INDIA

രാജ്യം കൂടുതല്‍ ഉദാരവത്കരണത്തിലേക്കോ?; അന്താരാഷ്ട്ര നിക്ഷേപങ്ങൾക്ക് അനുകൂലമായ നയങ്ങൾ വേണമെന്ന് നിതി ആയോഗ് യോഗത്തില്‍ പ്രധാനമന്ത്രി

വെബ് ഡെസ്ക്

രാജ്യത്തെ സാമ്പത്തിക നയങ്ങളില്‍ കൂടുതല്‍ ഉദാരവത്കരണ സാധ്യതകള്‍ സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ നയങ്ങള്‍ അന്താരാഷ്ട്ര നിക്ഷേപങ്ങള്‍ക്ക് അനുയോജ്യമായ തരത്തില്‍ മാറ്റേണ്ടതുണ്ടെന്ന് നിതി ആയോഗ് യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. '' ഈ ദശകം മാറ്റങ്ങളുടേതാണ്. സാങ്കേതികമായും ഭൗമ രാഷ്ട്രീയപരമായും നിരവധി മാറ്റങ്ങള്‍ സംഭവിക്കുന്നു. കൂടാതെ, ഈ ദശകം അവസരങ്ങളുടേതുമാണ്. ഈ അവസങ്ങള്‍ ഇന്ത്യയും കൈവരിക്കണം. നമ്മുടെ നയങ്ങള്‍ അന്താരാഷ്ട്ര നിക്ഷേപങ്ങള്‍ക്ക് അനുയോജ്യമാക്കി മാറ്റണം. ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള പുരോഗതിയുടെ ചവിട്ടുപടിയാണിത്'', അദ്ദേഹം പറഞ്ഞു.

2047-ഓടെ ഇന്ത്യയെ 30 ട്രില്യണ്‍ യുഎസ് ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുകൊണ്ടുളള വികസിത് ഭാരത് പദ്ധതിക്ക് വേണ്ടിയുള്ള ചര്‍ച്ചയ്ക്ക് നിതി ആയോഗ് യോഗത്തില്‍ പ്രധാനമന്ത്രി തുടക്കമിട്ടു. ലോക്‌സഭ തിരഞ്ഞെടുപ്പിലെ തിളക്കം കുറഞ്ഞ വിജയത്തിന് ശേഷം, കൂട്ടുകക്ഷികളുടെ സഹായത്തോടെ വീണ്ടും അധികാരത്തില്‍ വന്ന നരേന്ദ്ര മോദി മുന്‍കാല നയങ്ങളില്‍ മാറ്റം വരുത്തും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുത്തുന്നത്. എന്നാല്‍, കൂടുതല്‍ ഊദാരവത്കരണ സമീപനങ്ങളിലേക്കാണ് മോദി സര്‍ക്കാര്‍ നീങ്ങുന്നത് എന്നാണ് നിതി ആയോഗ് യോഗത്തിലെ മോദിയുടെ പ്രസ്താവനയില്‍ നിന്ന് ലഭിക്കുന്ന സൂചന.

നിതി ആയോഗിന്റെ ഒന്‍പതാമത്തെ യോഗവും മൂന്നാം മോദി സര്‍ക്കാരിന്റെ കാലത്തെ ആദ്യ യോഗവുമാണ് ഇന്ന് നടന്നത്. സര്‍ക്കാരിന്റെ നയങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വന്നതും ജനങ്ങളില്‍ നിന്ന് അകന്നതുമാണ് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിക്കാതിരുന്നതിന് പിന്നിലെ കാരണമെന്ന് ആര്‍എസ്എസ് അടക്കം വിമര്‍ശനം ഉന്നയിച്ചിരുന്നു. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിലും തിരഞ്ഞെടുപ്പ് തിരിച്ചടി മറികടക്കാനുള്ള പദ്ധതികളൊന്നും ഇല്ലായിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ തുറന്ന ഉദാരവത്കരണ നയങ്ങളിലേക്ക് സര്‍ക്കാര്‍ മാറുമെന്ന സൂചന മോദി നല്‍കിയിരിക്കുന്നത്.

നേരത്തെ, നിതി ആയോഗ് യോഗത്തില്‍ നിന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇറങ്ങിപ്പോയിരുന്നു. സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു മമത ഇറങ്ങിപ്പോയത്. അഞ്ച് മിനുറ്റ് മാത്രമാണ് സംസാരിക്കാന്‍ സമയം അനുവദിച്ചതെന്നും തന്റെ മൈക്ക് കട്ട് ചെയ്‌തെന്നും മമത ആരോപിച്ചു.

'സംസ്ഥാന സര്‍ക്കാരുകളോട് വിവേചനം കാണിക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഞാന്‍ ആവശ്യപ്പെട്ടതാണ്. എനിക്ക് സംസാരിക്കണമായിരുന്നു, പക്ഷേ അനുവദിച്ച് നല്‍കിയത് അഞ്ച് മിനുറ്റ് മാത്രമായിരുന്നു. എനിക്ക് മുന്‍പ് സംസാരിച്ചവര്‍ 10 മുതല്‍ 20 മിനുറ്റ് വരെ സംസാരിച്ചു. പക്ഷേ, എനിക്ക് ആ ആനുകൂല്യമുണ്ടായില്ല, ഇത് അപമാനിക്കലാണ്,' മമത വ്യക്തമാക്കി.

നിതി ആയോഗിന്റെ യോഗം മമത ബാനര്‍ജി ഒഴികെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ബഹിഷ്‌കരിച്ചിരുന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചത്. കേന്ദ്ര ബജറ്റിലെ അവഗണ ചൂണ്ടിക്കാണിച്ചായിരുന്നു തീരുമാനം.

ഇവര്‍ക്ക് പുറമേ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആംആദ്മി നേതൃത്വം നല്‍കുന്ന ഡല്‍ഹി, പഞ്ചാബ് സര്‍ക്കാരുകളും ബഹിഷ്‌കരണം പ്രഖ്യാപിച്ചിരുന്നു. പൊതുയോഗത്തില്‍ പ്രതിപക്ഷത്തിന്റെ ശബ്ദം ഉയരേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു മമത പങ്കെടുത്തത്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും