INDIA

എന്താണ് കേന്ദ്രത്തിന്റെ 'ഡാറ്റ സുരക്ഷ'? ദ ഫോർത്ത് പുറത്തുവിട്ട കോവിഡ് വിവരച്ചോര്‍ച്ച ദേശീയതലത്തില്‍ ചര്‍ച്ചയാകുന്നു

'ശക്തമായ ഡാറ്റ സുരക്ഷ' നല്‍കുന്നുവെന്ന് മോദി സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ പാസ്പോര്‍ട്ട് നമ്പര്‍, ആധാര്‍ നമ്പര്‍ മുതലായവ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ എങ്ങനെ ചോര്‍ന്നുവെന്ന ചോദ്യം പ്രസക്തമാണ്

വെബ് ഡെസ്ക്

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ സ്വകാര്യ വിവരങ്ങള്‍ ടെലഗ്രാമിലൂടെ ചോര്‍ന്ന സംഭവം ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയാകുന്നു. ദ ഫോര്‍ത്ത് പുറത്തുവിട്ട വാര്‍ത്തയ്ക്ക് പിന്നാലെ രാജ്യത്തെ രാഷ്ട്രീയ, ഉദ്യോഗസ്ഥ മേഖലയിലെ പ്രമുഖരുടെ വിവരങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍, മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരം, കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ എന്നിവരുടെ വിവരങ്ങള്‍ പങ്കുവച്ച് ആക്ടിവിസ്റ്റ് സാകേത് ഗോഖലെ വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ടു. ദേശീയ പ്രാധാന്യമുള്ള വിഷയമെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. രാജ്യസഭാ വൈസ് ചെയര്‍മാന്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ വാക്സിനേഷൻ വിവരങ്ങളും സാകേത് ഗോഖലെ ട്വീറ്റിലൂടെ പങ്കുവച്ചു.

'ശക്തമായ ഡാറ്റ സുരക്ഷ' നല്‍കന്നുവെന്ന് മോദി സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ പാസ്പോര്‍ട്ട് നമ്പര്‍, ആധാര്‍ നമ്പര്‍ മുതലായവ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ എങ്ങനെ ചോര്‍ന്നുവെന്ന വിദഗ്ധരുടെ ചോദ്യം പ്രസക്തമാണ്. ആധാര്‍, പാസ്പോര്‍ട്ട് നമ്പറുകള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരുടെ നിർണായക വ്യക്തിഗത ഡാറ്റകള്‍ എങ്ങനെ പുറത്തുവന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരം നല്‍കേണ്ടതുണ്ടെന്നും ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷന്‍സ്, ഐടി വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വിഷയത്തില്‍ മറുപടി നല്‍കണം എന്നും സാകേത് ഗോഖലെ ട്വീറ്റില്‍ ആവശ്യപ്പെട്ടു.

ദ ഫോർത്ത് വാർത്തയ്ക്ക് പിന്നാലെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തിയ ടെലഗ്രാം ബോട്ടിന്റെ പ്രവര്‍ത്തനം നിലച്ചു. നിലവില്‍ ഫോണ്‍ നമ്പര്‍ അടിച്ചു കൊടുക്കുമ്പോള്‍ 'ആധാറും നമ്പര്‍ സെര്‍ച്ചും ഇപ്പോള്‍ ലഭ്യമല്ല' എന്ന സന്ദേശമാണ് ബോട്ടില്‍നിന്ന് ലഭിക്കുന്നത്. 'ഞങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്' എന്ന കുറിപ്പും ദ ഫോര്‍ത്ത് പുറത്തുവിട്ട വാര്‍ത്തയുടെ ലിങ്കും ചേര്‍ത്താണ് മറുപടി സന്ദേശം ലഭിക്കുന്നത്.

ഇന്നലെയാണ് കൊവിന്‍ ആപ്പിലൂടെ രജിസ്റ്റര്‍ ചെയ്ത വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്ന വിവരം ദ ഫോര്‍ത്ത് പുറത്തുവിട്ടത്. ചാറ്റ് ബോട്ടില്‍ ഒരാളുടെ മൊബൈല്‍ നമ്പറോ ആധാര്‍ കാര്‍ഡ് നമ്പറോ അയച്ച് നല്‍കിയാല്‍ അവരുടെ പേര്, ഫോണ്‍നമ്പര്‍, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, ജനന തീയതി, വാക്‌സിന്‍ സ്വീകരിച്ച കേന്ദ്രത്തിന്റെ പേര് എന്നിവ മറുപടിയായി ലഭിക്കുന്നു.

കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുമായി ബന്ധപ്പെട്ട രേഖകളാണ് ഇങ്ങനെ ലഭ്യമാകുന്നത്. ഏത് വാക്‌സിനാണ് സ്വീകരിച്ചത്, ഏത് കേന്ദ്രത്തിൽ സ്വീകരിച്ചു എന്നിവയും അറിയാന്‍ സാധിക്കുമായിരുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം