INDIA

കച്ചത്തീവ് കത്തിച്ച് വോട്ടാക്കാൻ ബിജെപി; ദ്വീപിന്റെ അധികാരക്കൈമാറ്റത്തിന് കോൺഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

കച്ചത്തീവ് അയൽരാജ്യത്തിന് കൈമാറാനുള്ള തീരുമാനത്തെക്കുറിച്ച് തമിഴ്‌നാട് ബിജെപി പ്രസിഡൻ്റ് കെ അണ്ണാമലൈക്ക് ലഭിച്ച വിവരാവകാശ മറുപടിയുടെ അടിസ്ഥാനത്തിലാണ് പരാമർശം

വെബ് ഡെസ്ക്

തന്ത്രപ്രധാനമായ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്ത അന്നത്തെ ഇന്ദിരാഗാന്ധി സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1974ലാണ് ദ്വീപിന്റെ അധികാരം ശ്രീലങ്കയ്ക്ക് കൈമാറിയത്. ഇതിലൂടെ രാജ്യത്തിൻറെ അഖണ്ഡതയും താത്പര്യങ്ങളും കോൺഗ്രസ് ദുർബലമാക്കിയെന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കേയുള്ള മോദിയുടെ വിമർശനം. എക്‌സിലൂടെയാണ് മോദി തുറന്നടിച്ചത്.

പാക്ക് കടലിടുക്കിലെ കച്ചത്തീവ് പ്രദേശം അയൽ രാജ്യത്തിന് കൈമാറാനുള്ള തീരുമാനത്തെക്കുറിച്ച് തമിഴ്‌നാട് ബിജെപി പ്രസിഡൻ്റ് കെ അണ്ണാമലൈക്ക് ലഭിച്ച വിവരാവകാശ മറുപടിയുടെ അടിസ്ഥാനത്തിലാണ് മോദിയുടെ പരാമർശം. "കോൺഗ്രസ് എത്ര നിസാരമായാണ് കച്ചത്തീവ് വിട്ടുകൊടുത്തതെന്ന് പുതിയ വസ്തുതകൾ വെളിപ്പെടുത്തുന്നു. ഇത് ഓരോ ഇന്ത്യക്കാരനെയും രോഷാകുലനാക്കുകയും കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച് ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്! 75 വർഷമായുള്ള കോൺഗ്രസിന്റെ പ്രവർത്തന രീതിയാണ് ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും താൽപ്പര്യങ്ങളും ദുർബലപ്പെടുത്തുന്നത് " പ്രധാനമന്ത്രി എക്‌സിലെ പോസ്റ്റിൽ കുറിച്ചു.

ഇന്ത്യൻ കടൽ മേഖലയിൽ മത്സ്യബന്ധനത്തിന് പ്രശ്നങ്ങൾ നേരിടുന്നതിനാൽ രാമേശ്വരം പോലെയുള്ള പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികൾ കച്ചത്തീവിലേക്ക് പോകാറുണ്ട്. ഇത് അന്താരാഷ്ട്ര മാരിടൈം ബോർഡർ ലൈൻ കടന്നുള്ള സഞ്ചാരമായതിനാൽ പലപ്പോഴും ശ്രീലങ്കൻ നാവികസേന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ തടയാറും കസ്റ്റഡിയിലെടുക്കാറുമുണ്ട്. ഈ സാഹചര്യത്തിലാണ് മോദിയുടെയും ബിജെപിയുടെയും പ്രചാരണം.

1974 വരെ ഇന്ത്യയുടെ ഭാഗമായിരുന്നു കച്ചത്തീവെന്നും ശ്രീലങ്കയ്ക്ക് വിട്ടുനൽകിയില്ലായിരുന്നെങ്കിൽ ഇന്ത്യൻ മത്സ്യബന്ധന തൊഴിലാളികൾക്ക് അവിടെ പോകാമായിരുന്നുവെന്നുമാണ് ബിജെപി പറയുന്നത്. കോൺഗ്രസിന്റെ നടപടി മൂലമാണ് മത്സ്യത്തൊഴിലാളികൾ പിടിക്കപ്പെടുന്നതും ജയിലിലാകുന്നതെന്നും ബിജെപി എം പി സുധാംശു ത്രിവേദി ആരോപിച്ചു. പരമാധികാര ആശങ്കകളും ഭൗമരാഷ്ട്രീയ പ്രത്യാഘാതങ്ങളും കാരണം അന്നത്തെ ലോക്‌സഭാ പ്രചാരണ വേളയിൽ കച്ചത്തീവിൻ്റെ കൈമാറ്റം സുപ്രധാന വിഷയമായിരുന്നു. കച്ചത്തീവിനു ചുറ്റുമുള്ള ജലാശയങ്ങളെ ഉപജീവനത്തിനായി ആശ്രയിക്കുന്ന ഇരു രാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികളെയും തീരുമാനം ബാധിച്ചിരുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം