INDIA

'ജാതിയുടെ പേരില്‍ വിഭജന ശ്രമം'; സെന്‍സസിനെ വിമര്‍ശിച്ച് മോദി, കണക്കിലെടുക്കാതെ സര്‍വകക്ഷിയോഗം വിളിച്ച് നിതീഷ്‌

ഏതെങ്കിലും പാര്‍ട്ടിയുടെ പേരോ സെന്‍സസിനെക്കുറിച്ചോ എടുത്തു പരാമര്‍ശിക്കാതെയായിരുന്നു മോദിയുടെ വിമര്‍ശനം

വെബ് ഡെസ്ക്

ബിഹാറില്‍ നടത്തിയ ജാതി സെന്‍സസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം കടുത്ത വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ജാതിയുടെ പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്നാണ്‌ വിമര്‍ശനം. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച്‌ സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇതിനെതിരെ വിമര്‍ശനം നടത്തിയത്. ഏതെങ്കിലും പാര്‍ട്ടിയുടെ പേരോ സെന്‍സസിനെക്കുറിച്ചോ എടുത്തു പരാമര്‍ശിക്കാതെയായിരുന്നു വിമര്‍ശനം.

ഒരുപാട് വെല്ലുവിളികള്‍ മറികടന്നാണ് സംസ്ഥാനത്ത് ജാതി സര്‍വേ നടത്തിയതെന്ന് സര്‍വേ റിപ്പോര്‍ട്ട് പുറത്ത് വിട്ടതിന് ശേഷം നിതീഷ് കുമാര്‍ പറഞ്ഞിരുന്നു

മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലേറുന്നതിന് മുന്‍പ് സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസിനെ ലാക്കാക്കിയായിരുന്നു മോദിയുടെ ''അന്ന് പാവപ്പെട്ടവരുടെ വികാരങ്ങള്‍ കൊണ്ടാണ് അവര്‍ കളിച്ചത്. ഇന്നും അതേ രീതിയിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. നേരത്തെയും ജാതിയുടെ പേരില്‍ രാജ്യത്തെ വിഭജിച്ചു. ഇന്നും അത് തന്നെയാണ് ചെയ്യുന്നത്. നേരത്തെയും ഇവര്‍ അഴിമതിക്കാരായിരുന്നു. ഇന്ന് അവര്‍ കൂടുതല്‍ അഴിമതിക്കാരാണ്''-മോദി പറഞ്ഞു.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ആദ്യം ചെയ്യുക ജാതി സെന്‍സസ് നടത്തുകയെന്നതായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാത്രമല്ല, ബിഹാറിലെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ രാജ്യത്തൊട്ടാകെ ജാതിസെന്‍സസ് നടത്തണമെന്ന് രാഹുല്‍ ഗാന്ധി സമൂഹമാധ്യമമായ എക്‌സില്‍ കുറിക്കുകയും ചെയ്തു. ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യം കോണ്‍ഗ്രസ് ശക്തമാക്കികൊണ്ടേയിരിക്കുകയാണ്. ഇതിനെതിരേയായിരുന്നു ഇന്ന് മോദിയുടെ ഒളിയമ്പ്.

2014 ല്‍ കര്‍ണാടക ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സര്‍വേ നടത്തിയെങ്കിലും വിവരങ്ങള്‍ പരസ്യപ്പെടുത്തിയിരുന്നില്ല

സാമൂഹിക ശാക്തീകരണ പരിപാടികള്‍ക്ക് കൂടുതല്‍ അടിത്തറ നല്‍കുന്നതിന് ഇത്തരമൊരു സെന്‍സസ് നടത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ബിഹാറിലെ ജനസംഖ്യയുടെ 63 ശതമാനത്തിലധികം പേരും പിന്നോക്ക വിഭാഗക്കാരാണെന്ന് സര്‍വേയില്‍ തെളിഞ്ഞതോടെ രാജ്യത്താകെ ജാതി സെന്‍സസ് നടത്താനുള്ള സമ്മര്‍ദ്ദം വര്‍ധിക്കാനാണ് സാധ്യത. ബിഹാര്‍ രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന സവര്‍ണ്ണ വിഭാഗങ്ങള്‍ വെറും 15.5 ശതമാനം മാത്രമാണെന്ന് ഈ സർവേയിൽ തെളിഞ്ഞു.

സെന്‍സസിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയുള്ള വിശദാംശങ്ങള്‍ പുറത്ത് വിടാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ''ജാതി മാത്രമല്ല എല്ലാവരുടെയും സാമ്പത്തിക സ്ഥിതി സംബന്ധിച്ച വിഷയവും നാളെത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ബിജെപിയുള്‍പ്പെടെയുള്ള നേതാക്കള്‍ ഈ സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കും. ഒരുപാട് വെല്ലുവിളികള്‍ മറികടന്നാണ് സംസ്ഥാനത്ത് ജാതി സര്‍വേ നടത്തിയത് ''- മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ജാതി അടിസ്ഥാനപ്പെടുത്തി സര്‍വേ നടത്തിയതിന് നിതീഷ് കുമാറിന് അഭിനന്ദനവുമായി ലാലു പ്രസാദ് യാദവും തേജസ്വി യാദവും രംഗത്തെത്തിയിരുന്നു. 1931 ലാണ് രാജ്യത്ത് അവസാനമായി ജാതി സെന്‍സസ് നടക്കുന്നത്. എന്നാല്‍ അതിന് ശേഷം ജാതി സര്‍വേ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാണ് ബിഹാര്‍. 2014 ല്‍ കര്‍ണാടക ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സര്‍വേ നടത്തിയെങ്കിലും വിവരങ്ങള്‍ പരസ്യപ്പെടുത്തിയിരുന്നില്ല. ഈ വര്‍ഷം തന്നെ ഒഡീഷയിലും ജാതി അടിസ്ഥാനമാക്കിയുള്ള സര്‍വേ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം