കോണ്‍ഗ്രസിനെ ചുരുക്കി മടക്കി മുന്നേറുമ്പോഴും പ്രാദേശിക പാര്‍ട്ടികള്‍ ബിജെപിക്ക് വലിയ വെല്ലുവിളിയാകുകയാണ്. തമിഴ്‌നാട്ടില്‍ ഡിഎംകെയും ബിഹാറില്‍ ആര്‍ജെഡിയും ജെഡിയുവും യുപിയില്‍ അധികാരത്തിലില്ലെങ്കിലും എസ്പിയും ബിജെപിക്ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസും പശ്ചിമ ബംഗാളില്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസും ഒഡീഷയില്‍ നവീന്‍ പട്‌നായിക്കിന്റെ ബിജെഡിയും കോട്ടകെട്ടി തങ്ങളുടെ സാമ്രാജ്യം സംരക്ഷിച്ചുവരുന്നു.
ബിജെപിയെപ്പോലെ കോണ്‍ഗ്രസിനെയും പടിയകലത്തില്‍ നിര്‍ത്താന്‍ ഇവര്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ മമതയും സ്റ്റാലിനും മറ്റു പ്രാദേശിക നേതാക്കളും ചെയ്യുന്നതുപോലെ ജഗന്‍ മോഹന്‍ റെഡ്ഡിയും നവീന്‍ പട്‌നായിക്കും ബിജെപിയുമായി നേരിട്ടൊരു യുദ്ധത്തിന് ഇതുവരെയും മുതിര്‍ന്നിട്ടില്ല. സംസ്ഥാന ബിജെപിയുമായി കലഹിക്കുമ്പോഴും കേന്ദ്ര നേതൃത്വവുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാനാണ് ഇരുകൂട്ടരും ശ്രമിച്ചുപോന്നത്. സുപ്രധാന ബില്ലുകളിലെ ചര്‍ച്ചകളില്‍ പാര്‍ലമെന്റില്‍ ബിജെപിയെ പിന്തുണയ്ക്കുന്ന ശീലം മാറ്റാന്‍ ബിജെഡി തയാറായിട്ടില്ല.
എന്നാല്‍ ഡല്‍ഹി ബിജെപിയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുമ്പോഴും, ഒഡീഷയില്‍ ബിജെപിയെ അടുപ്പിക്കാന്‍ നവീന്‍ തയാറല്ല. എങ്ങനെയാണ് ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും 'കടന്നുകയറ്റത്തില്‍' നിന്ന് ബിജെഡി രക്ഷപ്പെടുന്നത്? വികസനം മുതല്‍ ജനകീയതവരെയുള്ള കാരണങ്ങള്‍ നവീന്‍ അനുകൂലികള്‍ പറഞ്ഞുനടക്കുമെങ്കിലും പ്രധാന കാരണങ്ങളിലൊന്ന് പ്രാദേശികവാദമാണ്. ഭാഷാ സ്‌നേഹം മുതല്‍ സാസ്‌കാരിക മൂല്യങ്ങളുടെ പ്രചാരണം വരെ എടുത്തു പ്രയോഗിക്കുന്നുണ്ട് നവീന്‍ ഒഡീഷയില്‍. തമിഴ്‌നാട്ടില്‍ ദ്രാവിഡ കക്ഷികള്‍ ചെയ്തുവരുന്നതിന്റെ മറ്റൊരു പതിപ്പ് കാണാന്‍ സാധിക്കും ഒഡീഷയില്‍. എന്നാല്‍, ഹിന്ദിവത്കരണത്തിന് വേണ്ടി അഹോരാത്രം വാദിക്കുന്ന ബിജെപി, നവീന്റെ ഈ കളികള്‍ക്ക് നേരെ കണ്ണടയ്ക്കുകയാണ്.
ഭാഷ വച്ചുള്ള കളി
ഇത്തവണയും പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണ ആയുധങ്ങളിലൊന്ന് ഭാഷയാണെന്ന സൂചനയാണ് ബിജെഡി ക്യാമ്പുകള്‍ നല്‍കുന്നത്. ഫെബ്രുവരിയില്‍ 'ബിശ്വ ഒഡിയ ഭാഷാ സമ്മിളനി' നടത്താന്‍ ഒരുങ്ങുകയാണ് ബിജെഡി സര്‍ക്കാര്‍. നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടുമുന്‍പ് നടത്താന്‍ പോകുന്ന പരിപാടി, സര്‍ക്കാരിന്റെ പിആര്‍ വര്‍ക്കാണെന്ന് ബിജെപിയും കോണ്‍ഗ്രസും ഇതിനോടകം ആരോപിച്ചതും അപകടം മണത്താണ്. 'ഡല്‍ഹി സ്വപ്‌നങ്ങളില്ലാത്ത', ഒഡീഷയുടെ സംസ്‌കാരവും ഭാഷയും വികാരവും സംരക്ഷിക്കുന്നവരാണ് തങ്ങളെന്നും കോണ്‍ഗ്രസും ബിജെപിയും ഡല്‍ഹിയിലുള്ളവരുടെ കളിപ്പാവകളാണെന്നും നവീന്‍ പട്‌നായിക് നിരന്തരം പറയും.
2000-ല്‍ അധികാരത്തിലേറിയത് മുതല്‍ ഒഡിയ ഭാഷയെ പ്രോത്സാഹിപ്പിക്കാന്‍ നവീന്‍ പട്‌നായിക് ശ്രമിക്കുന്നുണ്ട്. 2011ല്‍ ഒറീസയെന്ന പേര് മാറ്റി ഒഡീഷ എന്നാക്കി. സംസ്ഥാനത്തിന്റെ ശരിക്കുള്ള പേര് ഒഡീഷ എന്നാണെന്നും ബ്രിട്ടീഷുകാര്‍ അതിനെ ഒറീസയാക്കിയതാണ് എന്നുമായിരുന്നു നവീന്‍ പട്‌നായിക്കിന്റെ വാദം.
ഒഡിയയെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കുന്ന 1954-ലെ ഔദ്യോഗിക ഭാഷ നിയമം 2016-ല്‍ നവീന്‍ പൊടിതട്ടിയെടുത്തു. ഒഡിയ ഭാഷ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉപയോഗിക്കാത്ത ജീവനക്കാര്‍ക്ക് ശിക്ഷ വിധിക്കുന്ന ബില്‍ 2018-ല്‍ നിയമസഭ പാസാക്കി. 2013-ല്‍ ഒഡിയയെ ക്ലാസിക്കല്‍ ഭാഷയാക്കണമെന്ന് നവീന്‍ പട്‌നായിക് ആവശ്യപ്പെട്ടിരുന്നു. 2014-ല്‍ കേന്ദ്രസര്‍ക്കാര്‍ മലയാളം, തെലുഗു, കന്നഡ,സംസ്‌കൃതം, തമിഴ് ഭാഷകള്‍ക്കൊപ്പം ഒഡിയയേയും ക്ലാസിക് ഭാഷയായി പ്രഖ്യാപിച്ചു. 2018-ല്‍ പണിയാരംഭിച്ച ഒഡിയ സര്‍വകലാശാല തിരഞ്ഞെടുപ്പു നടക്കുന്ന വര്‍ഷമായ 2024-ല്‍ ഉദ്ഘാടനം ചെയ്യാനാണ് നവീന്‍ പട്‌നായിക് ലക്ഷ്യമിടുന്നത്.
നവീന്‍ പട്‌നായിക്കിന്റെ രാഷ്ട്രീയ പിന്‍ഗമായായി രംഗപ്രവേശം ചെയ്യുമെന്ന് കണക്കുകൂട്ടുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ വി കെ പാണ്ഡ്യനാണ് 'ബിശ്വ ഒഡിയ ഭാഷാ സമ്മിളനി' പരിപാടിയുടെ മുഖ്യ ആസൂത്രകനും നടത്തിപ്പുകാരനും. ദേശീയ, അന്താരാഷ്ട്ര ഭാഷ പണ്ഡിതരെ ഉള്‍പ്പെടുത്തി നടത്തുന്ന പരിപാടിയെ 'ഒഡിയ ഭാഷയുടെ ഉത്സവം' എന്നാണ് പാണ്ഡ്യന്‍ വിശേഷിപ്പിക്കുന്നത്. ഈ നീക്കത്തിലൂടെ യുവാക്കളിലും വിദ്യാര്‍ഥികളിലും ഒഡിയ വികാരം ഉയര്‍ത്തിവിടാനാകുമെന്നും ഇത് തങ്ങള്‍ക്ക് കൂടുതല്‍ മുതല്‍ക്കൂട്ടാകുമെന്നും ബിജെഡി പ്രതീക്ഷിക്കുന്നു.
അതേസമയം, ബിജെഡി സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ക്ലാസിക് ഭാഷയായി പ്രഖ്യാപിച്ച ഒഡിയയെ സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ ഇത്തരമൊരു മേള നടത്തുന്നത് പ്രഹസനമാണ് എന്നാണ് കോണ്‍ഗ്രസ് വാദിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളിലും സര്‍വകലാശാലകളിലും ഒഡിയ അധ്യാപകര്‍ക്ക് വേണ്ടിയുള്ള ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുമ്പോള്‍ പട്‌നായിക്കിന്റെ ഭാഷാ പ്രേമം വോട്ടിന് വേണ്ടിയാണെന്ന് കോണ്‍ഗ്രസ് തുറന്നടിക്കുന്നു. വോട്ട് നേടാന്‍ വേണ്ടിയുള്ള ബിജെഡിയുടെ മറ്റൊരു ഗിമ്മിക്ക് ആണ് പരിപാടി എന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് നടത്തുന്നതുപോലുള്ള ശക്തമായ വിമര്‍ശനങ്ങള്‍ ബിജെപിയുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. അതിനുപിന്നിലും ചില കാരണങ്ങളുണ്ട്.
ബിജെപിക്ക് ബാലികേറാമലയല്ല ഒഡീഷ
തമിഴ്‌നാട്ടില്‍ ബിജെപിയും ദ്രാവിഡ പാര്‍ട്ടികളും തമ്മില്‍ ഹിന്ദി-തമിഴ് തര്‍ക്കം പതിവാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പോലും ഈ പോരില്‍ നേരിട്ട് പങ്കാളിയാവുകയും ഡിഎംകെയുമായി ഏറ്റുമുട്ടുകയും ചെയ്യുന്നു. തമിഴ്‌നാട്ടില്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ല എന്ന വസ്തുതയാണ് അതിരുകടന്ന ഭാഷാ പോരിന് ബിജെപിയെ പ്രേരിപ്പിക്കുന്നത്. എന്നാല്‍, ഒഡീഷ അങ്ങനെയല്ല. ബിജെഡി കഴിഞ്ഞാല്‍ സംസ്ഥാനത്ത് വേരോട്ടമുള്ള പ്രധാന പാര്‍ട്ടിയാണ് ബിജെപി.
146 അംഗ നിയമസഭയില്‍ 2019-ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 23 സീറ്റാണ് കിട്ടിയത്. 112 സീറ്റിന്റെ മൃഗീയഭൂരിപക്ഷമാണ് ബിജെഡിക്ക് ഉള്ളത്. കോണ്‍ഗ്രസിന് 9 സീറ്റ്. 2014-ല്‍ ബിജെപിക്ക് 16 സീറ്റായിരുന്നു. 2004-ല്‍ ബിജെഡി 61 സീറ്റും കോണ്‍ഗ്രസ് 38 സീറ്റും നേടിയ തിരഞ്ഞെടുപ്പില്‍, 32 എണ്ണം പിടിച്ച് ബിജെപി മൂന്നാം കക്ഷിയായി. ബിജെഡി രൂപീകൃതമായ ശേഷം ആദ്യം നടന്ന 2000-ലെ തിരഞ്ഞെടുപ്പില്‍ ബിജെപി ആയിരുന്നു മുഖ്യപ്രതിപക്ഷം. അന്ന് ബിജെഡി 68 സീറ്റ് നേടിയപ്പോള്‍ ബിജെപി 38 സീറ്റ് നേടി.
നിലവില്‍ ബിജെപിക്ക് ഒഡീഷയില്‍ നിന്ന് 8 എംപിമാരുണ്ട്. ബിജെഡിക്ക് 12 പേരും. മോദി തരംഗം വീശിയടിച്ച 2014-ല്‍ പക്ഷേ ബിജെപി നേട്ടമുണ്ടാക്കിയില്ല. 1 സീറ്റില്‍ ഒതുങ്ങി. 1999-ലാണ് ബിജെപിക്ക് ലോക്‌സഭയിലേക്ക് ഏറ്റവും കൂടുതല്‍ സീറ്റ് കിട്ടിയത്. 9 സീറ്റുകള്‍ അന്ന് പാര്‍ട്ടി നേടി. ഒഡീഷയില്‍ ഏറിയും കുറഞ്ഞും സ്വാധീനം നിലനിര്‍ത്തിപ്പോരാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. നവീന്‍ പട്‌നായിക് കാലത്തിന് ശേഷം ബിജെഡി തകര്‍ച്ചയിലേക്ക് പോകുമെന്ന് കണക്കുകൂട്ടുന്നുണ്ട് ബിജെപി. സംയമനത്തോടെ നീങ്ങാനാണ് ശ്രമം. ഭാഷാ, പ്രാദേശിക വാദ പ്രചാരണങ്ങള്‍ക്ക് പിന്നാലെ പോകാതെ, വികസനം ചൂണ്ടിക്കാട്ടി പ്രചാരണത്തിന് ഇറങ്ങാനാണ് ബിജെപി നീക്കം.