INDIA

'ചുവന്ന ഡയറി' കോൺഗ്രസിനെ പ്രതിരോധത്തിലാക്കുമെന്ന് മോദി; 'ചുവന്ന തക്കാളി'യെപ്പറ്റി സംസാരിക്കൂ എന്ന് ഗെഹ്‌ലോട്ട്

'സ്‌നേഹത്തിന്റെ കടയ്ക്ക് പകരം കൊള്ളകളുടെയും നുണകളുടെയും കട'യാണ് രാജസ്ഥാൻ സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രധാനമന്ത്രി

വെബ് ഡെസ്ക്

രാജസ്ഥാന്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെയും വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ സിക്കാറിൽ നടന്ന റാലിയിൽ അഴിമതി ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസ് സർക്കാരിനെതിരെ മോദിയുടെ പ്രസംഗം. സംസ്ഥാനത്ത് ചർച്ചാവിഷയമായ 'ചുവന്ന ഡയറി' വിവാദം രാജസ്ഥാന്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുമെന്നായിരുന്നു മോദിയുടെ പരാമർശം. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അധികാരം നഷ്ടമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇതോടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും രംഗത്തെത്തി. 'ചുവന്ന ഡയറി' സാങ്കല്‍പ്പികമാണെന്നും യാഥാർഥ്യമായ ചുവന്ന സിലിണ്ടറുകളെപ്പറ്റിയും ചുവന്ന തക്കാളിയെപ്പറ്റിയും സംസാരിക്കൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

മണിപ്പൂരിലെ വിഷയം കോൺഗ്രസ് ചർച്ചയാക്കിയതിന് പിന്നാലെ രാജസ്ഥാനിലെ സ്ത്രീ സുരക്ഷയെ വിമര്‍ശിച്ച് മന്ത്രിസഭാ അംഗമായ രാജേന്ദ്ര ഗുധ രംഗത്തെത്തിയിരുന്നു. പിന്നാലെ ഇദ്ദേഹത്തെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി. ഇതോടെ സർക്കാരിനും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനുമെതിരെ ആരോപണങ്ങൾ ഉന്നയിച്ച് രാജേന്ദ്ര ഗുധ മുന്നോട്ടുവന്നു. സർക്കാരിനെതിരെ തെളിവുകളുണ്ടെന്നും തന്റെ കൈവശമുളള 'ചുവന്ന ഡയറി'യിലാണ് അതെന്നുമായിരുന്നു രാജേന്ദ്ര ഗുധയുടെ വാദം. സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ 2020ല്‍ വിമത നീക്കമുണ്ടായപ്പോള്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ എംഎല്‍മാർക്ക് നല്‍കിയ പ്രതിഫലത്തിന്റെ വിശദാംശങ്ങള്‍ ഡയറിയിലുണ്ടെന്നാണ് രാജേന്ദ്ര ഗുധ അവകാശപ്പെടുന്നത്. വിഷയം ബിജെപി ഏറ്റെടുത്തതോടെ ചുവന്ന ഡയറി വിവാദം സംസ്ഥാനത്ത് ചൂടുപിടിച്ചു. നിരവധി കോൺഗ്രസ് നേതാക്കളുടെ അഴിമതികളെപ്പറ്റിയുള്ള രേഖകള്‍ ഡയറിയിലുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇതാണ് പ്രധാനമന്ത്രി പ്രസംഗത്തിൽ സൂചിപ്പിച്ചത്.

രാഹുല്‍ ഗാന്ധിയുടെ 'മൊഹബത്ത് കി ദുകാന്‍' അതായത് 'സ്‌നേഹത്തിന്റെ കട' എന്ന പരാമര്‍ശത്തെ കളിയാക്കി കൊണ്ടാണ് പ്രധാനമന്ത്രി രാജസ്ഥാന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത്

സംസ്ഥാനത്ത് 'സ്‌നേഹത്തിന്റെ കടയ്ക്ക് പകരം കൊള്ളകളുടെയും നുണകളുടെയും കട'യാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രധാനമന്ത്രി വിമർശിച്ചു. ചുവന്ന ഡയറി കോണ്‍ഗ്രസ് സംസ്ഥാനത്ത് നടത്തിയ അഴിമതികളുടെ കണക്കുകള്‍ വെളിപ്പെടുത്തുമെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയത്തിന് കാരണമാകുമെന്നും മോദി പറഞ്ഞു.

ജനങ്ങള്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേരെ ചുവന്ന കൊടി വീശുമ്പോള്‍ മാത്രമേ നരേന്ദ്ര മോദിക്ക് ഇതിനെപ്പറ്റി മനസ്സിലാകൂ
അശോക് ഗെഹ്‌ലോട്ട്

ഉടൻ തന്നെ മറുപടിയുമായി രാജസ്ഥാൻ മുഖ്യമന്ത്രി രംഗത്തെത്തി. ''ചുവന്ന ഡയറി സാങ്കല്‍പ്പികം മാത്രമാണ്. അത്തരത്തിലുള്ളൊരു ഡയറിയില്ല. പ്രധാനമന്ത്രിക്ക് ചുവന്ന ഡയറിയെപ്പറ്റി അറിവുണ്ട്. എന്നാല്‍ രാജ്യത്തെ ചുവന്ന ഗ്യാസ് സിലിണ്ടറിനെപ്പറ്റിയും ചുവന്ന തക്കാളിയെപ്പറ്റിയും അറിവുണ്ടാകില്ല. ഈ രണ്ട് ഉല്‍പ്പന്നങ്ങളുടെയും വിലക്കയറ്റം കാരണം ജനങ്ങളുടെ മുഖം ചുവന്നിരിക്കുന്നതും പ്രധാനമന്ത്രിക്ക് കാണാനാകില്ല. ജനങ്ങള്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേരെ ചുവന്ന കൊടി വീശുമ്പോള്‍ മാത്രമേ നരേന്ദ്രമോദിക്ക് ഇതിനെപ്പറ്റി മനസ്സിലാകൂ''. അശോക് ഗെഹ്‌ലോട്ട് തിരിച്ചടിച്ചു.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി