മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള മറുപടി പ്രസംഗത്തില്‍ മണിപ്പൂര്‍ പരാമര്‍ശിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷയത്തില്‍ നിന്നു തെന്നിമാറിയുള്ള പ്രാധനമന്ത്രിയുടെ ഉരുണ്ടുകളിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ഒരുമണിക്കൂര്‍ പിന്നിട്ട മറുപടി പ്രസംഗത്തില്‍ ഇതുവരെയും മണിപ്പൂര്‍ വിഷയം പരാമര്‍ശിക്കാന്‍ അദ്ദേഹം തയാറായില്ല. പ്രതിപക്ഷത്തിനെതിരേ കടുത്ത പരിഹാസം ഉന്നയിക്കാന്‍ മാത്രമായിരുന്നു മോദി ശ്രമിച്ചത് സര്‍ക്കാരിനെതിരേ 'ഇന്ത്യ' കൊണ്ടുവന്ന അവിശ്വാസ പ്രമേയം അനുഗ്രഹമായെന്നും മോദി പറഞ്ഞു.
''അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷം വന്നത് ദൈവാനുഗ്രഹമായി കാണുന്നു. ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസമുണ്ടെന്നും ജനക്ഷേമ പദ്ധതികൾ പാസാക്കാനുളള സമയമാണ് പ്രതിപക്ഷം ഇല്ലാതാക്കിയതെന്നും 2024ലും എൻഡിഎ സർക്കാർ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തി ചരിത്രവിജയം നേടുമെന്നും മോദി ലോക്‌സഭയില്‍ പറഞ്ഞു.
''ഇതിനു മുമ്പ് 2018-ൽ സർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നു. എന്നാൽ 2019-ൽ ജനങ്ങൾ പ്രതിപക്ഷത്തിനെതിരെ അവിശ്വാസ പ്രമേയം പാസാക്കുകയാണ് ചെയ്തത്. ബിജെപി സർക്കാരിൽ ജനം ആവർത്തിച്ച് വിശ്വാസം അർപ്പിക്കുന്നതാണ് കാണാൻ കഴിഞ്ഞത്. നിലവിൽ പ്രതിപക്ഷം കൊണ്ടുവന്നിരിക്കുന്ന അവിശ്വാസ പ്രമേയം സർക്കാരിന് ഗുണകരമായിരിക്കുകയാണ്. 2024-ൽ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സർക്കാരിന് റെക്കോർഡ് ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്താൻ ഇത് സഹായിക്കും''- മോദി വ്യക്തമാക്കി.
പ്രതിപക്ഷത്തിന് അധികാരത്തോട് അടങ്ങാത്ത ആർത്തിയാണെന്നും മോദി പരിഹസിച്ചു. ''സുപ്രധാന നിയമനിർമാണങ്ങളിൽ നിന്നും പ്രതിപക്ഷം വിട്ടുനിന്നു ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്.അവിശ്വാസപ്രമേയത്തില്‍ പ്രതിപക്ഷം തുടര്‍ച്ചയായി നോബോള്‍ എറിയുകയാണ്. സര്‍ക്കാരാകട്ടെ സെഞ്ചുറിയടിക്കുകയും ചെയ്യുന്നു. പ്രതിപക്ഷത്തിന് രാജ്യത്തോടല്ല പ്രതിബദ്ധത മറിച്ച് അവർക്ക് എപ്പോഴും അവരുടെ പാർട്ടിയെക്കുറിച്ച് മാത്രമാണ് ചിന്ത'' - പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് മോദി പറഞ്ഞു.
അവിശ്വാസ പ്രമേയത്തില്‍ പങ്കെടുത്ത സംസാരിച്ച എല്ലാവരുടെയും പ്രസംഗം കേട്ടുവെന്നും എന്നാല്‍ തന്നെ ആശ്ചര്യപ്പെടുത്തിയത് അവിശ്വാസം അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് അവരുടെ സഭാ നേതാവിലെ അനുവദിച്ചില്ലെന്നും കോണ്‍ഗ്രസിന് തങ്ങളുടെ സഭാനേതാവില്‍ തന്നെ അവിശ്വാസമാണെന്നും മോദി പരിഹസിച്ചു. അവിശ്വാസ പ്രമേയത്തിൽ അധീർ രഞ്ജന്റെ പേരില്ലായിരുന്നുവെന്നും അദ്ദേഹത്തിന് അവസരം നൽകിയത് അമിത് ഷാ ആണെന്നും ഗൃഹപാഠം പോലും നടത്താതെയാണ് പ്രതിപക്ഷം ചർച്ചയ്ക്ക് വന്നതെന്നും പരിഹസിച്ചു ചൂണ്ടിക്കാട്ടി.
''കോൺഗ്രസിനെ ഈ രാജ്യത്തെ ജനങ്ങൾക്ക് വിശ്വാസമില്ല. 1962 മുതൽ തമിഴ്നാട് കോൺഗ്രസിനോട് അവിശ്വാസം കാട്ടുന്നു. 1972 മുതൽ ബംഗാൾ ജനത കോൺഗ്രസിനെ പുറത്തുനിർത്തിയിരിക്കുകയാണ്. ത്രിപുരയും ഒഡീഷയും യുപിയും കോൺഗ്രസിനെ പുറത്താക്കി. 1988 മുതൽ നാഗലൻഡിൽ കോൺഗ്രസ് ഭരണമില്ല. രാജ്യത്തെ ദരിദ്രരുടെ വിശപ്പിനെക്കാൾ കോൺഗ്രസിന് അധികാരത്തിന്റെ വിശപ്പാണ് വലുത്. രാജ്യത്തെ ജനങ്ങളെ ഒറ്റുകൊടുക്കുന്നവരാണ് പ്രതിപക്ഷമെന്നും മോദി ചൂണ്ടിക്കാട്ടി. പേര് മാറ്റിയതുകൊണ്ട് വിജയിക്കാനാവില്ല. മരിച്ച യുപിഎ നവീകരിച്ചതാണ് ഇന്ത്യ''- മോദി പറഞ്ഞു.
പ്രതിപക്ഷത്തിനെതിരെയുളള വിമർശത്തിന് പിന്നാലെ എൻഡിഎ സർക്കാരിന്റെ നേട്ടങ്ങളെയും മോദി എണ്ണിപ്പറഞ്ഞു. ''ഐഎംഎഫിന്റെ കണക്കിൽ ഇന്ത്യയിൽ ദാരിദ്ര്യം കുറഞ്ഞു. രാജ്യത്ത് ഇതുവരെ 13.5കോടി ജനങ്ങൾ ദാരിദ്രത്തിൽ നിന്നും മുക്തി നേടി. ജൽജീവൻ മിഷൻ 4 ലക്ഷം കുടുംബങ്ങളിലേക്കെത്തി. ഇത് ഇന്ത്യയുടെ സുവർണ കാലഘട്ടമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെയാണ്. ഏത് മണ്ഡലത്തിൽ നോക്കിയാലും ഇന്ത്യയുടെ വളർച്ച പ്രകടമാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ചില ജൽപ്പനങ്ങൾ നടക്കുന്നു. എന്നാല്‍ ജനം അത് തള്ളിക്കളയും'' മോദി പറഞ്ഞു.
''പ്രതിപക്ഷത്തിന് രാജ്യത്തിലെ യുവാക്കളെ ക്കുറിച്ച് ഒരു ചിന്തയുമില്ല. നിർണായക ബില്ലുകളിൽ പോലും അവർ രാഷ്ട്രീയം കളിക്കാനാണ് ശ്രമിക്കുന്നത്. ബിജെപി ഇതിനോടകം അഴിമതി മുക്തി ഭരണം നേടിയിരിക്കുകയാണ്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ നശിക്കാൻ പ്രതിപക്ഷം ആഗ്രഹിച്ചപ്പോൾ അവ ഇരട്ടി ലാഭത്തിലായിരിക്കുകയാണ്. എച്ച്.എ.എല്‍ തകർന്നുവെന്ന് പ്രചരിപ്പിച്ചപ്പോൾ അവരും നേട്ടം കൊയ്തിരിക്കുകയാണ്. എല്‍ഐസിയിലെ പണം പോയെന്ന് പ്രചരിപ്പിച്ചപ്പോൾ അവരുടെ ഓഹരി മൂല്യം കൂടിയിരിക്കുകയാണെന്നും പറഞ്ഞുകൊണ്ട് രാജ്യത്തിന്റെ വികസനങ്ങളെ മോദി അക്കമിട്ട് നിരത്തിയാണ് പ്രതിപക്ഷത്തെ കടന്നാക്രമിച്ചത്.