INDIA

'ഭരണഘടനയില്‍ പുതിയ അധ്യായം'; ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പിനോട് നിയമ കമ്മീഷനും എതിര്‍പ്പില്ല

വെബ് ഡെസ്ക്

രാജ്യം ലോക് സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം വീണ്ടും ചര്‍ച്ചയാകുന്നു. തിരഞ്ഞെടുപ്പ് രീതി പുതുക്കുന്നതിനോട് ദേശീയ നിയമ കമ്മീഷനും എതിര്‍പ്പില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ എന്നതിലേക്ക് മാറാന്‍ ഭരണഘടനാ ഭേദഗതി നിയമ കമ്മീഷന്‍ ശിപാര്‍ശ ചെയ്തേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2029 ലെ പൊതു തിരഞ്ഞെടുപ്പിന് ഒപ്പം ലോക്‌സഭാ, സംസ്ഥാന അസംബ്ലികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുക എന്ന നിലയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇതിനായി ഭരണ ഘടനയില്‍ പുതിയ അധ്യായമോ പുതിയ ഭാഗമോ കൂട്ടിച്ചേര്‍ക്കുന്ന നിലയിലുള്ള ഭേദഗതിയാണ് റിട്ട. ജസ്റ്റിസ് ഋതു രാജ് അവസ്തിയുടെ കീഴിലുള്ള നിയമ കമ്മീഷന്‍ മുന്നോട്ട് വയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിയമനിർമാണ സഭകളുടെ കാലാവധി മൂന്ന് ഘട്ടങ്ങളായി സമന്വയിപ്പിക്കാനും പാനൽ ശിപാർശ ചെയ്തേക്കും. ഇതുവഴി 19-ാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുമ്പോൾ 2029 മെയ്-ജൂൺ മാസങ്ങളിൽ ആദ്യത്തെ ഒരേസമയം തിരഞ്ഞെടുപ്പ് നടത്താനാകും എന്നാണ് കണക്ക് കൂട്ടൽ.

ഒരേസമയം തിരഞ്ഞെടുപ്പ്, ലോക്‌സഭ, സംസ്ഥാന നിയമസഭകൾ, പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ എന്നിവയുടെ പൊതു വോട്ടർ പട്ടിക എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഭരണഘടനയുടെ പുതിയ അധ്യായത്തിൽ ഉൾപ്പെടുത്തുക. ഒന്നിച്ച് തിരഞ്ഞെടുപ്പ് നടക്കുകയും എന്നാല്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ സർക്കാരുകള്‍ക്കാകാതെ വന്നാല്‍ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുള്ള ഒരു ഏകീകൃത സർക്കാർ രൂപീകരിക്കാനായിരിക്കും ശ്രമിക്കുക. ഏകീകൃത സർക്കാർ ഫോർമുല പ്രവർത്തിക്കുന്നില്ലെങ്കിൽ, സഭയുടെ ശേഷിക്കുന്ന കാലയളവിലേക്ക് പുതിയ തിരഞ്ഞെടുപ്പ് നടത്തുക എന്നിങ്ങനെയുള്ള വിഷയങ്ങളും ശിപാര്‍ശയില്‍ ഉള്‍പ്പെട്ടേക്കും.

നിയമ കമ്മീഷന് പുറമെ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഒരു ഉന്നതതല സമിതിയും ഇതേ വിഷയത്തിൽ പഠനം നടത്തുന്നുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും