലിക്കുമെന്നും പൃഥ്വിരാജ് ചവാന്‍ അവകാശപ്പെട്ടു. ''മഹാസഖ്യത്തില്‍ വല്ല്യേട്ടന്‍ മനോഭാവമില്ല. എല്ലാ നിയമസഭ മണ്ഡലങ്ങളിലേയും സാഹചര്യങ്ങള്‍ മനസിലാക്കിയായിരിക്കും സീറ്റ് ധാരണയിലെത്തുക. ഇക്കാര്യത്തില്‍ ആദ്യഘട്ട ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു'', അദ്ദേഹം പറഞ്ഞു.

വിലപേശുമോ കോണ്‍ഗ്രസ്?

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റമാണ് മഹാരാഷ്ട്രയിലുണ്ടാക്കിയത്. 17 സീറ്റില്‍ മത്സരിച്ച പാര്‍ട്ടി 13 ഇടത്ത് വിജയിച്ചു. 21 സീറ്റില്‍ മത്സരിച്ച ശിവസേന(യുബിടി) 9 സീറ്റിലും പത്ത് സീറ്റില്‍ മത്സരിച്ച എന്‍സിപി ശരദ് പവാര്‍ മൂന്നിടത്തും വിജയിച്ചു. 48 ലോക്‌സഭ സീറ്റുകളാണ് മഹാരാഷ്ട്രയിലുള്ളത്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ മികച്ച മുന്നേറ്റം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വിലപേശാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിലും കൂടുതല്‍ സീറ്റ് വേണമെന്ന് കോണ്‍ഗ്രസ് വാശിപിടിച്ചിരുന്നു. എന്നാല്‍, ഉദ്ധവ് താക്കറെ വഴങ്ങിയില്ല. തുടര്‍ന്ന് ദേശീയ നേതൃത്വം ഇടപെട്ടാണ് സംസ്ഥാന ഘടകത്തോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടത്.

അതേസമയം, എന്‍സിപി അജിത് പവാര്‍ പക്ഷത്തെ തഴഞ്ഞ് ഉദ്ധവ് താക്കറെയുടെ ശിവസേനയെ മുന്നണിയുടെ ഭാഗമാക്കാന്‍ ബിജെപി ശ്രമിക്കുന്നതായി സൂചനയുണ്ട്. അജിത് പവാറിനെ കൂടെക്കൂട്ടിയതാണ് ബിജെപിക്ക് തിരിച്ചടി നേരിടാന്‍ കാരണമെന്ന് ആര്‍എസ്എസ് അടക്കം വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ, അജിത് പവാര്‍ പക്ഷത്തിലെ നേതാക്കളും ബിജെപി നേതാക്കളും തമ്മില്‍ രൂക്ഷമായ വാക്‌പോര് നടന്നിരുന്നു. ശിവസേന (യുബിടി)യില്‍ നിന്ന് കൂടുതല്‍ നേതാക്കളെ അടര്‍ത്തിമാറ്റാനുള്ള നീക്കങ്ങളും ബിജെപി ആരംഭിച്ചതായാണ് സൂചന. ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിലെ രണ്ട് എംപിമാരെ എന്‍ഡിഎ പാളയത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായാണ് വിവരം. എന്നാല്‍, പോകേണ്ടവര്‍ക്ക് പോകാമെന്നും പാര്‍ട്ടിക്കുള്ളില്‍ തുടരണമെന്ന് ആഗ്രഹമുള്ളവര്‍ തുടരും എന്നായിരുന്നു ഇത് ചൂണ്ടിക്കാട്ടിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉദ്ധവ് താക്കറെയുടെ മറുപടി.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി